30
Oct 2024
Tue
30 Oct 2024 Tue
delhi university malayali students

ന്യൂഡല്‍ഹി: ഡല്‍ഹി യൂനിവേഴ്‌സിറ്റിയിലെ സാക്കിര്‍ ഹുസൈന്‍ കോളജില്‍ പഠിക്കുന്ന മലയാളി മുസ്ലിം വിദ്യാര്‍ഥികളെ താമസ സ്ഥലത്ത് നിന്ന് ബലം പ്രയോഗിച്ച് പുറത്താക്കി.(Islamophobia; Malayali students of Delhi University were evicted from their accommodation)  ലക്ഷ്മി നഗറിലെ അപാര്‍ട്ട്‌മെന്റില്‍ നിന്നാണ് ഒക്ടോബര്‍ രണ്ടിന് ഇവരെ ശാരീരികമായി കൈയേറ്റം ചെയ്യുകയും പുറത്താക്കുകയും ചെയ്തത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആറാഴ്ച്ച മുമ്പാണ് വിദ്യാര്‍ത്ഥികള്‍ അപാര്‍ട്ട്‌മെന്റിലെത്തിയത്. നാല് നിലയുള്ള കെട്ടിടത്തിലെ മൂന്നാം നിലയിലാണ് ഇവര്‍ താമസിച്ചിരുന്നു. മറ്റ് നിലകളില്‍ വേറെയും താമസക്കാറുണ്ടായിരുന്നു.

കോളജിലെ സുഹൃത്തുക്കളെ വീട്ടിലേക്ക് ക്ഷണിച്ചതിന് പിന്നാലെയാണ് പ്രശ്‌നങ്ങള്‍ രൂക്ഷമായത്. വിദ്യാര്‍ത്ഥികള്‍ പ്രശ്‌നം സൃഷ്ടിക്കുന്നുവെന്നാരോപിച്ച അയല്‍വാസികള്‍ രാത്രി 11 മുതല്‍ രാവിലെ 5 മണിവരെ അകത്തേക്കു കയറുന്നതിനും പുറത്തേക്കു പോകുന്നതിനും വിലക്കേര്‍പ്പെടുത്തി.

ഏതാനും ദിവസങ്ങള്‍ക്കു ശേഷം അര്‍ധരാത്രിയില്‍ വിദ്യാര്‍ത്ഥികളെ അപാര്‍ട്ട്‌മെന്റില്‍ നിന്ന് പുറത്താക്കിയതോടെയാണ് കാര്യങ്ങള്‍ സംഘര്‍ഷഭരിതമായത്. സഹല്‍, സഫ്വാന്‍, അമീന്‍ എന്നീ വിദ്യാര്‍ത്ഥികളാണ് ആക്രമിക്കപ്പെട്ടത്. ഒന്നാം നിലയില്‍ താമസിക്കുന്ന ഒരു യുവതിയും അവരുടെ ബന്ധുവെന്ന് പരിചയപ്പെടുത്തിയ ആളും ചേര്‍ന്ന് വിദ്യാര്‍ത്ഥികള്‍ ഉടന്‍ ഒഴിഞ്ഞു പോവണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

അവര്‍ വിദ്യാര്‍ത്ഥികളോട് അതിക്രമം കാണിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. കുട്ടികള്‍ തന്നോട് ലൈംഗിക അതിക്രമം കാട്ടി എന്നാണ് യുവതി ആദ്യം അവകാശപ്പെട്ടത്. എന്നാല്‍, പിന്നീട് അത് ചുമലില്‍ ഇടിച്ചു എന്നാക്കി. എന്നാല്‍, അങ്ങിനെ ഒരു സംഭവം നടന്നിട്ടില്ലെന്ന് വീഡിയോ ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായി.

പിന്നീട് ഇവരെ ബലം പ്രയോഗിച്ച് പുറത്താക്കി ഗെയ്റ്റ് പൂട്ടുകയായിരുന്നു. സഹലിന്റെ കഴുത്ത് പിടിച്ച് ഞെരിക്കുന്നതും ഒന്നിലധികം പേര്‍ ചേര്‍ന്ന് മര്‍ദ്ദിക്കുന്നതും ഇതിന്റെ വീഡിയോ ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. സംഘര്‍ഷത്തിനിടെ മുസ്ലിംകള്‍ക്ക് ഇവിടെ താമസിക്കാന്‍ സ്ഥലം നല്‍കരുതെന്ന് കെട്ടിടത്തിന്റെ രജിസ്ട്രിയില്‍ ഉണ്ടെന്ന് അക്രമികളിലൊരാള്‍ പറഞ്ഞു. എന്നാല്‍, അങ്ങിനെയൊരു നിബന്ധന ഇല്ലെന്നാണ് കെട്ടിട ഉടമ പറയുന്നത്.

സംഭവ സ്ഥലത്തെത്തിയ പോലീസ് തങ്ങളോട് വിവേചനപരമായി പെരുമാറിയെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. യുവതിയെയും ബന്ധുവിനെയും സ്വന്തം വാഹനത്തില്‍ പോലീസ് സ്‌റ്റേഷനിലേക്ക് വരാന്‍ അനുവദിച്ചപ്പോള്‍ വിദ്യാര്‍ത്ഥികളെ പോലീസ് വാഹനത്തിലാണ് കൊണ്ടുപോയത്. സ്‌റ്റേഷനില്‍ വാഷ്‌റൂം പോലും ഉപയോഗിക്കാന്‍ അനുവദിക്കാത്ത രീതിയില്‍ പോലീസ് മോശമായി പെരുമാറി. എന്നാല്‍, യുവതിക്കും സുഹൃത്തിനും എല്ലാ സൗകര്യങ്ങളും അനുവദിച്ചു.

പിന്നീട് മുസ്ലിം ലീഗ് എംപി അഡ്വ. ഹാരിസ് ബീരാന്‍ വിഷയത്തില്‍ ഇടപെട്ടതോടെയാണ് പോലീസ് വീഡിയോ ദൃശ്യങ്ങള്‍ പരിശോധിക്കാനും വിദ്യാര്‍ത്ഥികളുടെ ഭാഗം കേള്‍ക്കാനും തയ്യാറായത്.

കൂടുതല്‍ പ്രശ്‌നങ്ങളൊഴിവാക്കാന്‍ താമസ സ്ഥലത്ത് നിന്ന് ഒഴിഞ്ഞു പോകാന്‍ കെട്ടിട ഉടമ വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടു. ഡല്‍ഹിയിലെ ലക്ഷ്മി നഗര്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ താമസിക്കാന്‍ സ്ഥലം ലഭിക്കുന്നതിന് മുസ്ലിംകള്‍ വലിയ പ്രയാസം നേരിടുന്നതായി വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.