പാലക്കാട്: പാലക്കാട്ടെ സ്ഥാനാര്‍ഥിത്വത്തെ ചൊല്ലി കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞ് നില്‍ക്കുന്ന കെപിസിസി ഡിജിറ്റല്‍ സെല്‍ അദ്ധ്യക്ഷന്‍ പി സരിന്‍ ഒതുങ്ങുന്നു. പാര്‍ട്ടിയില്‍ നിന്ന് രാജിവയ്ക്കില്ലെന്നും ഇന്ന് വീണ്ടും മാധ്യമങ്ങളെ കാണുമെന്നും സരിന്‍ അറിയിച്ചു.
|
ഇന്നത്തെ വാര്‍ത്താ സമ്മേളനത്തില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ കൂടുതല്‍ വിമര്‍ശനങ്ങള്‍ പി സരിന്‍ ഉന്നയിക്കുമെന്നാണ് അറിയുന്നത്. പാര്‍ട്ടി തീരുമാനങ്ങളെ കുറിച്ച് തനിക്ക് പറയാനുള്ളത് ഇനിയും പറയും എന്ന നിലപാടാണ് സരിനെടുക്കുക. തിരുത്തല്‍ ശക്തിയായി പൊതുസമൂഹത്തില്‍ അടയാളപ്പെടുത്താനാണ് സരിന്റെ ശ്രമം.
അതേ സമയം, സരിനെതിരെ കോണ്‍ഗ്രസ് ഉടന്‍ നടപടി സ്വീകരിക്കില്ല. സരിന്‍ നടത്തിയ പ്രസ്താവനയില്‍ അച്ചടക്ക ലംഘനമില്ലെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. സരിന്റെ തുടര്‍നീക്കങ്ങള്‍ നിരീക്ഷിച്ചതിന് ശേഷമായിരിക്കും കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നടപടി. ഇന്നത്തെ വാര്‍ത്താസമ്മേളനം നിരീക്ഷിക്കും.
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് സരിന്‍ വാര്‍ത്താ സമ്മേളനത്തില്‍ ഉന്നയിച്ചത്. സ്ഥാനാര്‍ത്ഥിത്വം പുനപരിശോധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ പ്രഹസനമാണെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുമ്പ് തന്നെ രാഹുല്‍ ഗാന്ധിക്കും മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കും കത്തയച്ചിരുന്നുവെന്നും സരിന്‍ സൂചിപ്പിച്ചിരുന്നു.
എന്നാല്‍ പി സരിനെ തള്ളി കെപിസിസി അച്ചടക്ക സമിതി അധ്യക്ഷന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ രംഗത്തെത്തി. പാര്‍ട്ടി തീരുമാനത്തിന് വിധേയപ്പെട്ട് പോവുക എന്നതാണ് ഉത്തരവാദിത്തമെന്ന് ചൂണ്ടിക്കാട്ടിയ തിരുവഞ്ചൂര്‍, പി സരിന്‍ നേതൃത്വത്തിന് കീഴടങ്ങണമെന്നും ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് കമ്മിറ്റി അംഗങ്ങളുടെ അഭിപ്രായം കേട്ടാണ് ഹൈക്കമാന്‍ഡിന് ലിസ്റ്റ് കൈമാറിയത്. പാര്‍ട്ടി തീരുമാനം കാത്തിരുന്ന് കാണാമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രതികരിച്ചു.
സരിനെ തള്ളി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ അടക്കമുള്ളവരും രംഗത്തെത്തിയിരുന്നു. പാലക്കാട് യാതൊരു പ്രശ്നവുമില്ല. മികച്ച സ്ഥാനാര്‍ത്ഥിയെയാണ് കൂടിയാലോചനയിലൂടെ പ്രഖ്യാപിച്ചത്. ഷാഫി പറമ്പിലിനേക്കാള്‍ ഭൂരിപക്ഷം രാഹുലിന് ലഭിക്കുമെന്നും വി ഡി സതീശന്‍ പറഞ്ഞിരുന്നു.





