02
Sep 2024
Fri
02 Sep 2024 Fri
Congress high command reprimands Himachal minister for controversial remark

ന്യൂഡല്‍ഹി: ബി.ജെ.പി ഭരിക്കുന്ന യോഗി ആദിത്യനാഥിന്റെ ഉത്തര്‍പ്രദേശിലെ മാതൃകയില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന ഹിമാചല്‍പ്രദേശിലും ഭക്ഷ്യശാലകള്‍ക്ക് മുന്നില്‍ ഉടമകളുടെ പേര് പ്രദര്‍ശിപ്പിക്കണമെന്ന മന്ത്രിയുടെ വര്‍ഗീയ സ്വഭാവമുള്ള നിര്‍ദേശം വിവാദമായതോടെ പാര്‍ട്ടി ഇടപെട്ടു. നിര്‍ദേശം നല്‍കിയ കോണ്‍ഗ്രസിന്റെ നഗരവികസന മന്ത്രി വിക്രമാദിത്യ സിങ്ങിനെ പാര്‍ട്ടി ഹൈക്കമാന്‍ഡ് ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു. വിവാദപ്രസ്താവനകള്‍ നടത്തരുതെന്ന് മന്ത്രിയെ ശാസിച്ചതായും അദ്ദേഹത്തിന്റെ പരാമര്‍ശങ്ങളില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആശങ്ക പ്രകടിപ്പിച്ചതായും പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഉത്തര്‍പ്രദേശില്‍ നടപ്പാക്കിയതുപോലുള്ള കര്‍ശനനിയമം ഹിമാചല്‍പ്രദേശിലും നടപ്പാക്കാന്‍ പോകുകയാണെന്ന് അവകാശപ്പെട്ടാണ് കഴിഞ്ഞദിവസം മന്ത്രി വിവാദ പ്രസ്താവന ഇറക്കിയത്. ഭക്ഷണശാലകളില്‍ ഭക്ഷണത്തിന്റെ ലഭ്യതയെക്കുറിച്ചുള്ള ജനങ്ങളുടെ ഭയവും ആശങ്കകളും കണക്കിലെടുത്താണ് ഈ തീരുമാനമെടുത്തതെന്നും മന്ത്രി പറയുകയുണ്ടായി. പിന്നാലെ മന്ത്രിയുടെ നിലപാടിനെ കോണ്‍ഗ്രസ് നേതാവും ഛത്തീസ്ഗഡ് മുന്‍ ഉപമുഖ്യമന്ത്രിയുമായ ടി.എസ് സിങ് ദിയോ തള്ളിയിരുന്നു. നഗരവികസന മന്ത്രാലയത്തിന്റെ ഉത്തരവ് അപലപനീയവും വിവേചനപരവുമായ നടപടിയാണെന്നാണ് ടി.എസ് സിങ് ദിയോ പ്രതികരിച്ചത്.

Congress high command reprimands Himachal minister for controversial remark

എന്തുകൊണ്ടാണ് ഈയൊരു തീരുമാനം എടുത്തതെന്ന് മനസ്സിലാകുന്നില്ല. കാവട് യാത്രയ്ക്കിടെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ആണ് ഇത്തരത്തിലൊരു വിവാദ തീരുമാനം ആദ്യം കൈക്കൊണ്ടത്. പാര്‍ട്ടി ഭരിക്കുന്ന സ്ഥലങ്ങളിലും എന്തിനാണ് കടകള്‍ക്ക് മുന്നില്‍ വ്യക്തികളുടെ പേര് വയ്ക്കുന്നത്? അതിന്റെ പിന്നിലെ യുക്തി മനസ്സിലാകുന്നില്ല. നിങ്ങള്‍ വ്യക്തിയെയല്ല വില്‍ക്കുന്നത് മറിച്ച് അതിലെ ഉല്‍പ്പന്നമാണ്. അതിനാല്‍ വ്യക്തിയുടെ പേര് പറയേണ്ട ആവശ്യമില്ല- അദ്ദേഹം പറഞ്ഞു.

എന്നാല്‍, വിക്രമാദിത്യസിങ്ങിന്റെ പ്രസ്താവനയെ ന്യായീകരിക്കുകയാണ് സുഖ് വീന്ദര്‍ സിങ് സുഖു മന്ത്രിസഭയിലെ അനിരുദ്ധ് സിങ് ചെയ്തത്. ഏതൊരു സംസ്ഥാനത്തിനും സ്വതന്ത്രമായി നിയമങ്ങള്‍ ഉണ്ടാക്കാന്‍ പൂര്‍ണ്ണ അധികാരമുണ്ടെന്ന് ഗ്രാമവികസനമന്ത്രി അനിരുദ്ധ് സിങ് പറഞ്ഞു. കടകളില്‍ പേരുകള്‍ സ്ഥാപിക്കുന്നതില്‍ തെറ്റില്ല. പ്രമുഖ വ്യവസായ സ്ഥാപനങ്ങള്‍ പോലംും അങ്ങിനെ ചെയ്യാറുണ്ടെന്നും പുറത്തുനിന്നുള്ള കച്ചവടക്കാരെ മനസ്സിലാക്കാന്‍ ഇത് സഹായിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

നേരത്തെ ഷിംലയിലെ സഞ്ചൗലി മുസ്ലിം പള്ളിക്കെതിരേ ഹിന്ദുത്വ സംഘടനകള്‍ സമരം ചെയ്യുമ്പോള്‍, സംഘ്പരിവാരിന് സഹായകരമാകുന്ന വിധത്തില്‍ പരസ്യപ്രസ്താവനനടത്തിയ അനിരുദ്ധ് സിങ്ങിന്റെ നടപടി വിവാദമായിരുന്നു. പള്ളി നിയമവിരുദ്ധമാണെന്നായിരുന്നു മന്ത്രി സഭയില്‍ പറഞ്ഞത്. സിങ്ങിനെ പിന്നീട് കോണ്‍ഗ്രസ് തിരുത്തുകയായിരുന്നു.

Congress high command reprimands Himachal minister for controversial remark