15
Oct 2024
Thu
15 Oct 2024 Thu

വാഷിങ്ടണ്‍/ ലണ്ടന്‍: ഖലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിങ് നെജ്ജാറിന്റെ കൊലപാതകക്കേസില്‍ കാനഡയുമായുള്ള ഇന്ത്യയുടെ നയതന്ത്രബന്ധം വഷളായിരിക്കെ ഇന്ത്യാവിരുദ്ധ നിലപാടില്‍ ഒന്നിച്ച് യു.എസ്സും ബ്രിട്ടണും. കാനഡയുടെ നിയമനടപടികളുമായി ഇന്ത്യ സഹകരിക്കണമെന്ന് യു.എസ്സും ബ്രിട്ടണും ആവശ്യപ്പെട്ടു. കാനഡയുടെ ആരോപണം അതീവ ഗൗരവമുള്ളതാണെന്നും ഇന്ത്യ അന്വേഷണത്തോട് സഹകരിക്കണമെന്നും യു.എസ് വിദേശകാര്യ വക്താവ് മാത്യു മില്ലര്‍ ആവശ്യപ്പെട്ടു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആരോപണങ്ങള്‍ ഗൗരവമായി കാണേണ്ടതുണ്ട്. കാനഡയുമായും അവരുടെ അന്വേഷണവുമായും ഇന്ത്യ സഹകരിക്കുന്നത് കാണാന്‍ ആഗ്രഹമുണ്ട്. പക്ഷേ, ഇന്ത്യ മറ്റൊരു പാത തെരഞ്ഞെടുത്തതാണ് കാണുന്നത്. വിഷയത്തിന്റെ വ്യാപ്തി മനസിലാക്കി ഇരുരാജ്യങ്ങളുമായി സംസാരിക്കാന്‍ ആഗ്രഹിക്കുന്നതായും യു.എസ് വ്യക്തമാക്കി.

അതേസമയം, വിവിധ മേഖലകളില്‍ യു.എസും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തമായി തുടരുമെന്നും പ്രസ്താവനയില്‍ അറിയിച്ചു. നിജ്ജാര്‍ വിഷയത്തില്‍ മുമ്പും സമാന നിലപാടാണ് യു.എസ് സ്വീകരിച്ചത്. മറ്റൊരു ഖലിസ്ഥാന്‍ നേതാവ് പന്നുവിനെതിരേ അമേരിക്കയില്‍ നടന്ന വധശ്രമവുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ധോവല്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ കഴിഞ്ഞമാസം യു.എസ് കോടതി സമണ്‍സ് പുറപ്പെടുവിച്ചിരുന്നു.

കാനഡയുടെ നീതിന്യായ വ്യവസ്ഥയില്‍ വിശ്വാസമുണ്ടെന്നും അവിടെ നടക്കുന്ന അന്വേഷണവുമായി സഹകരിക്കുകയാണ് ഇന്ത്യ ചെയ്യേണ്ടതെന്നും ബ്രിട്ടണ്‍ അറിയിച്ചു. ഓരോ രാജ്യത്തിന്റെയും പരമാധികാരമാണ് വലുതെന്നും അതു കണക്കിലെടുത്ത് കാനഡയുടെ അന്വേഷണത്തോട് സഹകരിക്കുകയാണ് ഇന്ത്യ ചെയ്യേണ്ടതെന്നും യു.കെ ഫോറിന്‍ കോമണ്‍വെല്‍ത്ത് ആന്‍ഡ് ഡവലപ്‌മെന്റ് ഓഫിസ് (എഫ്.സി.ഡി.ഒ) മന്ത്രാലയം ഇറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ് സ്റ്റാമറുമായി കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഫോണില്‍ സംസാരിച്ചതിന് പിന്നാലെയാണ് ഇക്കാര്യത്തില്‍ ബ്രിട്ടണ്‍ നിലപാട് വ്യക്തമാക്കിയത്.

കഴിഞ്ഞവര്‍ഷം ജൂണിലാണ് കനേഡിയന്‍ പ്രവിശ്യയായ ബ്രിട്ടീഷ് കൊളംബിയയിലെ സുറേയിലുള്ള ഗുരുദ്വാരയ്ക്ക് സമീപത്തുവച്ച് അജ്ഞാതന്‍ നിജ്ജാറിനെ വെടിവച്ചുകൊന്നത്.

നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കാനഡയിലുള്ള സിഖ് സമൂഹത്തോട് വിവരങ്ങള്‍ പങ്കുവയ്ക്കാന്‍ അഭ്യര്‍ഥിച്ച് റോയല്‍ കനേഡിയന്‍ മൗണ്ടഡ് പൊലിസ് (ആര്‍.സി.എം.പി). കൊലപാതകം, ഭീഷണിപ്പെടുത്തല്‍ എന്നിവയുള്‍പ്പെടെ കനേഡിയന്‍ മണ്ണിലെ അക്രമ പ്രവര്‍ത്തനങ്ങളുമായി ഇന്ത്യന്‍ സര്‍ക്കാരിനെ ബന്ധിപ്പിക്കുന്ന ആരോപണങ്ങളുമായി ബന്ധപ്പെടുത്താന്‍ സാധിക്കുന്ന വിവരങ്ങള്‍ നല്‍കാനാണ് അഭ്യര്‍ഥന. ജനങ്ങള്‍ കാനഡയിലേക്ക് വരുന്നത് സുരക്ഷിതമായിരിക്കാനാണെന്നും നിയമപാലകര്‍ എന്ന നിലയില്‍ ഞങ്ങളുടെ ജോലി രാജ്യത്ത് സുരക്ഷിത അന്തരീക്ഷം ഒരുക്കുക എന്നതാണെന്നും ആര്‍.സി.എം.പി മേധാവി പറഞ്ഞു.

US and Britain united in their anti-India stance in the Nijjar murder case