ന്യൂഡല്‍ഹി: സുപ്രിം കോടതി ചീഫ് ജസ്റ്റി ഡിവൈ ചന്ദ്രചൂഡ് നവംബര്‍ 10ന് വിരമിക്കുന്ന സാഹചര്യത്തില്‍ ആ സ്ഥാനത്തേക്ക് ആരു വരുമെന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ സജീവമായി.(Who will be next Supreme court chief justice?) മുതിര്‍ന്ന ജഡ്ജിമാരില്‍ രണ്ടാമനായ സഞ്ജീവ് ഖന്നയെ അടുത്ത ചീഫ് ജസ്റ്റിസായി ചന്ദ്രചൂഡ് ശുപാര്‍ശ ചെയ്തതായാണ് റിപോര്‍ട്ട്.
|
സ്ഥാനമൊഴിയുന്ന ചീഫ് ജസ്റ്റിസ് പിന്‍ഗാമിയെ നിര്‍ദേശിക്കുന്നത് കീഴ്വഴക്കമാണ്. പൊതുവേ ഇത് കേന്ദ്രം അംഗീകരിക്കാറാണ് പതിവ്. ശുപാര്‍ശ കേന്ദ്ര നിയമകാര്യ വകുപ്പ് അംഗീകരിച്ചാല്‍ രാജ്യത്തിന്റെ 51-ാമത് ചീഫ് ജസ്റ്റിസായി സഞ്ജീവ് ഖന്ന നിയമിതനാകും. 2025 മെയ് 13 ന് വിരമിക്കുന്ന സഞ്ജീവ് ഖന്നക്ക് ആറ് മാസമാകും ചീഫ് ജസ്റ്റിസ് പദവിയില്‍ ഇരിക്കാനാവുക.
ALSO READ: തൊഴിലാളികള്‍ക്കു മുന്നില്‍ മുട്ടുമടക്കി സാംസങ്; ഒരു മാസത്തിലേറെയായി തുടരുന്ന സമരം അവസാനിപ്പിച്ചു
സഞ്ജീവ് ഖന്നയെ പിന്‍ഗാമിയായി ചുമതലപ്പെടുത്തണമെന്ന് അഭ്യര്‍ത്ഥിച്ച് കഴിഞ്ഞ ആഴ്ച സര്‍ക്കാരിന് ചന്ദ്രചൂഡ് കത്തെഴുതിയിരുന്നു.
1983 ലാണ് ജസ്റ്റിസ് ഖന്ന ഡല്‍ഹി ബാര്‍കൗണ്‍സിലില്‍ നിന്ന് എന്റോള്‍ ചെയ്യുന്നത്. ആദ്യം തീസ് ഹസാരി കോംപ്ലക്‌സിലെ ജില്ലാ കോടതികളില്‍ പ്രാക്ടീസ് ചെയ്ത അദ്ദേഹം പിന്നീട് ഡല്‍ഹി ഹൈക്കോടതിയിലേക്കും ട്രൈബ്യൂണലുകളിലേക്കും മാറി. ഡല്‍ഹി ഹൈക്കോടതിയില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ അഡീഷ്ണല്‍ പബ്ലിക് പ്രോസിക്യൂട്ടറായും അമിക്കസ് ക്യൂറിയായും പ്രവര്‍ത്തിച്ചിരുന്നു.
ആദായനികുതി വകുപ്പിന്റെ സീനിയര്‍ സ്റ്റാന്‍ഡിംഗ് കൗണ്‍സലായി ദീര്‍ഘകാലം സേവനമനുഷ്ഠിച്ച അദ്ദേഹം 2004-ല്‍ ദേശീയ തലസ്ഥാനമായ ഡല്‍ഹിയുടെ സ്റ്റാന്‍ഡിംഗ് കൗണ്‍സലായി നിയമിതനായി. 2005-ല്‍ ഡല്‍ഹി ഹൈക്കോടതിയുടെ അഡീഷണല്‍ ജഡ്ജിയായ ജസ്റ്റിസ് ഖന്ന 2006-ല്‍ സ്ഥിരം ജഡ്ജിയായി മാറി. 2019 ജനുവരി 18-ന് ആണ് അദ്ദേഹം സുപ്രിംകോടതി ജഡ്ജിയായത്.
മദ്യനയ കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് മെയ് 10ന് ഇടക്കാല ജാമ്യം നല്‍കി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രചാരണം നല്‍കാന്‍ അനുവദിച്ചത് ജസ്റ്റിസ് സഞ്ജീവ് ഖന്ന ഉള്‍പ്പെട്ട ബെഞ്ചാണ്. നികുതി സംവിധാനങ്ങളിലും വാണിജ്യ നിയമങ്ങളിലും വിദഗ്ധനായ ഖന്ന നിരവധി നിര്‍ണായക വിധികളുടെ ഭാഗമായിട്ടുണ്ട്.
2024 ഏപ്രിലില്‍, വിവിപാറ്റും ഇവിഎമ്മിലെ വോട്ടുകളും ക്രോസ് വെരിഫിക്കേഷന്‍ നടത്തണമെന്ന ഹരജി ജസ്റ്റിസ് ഖന്ന തള്ളിയിരുന്നു. ഇവിഎമ്മിലും തിരഞ്ഞെടുപ്പ് കമ്മീഷനിലും ജനങ്ങള്‍ക്കുള്ള വിശ്വാസ്യത പ്രധാനമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഈ വിധി.
തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ നിയമിക്കുന്നത് സംബന്ധിച്ച നിയമം സ്റ്റേ ചെയ്യണമെന്ന ഹരജി തള്ളിയതാണ് മറ്റൊരു വിധി. എന്നാല്‍, ധൃതിപ്പെട്ട് കമ്മീഷണര്‍മാരെ നിയമിച്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ അദ്ദേഹം വിമര്‍ശിക്കുകയും ചെയ്തിരുന്നു.
ഇലക്ടൊറല്‍ ബോണ്ട് സ്‌കീമിന്റെ ഭരണഘടന സാധുത റദ്ദാക്കിയ ബെഞ്ചിലും ആര്‍ട്ടിക്കില്‍ 370 റദ്ദാക്കിയ കേന്ദ്രതീരുമാനത്തെ അംഗീകരിച്ച ബെഞ്ചിലും ജസ്റ്റിസ് ഖന്ന ഉള്‍പ്പെട്ടിരുന്നു.


