29
Oct 2024
Tue
29 Oct 2024 Tue

മുംബൈ: കോണ്‍ഗ്രസിനെ കര്‍ണാടകയില്‍ അധികാരത്തിലേറാന്‍ സഹായിച്ച തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനുഗോലു തന്നെ മഹാരാഷ്ട്രയിലും പാര്‍ട്ടിക്കായി തന്ത്രങ്ങള്‍ മെനയും. ഡല്‍ഹിയില്‍ ഇന്നലെ വൈകീട്ടോടെ ചേര്‍ന്ന അവലോകനയോഗത്തില്‍ സുനില്‍ കനുഗോലുവും സംബന്ധിച്ചു. മഹാരാഷ്ട്രയിലെ പ്രചാരണരീതികള്‍ അദ്ദേഹം യോഗത്തില്‍ വിശദീകരിച്ചു. പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയ്ക്കുള്ള നിര്‍ദ്ദേശങ്ങളും അദ്ദേഹം പങ്കുവച്ചു. കോണ്‍ഗ്രസും എന്‍.സി.പിയും (ശരദ് പവാര്‍ വിഭാഗം) ശിവസേനയും (ഉദ്ധവ് താക്കറെ വിഭാഗം) ഉള്‍പ്പെടുന്ന മഹാ വികാസ് അഘാഡി സഖ്യത്തിനെതിരായ വിമത സ്ഥാനാര്‍ഥികളെ പിന്തുണച്ച് പരമാവധി ജാതി, സമുദായ വോട്ടുകള്‍ ഭിന്നിപ്പിക്കുകയെന്ന ബി.ജെ.പി നീക്കത്തെ എങ്ങിനെ ചെറുക്കാമെന്നും യോഗത്തില്‍ സുനില്‍ കനുഗോലു വിശദീകരിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കേറ്റ കനത്ത തിരിച്ചടിയില്‍നിന്ന് പാഠം ഉള്‍ക്കൊണ്ട് മഹാരാഷ്ട്രയില്‍ ശ്രദ്ധയോടെ നീങ്ങാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു. ഭരണവിരുദ്ധവികാരവും ബി.ജെ.പിയിലെ അനൈക്യവും സംസ്ഥാനത്തുണ്ടായ അനുകൂലവികാരവും ഉണ്ടായിട്ടും ഹരിയാനയില്‍ പാര്‍ട്ടിക്കേറ്റ തിരിച്ചടി മഹാരാഷ്ട്രയില്‍ ആര്‍ത്തിക്കരുതെന്ന് ഹൈക്കമാന്‍ഡ് ശക്തമായ മുന്നറിയിപ്പാണ് സംസ്ഥാനഘടകത്തിന് നല്‍കിയത്.സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളുടെ ഭാഗത്തുനിന്നുള്ള അമിത ആത്മവിശ്വാസത്തിനും അലംഭാവത്തിനുമെതിരേ കേന്ദ്രനേതൃത്വം മഹാരാഷ്ട്ര നേതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി.

പുതിയ സാഹചര്യത്തില്‍ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും പങ്കെടുത്ത അവലോകനയോഗം ഡല്‍ഹിയില്‍ ചേര്‍ന്നു. അമിത ആത്മവിശ്വാസം ഒഴിവാക്കാനും ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പ് നേരിടാനും ഹരിയാനയിലെ ഫലത്തില്‍നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊള്ളാനും രാഹുലും ഖാര്‍ഗെയും മഹാരാഷ്ട്ര നേതാക്കളോട് ആവശ്യപ്പെട്ടു. പ്രകടനപത്രികയ്ക്ക് അന്തിമരൂപം നല്‍കാന്‍ കോണ്‍ഗ്രസും സഖ്യകക്ഷികളും തമ്മിലുള്ള കൂടിക്കാഴ്ചകള്‍ ഇതിനകം മുംബൈയില്‍ നടന്നു.

Congress paying attention to Maharashtra; Sunil Kanugolu will strategize