26
Oct 2024
Mon
26 Oct 2024 Mon
BJP minister Prahlad Joshi brother

ബെംഗളൂരു: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ ബിജെപി ടിക്കറ്റ് തരപ്പെടുത്താമെന്ന് വാഗ്ദാനം ചെയ്ത് രണ്ട് കോടി രൂപ തട്ടിയ കേന്ദ്രമന്ത്രിയുടെ സഹോദരനും മകനും അറസ്റ്റില്‍.(BJP miniter Prahlad Joshi’s brother and son arrested for 2 crore rupees fraud)  കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിയുടെ സഹോദരന്‍ ഗോപാല്‍ ജോഷി, ഇയാളുടെ മകന്‍ അജയ് ജോഷി എന്നിവരാണ് പിടിയിലായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കര്‍ണാടകയിലെ ജനതാദള്‍ സെക്യുലര്‍ മുന്‍ എംഎല്‍എ ദേവാനന്ദ് ചവാന്റെ ഭാര്യ സുനിത ചവാന്റെ പരാതിയിലാണ് നടപടി. മഹാരാഷ്ട്രയിലെ കോലാപൂരില്‍നിന്നാണ് ബംഗളൂരു പൊലീസ് പ്രതികളെ പിടികൂടിയത്.

കോലാപൂരിലെ ഇന്ദ്ര കോളനിയിലുള്ള ഗോപാല്‍ ജോഷിയുടെ വസതിയില്‍ ബംഗളൂരു പൊലീസ് നടത്തിയ റെയ്ഡിലാണ് ഇരുവരും പിടിയിലായത്. തുടര്‍ന്ന് ബെംഗളൂരുവിലേക്ക് കൊണ്ടുവന്നു.

ALSO READ: മയക്കു മരുന്ന് കലര്‍ത്തിയ പ്രസാദം നല്‍കി വിദ്യാർഥിനിയെ ബലാത്സംഗം ചെയ്തു, ദൃശ്യം പകർത്തി വീണ്ടും പീഡനം; ക്ഷേത്ര പൂജാരി അറസ്റ്റിൽ

ഭര്‍ത്താവിന് ബിജെപി ടിക്കറ്റ് വാഗ്ദാനം ചെയ്താണ് ഗോപാല്‍ ജോഷി രണ്ട് കോടി രൂപ വാങ്ങിയത്. മല്‍സരിക്കാന്‍ അവസരം ലഭിച്ചില്ലെന്ന് മാത്രമല്ല, പണം തിരികെ തന്നില്ലെന്നും പരാതിയില്‍ പറയുന്നു.

സുനിതയുടെ പരാതിയില്‍ അന്വേഷണം നടത്തി ഒക്ടോബര്‍ 18ന് ബസവേശ്വരനഗര്‍ പൊലീസ് ഗോപാല്‍ ജോഷി, മകന്‍ അജയ് ജോഷി എന്നിവര്‍ക്കു പുറമേ വിജയലക്ഷ്മി ജോഷി എന്ന സ്ത്രീക്കുമെതിരെ വഞ്ചനാക്കുറ്റം ചുമത്തി കേസെടുത്തു.

പല തവണയായി രണ്ടു കോടി രൂപ സുനിതാ ചവാന്‍ പ്രതികള്‍ക്ക് നല്‍കിയതായാണ് മനസിലാക്കുന്നതെന്നും ഇതുസംബന്ധിച്ച് അന്വേഷണം തുടരുന്നതായും ബംഗളൂരു സിറ്റി പൊലീസ് കമ്മിഷണര്‍ ബി. ദയാനന്ദ് അറിയിച്ചു.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഭര്‍ത്താവിന് സീറ്റ് നല്‍കുന്നതുമായി ബന്ധപ്പെട്ട് മാര്‍ച്ചില്‍ വടക്കന്‍ കര്‍ണാടകയിലെ ഹൂബ്ലിയിലെ വസതിയില്‍ ഗോപാലിനെ കണ്ടെന്നു സുനിത പറയുന്നു. വിജയ്പുര സീറ്റ് നല്‍കാമെന്നായിരുന്നു വാഗ്ദാനം. മൂന്ന് കോടി രൂപ വേണമെന്നും ആവശ്യപ്പെട്ടിരുന്നു.

വിജയ്പുരയില്‍ നിലവിലെ എംപി അസുഖബാധിതനായതിനാല്‍ ഇനി മത്സരിക്കാന്‍ സാധ്യതയില്ലെന്നും ആ അവസരം ദേവാനന്ദ് ചവാന് നല്‍കാമെന്നുമായിരുന്നു ഗോപാല്‍ പറഞ്ഞത്. തുടര്‍ന്ന് ഗോപാലിന്റെ നിര്‍ദേശപ്രകാരം വിജയലക്ഷ്മി എന്ന സ്ത്രീക്ക് ആദ്യഗഡുവായി 25 ലക്ഷം രൂപ കൈമാറിയെന്നും പരാതിയില്‍ പറയുന്നു. വിജയലക്ഷ്മിയുടെ ബസവേശ്വരനഗറിലെ വീട്ടില്‍ വച്ചാണ് പണം കൈമാറിയത്. തന്റെ സഹോദരിയാണ് വിജയലക്ഷ്മി എന്നാണ് ഗോപാല്‍ ജോഷി പറഞ്ഞിരുന്നത്.

ഇതിനു പുറമെ പുറമേ 1.75 കോടി രൂപ കൂടി വാങ്ങുകയും ചെയ്തു. സീറ്റ് ലഭിക്കാത്തതിനെത്തുടര്‍ന്ന് ഗോപാലിനെ സമീപിച്ചപ്പോള്‍ 200 കോടി രൂപ ഒരു പദ്ധതിയില്‍നിന്ന് ലഭിക്കാനുണ്ടെന്നും അതുകിട്ടിയാല്‍ പണം തിരിച്ചുതരാമെന്നും അറിയിച്ചു.

എന്നാല്‍, മാസങ്ങളോളം കാത്തിരുന്നിട്ടും പണം തിരിച്ചുകിട്ടാതായതോടെ പൊലീസിനെ സമീപിക്കുകയായിരുന്നു. 2009 മുതല്‍ എംപിയായ രമേശ് ജിഗേജിനാഗി തന്നെയായിരുന്നു ഇത്തവണയും വിജയ്പുരയിലെ ബിജെപി സ്ഥാനാര്‍ഥി.

അതേസമയം, സംഭവം വാര്‍ത്തയായതോടെ കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി, സഹോദരനുമായി 30 വര്‍ഷത്തിലേറെയായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് പറഞ്ഞ് കൈയൊഴിഞ്ഞു. തനിക്ക് സഹോദരിയില്ലെന്നും നാല് സഹോദരന്മാര്‍ മാത്രമേയുള്ളൂവെന്നും അവരില്‍ ഒരാള്‍ 1984ല്‍ വാഹനാപകടത്തില്‍ മരിച്ചെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു.