അബുദാബി: വനിതാ ടി 20 ലോകകപ്പ് മല്‍സരങ്ങള്‍ ഇന്ന് UAE യിൽ തുടക്കമാകും. ഷാര്‍ജയിലും, ദുബായിലുമായാണ് മല്‍സരങ്ങള്‍ നടക്കുക. യുഎഇ സമയം ഉച്ചക്ക് രണ്ടിന് ഷാര്‍ജയില്‍ നടക്കുന്ന ഉദ്ഘാടന മല്‍സരത്തില്‍ ബംഗ്ലാദേശ് അയര്‍ലന്‍ഡിനെ നേരിടും. വൈകുന്നേരം ആറിന് ദുബായിൽ നടക്കുന്ന രണ്ടാമത്തെ മത്സരത്തിൽ പാകിസ്ഥാന്‍ ശ്രീലങ്കയുമായി ഏറ്റുമുട്ടും.
|
നാളെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. വൈകീട്ട് ദുബായില്‍ ന്യൂസിലന്‍ഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മാച്ച്. ഈമാസം ആറിന് ഉച്ചയ്ക്ക് രണ്ടിനായിരിക്കും ഏവരും കാത്തിരിക്കുന്ന ഇന്ത്യ – പാക് പോരാട്ടം. ഇതുവരേ കിരീടം സ്വന്തമാക്കാത്ത ഇന്ത്യൻ വനിതാ ടീമിന് ഇത്തവണ ഏതുവിധേനയും കപ്പ് നേടണമെന്ന ലക്ഷ്യമാണുള്ളത്. 2020ല്‍ ഇന്ത്യ ആദ്യമായി ടി20 ലോകകപ്പ് ഫൈനലിലെത്തി. എന്നാല്‍ അപ്രതീക്ഷിതമായി ഓസ്ട്രേലിയയോട് കീഴടങ്ങി. ക്രിക്കറ്റില്‍ മികവ് പുലര്‍ത്തുന്ന ഓസീസ് വനിതാ ടീം ഇതുവരെ ആറ് തവണയാണ് ലോക കിരീടം നേടിയത്.

വയനാട് മാനന്തവാടി സ്വദേശി സജ്ന സജീവന്‍, തിരുവനന്തപുരം പേരൂര്‍ക്കട സ്വദേശി ആശാ ശോഭന എന്നീ മലയാളികള്‍ കൂടി ദേശീയ ടീമിൻ്റെ ഭാഗമാണ്. ഇന്ത്യയുടെ എല്ലാമല്‍സരങ്ങള്‍ക്കും ദുബായ് ക്രിക്കറ്റ് സ്റ്റേഡിയാണ് വേദി. പുരുഷ-വനിതാ മല്‍സരങ്ങളുടെ സമ്മാനതുക ഏകീകരിച്ചതിന് ശേഷം നടക്കുന്ന ആദ്യ ലോകകപ്പാണിത്.
ആകെ 10 ടീമുകളാണ് ഇത്തവണ ടൂർണമെന്‍റിൽ മാറ്റുരയ്ക്കുന്നത്. അഞ്ച് ടീമുകളെ രണ്ട് ഗ്രൂപ്പുകളായി തിരിച്ച് ഒരു മത്സരത്തിൽ മറ്റ് ടീമുകളുമായി ഏറ്റുമുട്ടും. ലീഗ് ഘട്ടത്തിലെ രണ്ട് ഗ്രൂപ്പുകളിൽ നിന്നും ആദ്യ രണ്ട് സ്ഥാനങ്ങൾ നേടുന്ന ടീമുകൾ സെമിയിലേക്ക് എത്തും.
ICC Women’s T20 World Cup 2024 kickoff today


