ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിനിരയായി ഡോക്ടറുടെ 48 ലക്ഷം രൂപ നഷ്ടമായി. ഉത്തര്‍പ്രദേശിലെ ലഖ്നൗ സ്വദേശിയായ ഡോ. അശോക് സോളങ്കിക്കാണ് പണം നഷ്ടമായത്.
|
ആഗസ്ത് 20നാണ് ഡോക്ടറെ മുംബൈയിലെ ഫഡക്സ് കൊറിയര്‍ സര്‍വീസിലെ ജീവനക്കാരനാണെന്ന് പറഞ്ഞൊരാള്‍ വിളിക്കുന്നത്. സോളങ്കിയുടെ പേരിലെത്തിയ പാഴ്സലില്‍ വ്യാജ പാസ്പോര്‍ട്ടുകളും ലാപ്ടോപ്പുകളും പെന്‍ഡ്രൈവുകളും മരുന്നുകളും ഉണ്ടെന്നും ഇത് ഇറാനിലേക്ക് അയയ്ക്കാനുള്ളതാണെന്നും വിളിച്ചയാള്‍ പറഞ്ഞു. ഇതോടെ ഡോക്ടര്‍ പരിഭ്രാന്തനായി. ഇതിനു പിന്നാലെ മുംബൈ ക്രൈംബ്രാഞ്ച് ഡപ്യൂട്ടി കമ്മീഷണര്‍ എന്ന് പരിചയപ്പെടുത്തി മറ്റൊരാള്‍ സ്കൈപ്പില്‍ വിളിച്ചു.
സോളങ്കിയുടെ ബാങ്ക് അക്കൗണ്ടിലൂടെ കോടിക്കണക്കിനു രൂപ കൈമാറ്റം ചെയ്തിട്ടുണ്ടെന്നും ഇതിന്റെ അന്വേഷണത്തിന്റെ ഭാഗമായി അക്കൗണ്ടില്‍ കിടക്കുന്ന പണം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ അക്കൗണ്ടുകളിലേക്ക് മാറ്റണമെന്നും അന്വേഷണ ശേഷം തിരിച്ചുനല്‍കാമെന്നും തട്ടിപ്പ് സംഘം ഡോക്ടറെ വിശ്വസിപ്പിച്ചു.
ഇതേത്തുടര്‍ന്ന് അക്കൗണ്ടിലുണ്ടായിരുന്ന 48 ലക്ഷം രൂപ തട്ടിപ്പുകാര്‍ നല്കിയ അക്കൗണ്ട് നമ്പരിലേക്ക് ഡോക്ടര്‍ അയച്ചുനല്‍കുകയും ചെയ്തു. ഇതിനു ശേഷമാണ് തട്ടിപ്പ് തിരിച്ചറിയുന്നതും പരാതി നല്‍കുന്നതും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലാണ് ഇത്തരത്തില്‍ തട്ടിപ്പ് നടന്നുവരുന്നത്. അധികൃതര്‍ ഇതേക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നുണ്ടെന്നും വീണ്ടും വീണ്ടും തട്ടിപ്പ് തുടരുകയാണ്.





