ചെന്നൈ: സാംസങിനെതിരെ 37 ദിവസമായി തുടരുന്ന സമരം അവസാനിപ്പിച്ച് തൊഴിലാളികള്‍. തൊഴിലാളികളുടെ ആവശ്യങ്ങള്‍ തമിഴ്നാട് ശ്രീപെരുംപുത്തൂരിലെ സാംസങ് പ്ലാന്റിലെ അധികൃതര്‍ അംഗീകരിച്ചതിന് പിന്നാലെയാണ് സമരം അവസാനിപ്പിക്കാന്‍ തീരുമാനമുണ്ടായത്.
|
മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ ചുമതലപ്പെടുത്തിയ നാല് മന്ത്രിമാരുടെ നേതൃത്വത്തില്‍ നടത്തിയ അനുരഞ്ജന ചര്‍ച്ചയിലാണ് സാംസങ് തൊഴിലാളികള്‍ക്ക് മുമ്പില്‍ മുട്ടുകുത്തിയത്. സി.ഐ.ടി.യുവിന്റെ നേതൃത്വത്തിലാണ് സാംസങ് പ്ലാന്റിനെതിരെ സമരം നടന്നത്.
സെപ്റ്റംബര്‍ ഒമ്പത് മുതലാണ് സാംസങ്ങിനെതിരായ സമരം തുടങ്ങിയത്. മെച്ചപ്പെട്ട വേതനം, മെച്ചപ്പെട്ട സൗകര്യങ്ങള്‍, ട്രേഡ് യൂണിയന് അംഗീകാരം ലഭിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് തൊഴിലാളികള്‍ മുന്നോട്ടു വച്ചത്. കമ്പനിയിലെ 1800 തൊഴിലാളികളില്‍ 800 പേര്‍ ഒഴികെ ബാക്കി 1000 പേരും പണിമുടക്കിന്റെ ഭാഗമായിരുന്നു.
ALSO READ: പാലക്കാട് 30 ലക്ഷം രൂപ കവര്‍ന്നതിന് പിന്നില്‍ ഐഎസ് ബന്ധമെന്ന് എന്‍ഐഎ
നിലവില്‍ ക്ഷേമ പദ്ധതികള്‍ ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ നടപ്പാക്കുമെന്ന് സാംസങ് ഉറപ്പ് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് സമരം അവസാനിപ്പിച്ചത്. സമരത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ പ്രതികാര നടപടികള്‍ ഉണ്ടാകില്ലെന്നും സാംസങ് ഉറപ്പു നല്‍കിയിട്ടുണ്ട്. തൊഴിലാളി യൂണിയന് അംഗീകാരം നല്‍കണമെന്ന് സി.ഐ.ടി.യു ആവശ്യം ഉന്നയിച്ചതിന് പിന്നാലെയാണ് സമരം നീണ്ടുപോയത്.
നേരത്തെ ശ്രീപെരുമ്പത്തൂര്‍ സാംസങ് ഫാക്ടറിയില്‍ പണിമുടക്കിയ തൊഴിലാളികളെയും യൂണിയന്‍ നേതാക്കളെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സി.ഐ.ടി.യു ദേശീയ വൈസ് പ്രസിഡന്റ് എ. സൗന്ദരരാജന്‍, സംസ്ഥാന സെക്രട്ടറി എസ്.ഐ.ഡബ്ല്യൂ യൂണിയന്‍ പ്രസിഡന്റ് ഇ. മുത്തുകുമാര്‍ അടക്കമുള്ളവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സ്വകാര്യഭൂമിയിലാണെന്ന് കാണിച്ച് പ്രതിഷേധക്കാരുടെ സമര പന്തല്‍ പൊലീസ് പൊളിച്ചു നീക്കുകയുമുണ്ടായി.


