01
Oct 2024
Sat
01 Oct 2024 Sat
man rescued by fire force after he suffers stroke during cuting tree

പത്തനംതിട്ടയിലെ വള്ളിക്കോട് കോട്ടയത്ത് അന്തിച്ചന്ത ജങ്്ഷനിലെ സ്വകാര്യസ്ഥാപന വളപ്പിലെ തേക്കുമരത്തിനു മുകളില്‍ വച്ച് പക്ഷാഘാതമുണ്ടായ മരംവെട്ട് തൊഴിലാളിയെ സഹായി കയര്‍ കൊണ്ട് മരത്തില്‍ ബന്ധിച്ചു സുരക്ഷിതനാക്കി. വിവരമറിഞ്ഞെത്തിയ ഫയര്‍ഫോഴ്‌സ് സംഘം തൊഴിലാളിയെ സുരക്ഷിതമായി താഴെയിറക്കുകയും ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കോന്നി കുമ്മണ്ണൂര്‍ സ്വദേശിയായ തടത്തരികത്തുചരിവ് കാലായില്‍ ജലീലി(49)നാണ് മരം വെട്ടുന്നതിന്റെ ഭാഗമായി മരച്ചില്ല മുറിക്കുന്നതിനിടെ പക്ഷാഘാതമുണ്ടായത്. ശരീരത്തിന്റെ ഇടതുഭാഗത്തിന് തളര്‍ച്ച അനുഭവപ്പെട്ട ജലീല്‍ വീഴാനായുന്നത് കണ്ട് ഒപ്പമുണ്ടായിരുന്ന സഹായി മലയാലപ്പുഴ സ്വദേശി പ്രസാദ് ഉടന്‍ കയറുപയോഗിച്ച് ജലീലിനെ മരത്തോടു ബന്ധിക്കുകയായിരുന്നു.

പിന്നാലെ വിവരം പത്തനംതിട്ട ഫയര്‍ഫോഴ്‌സില്‍ അറിയിച്ചു. അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫിസര്‍ എ സാബുവിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തുകയും സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫിസര്‍ എ പി ദില്ലു, എസ് സതീശന്‍, എസ് ശ്രീകുമാര്‍ എന്നിവര്‍ മരത്തിനു മുകളില്‍ കയറി ജലീലിനെ റെസ്‌ക്യൂ നെറ്റില്‍ കയറ്റി മറ്റു സേനാംഗങ്ങളുടെ സഹായത്താല്‍ താഴേക്ക് ഇറക്കുകയുമായിരുന്നു. ഫയര്‍ഫോഴ്‌സിന്റെ ജീപ്പിലാണ് ജലീലിനെ ആശുപത്രിയിലെത്തിച്ചത്.