ഇറാനിലെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് വ്യോമാക്രമണം നടത്തിയതായി ഇസ്രായേലി സൈന്യം.(Israeli airstrikes on Iran; West Asia in fear of war) ഇറാനും അതിന്റെ നിഴല്‍ സേനകളും മാസങ്ങളായി നടത്തുന്ന ആക്രമണത്തിന് തിരിച്ചടിയാണ് നല്‍കിയിരിക്കുന്നതെന്ന് ഇസ്രായേല്‍ അവകാശപ്പെട്ടു. എന്നാല്‍, ആക്രമണത്തെക്കുറിച്ച് ഇറാന് പ്രതികരിച്ചിട്ടില്ല.
|
തെഹ്റാന് സമീപം നിരവധി സ്ഫോടന ശബ്ദം കേട്ടതായി അല്‍ജസീറ റിപോര്‍ട്ട് ചെയ്തു. എന്നാല്‍, ഇറാനെ ലക്ഷ്യമിട്ട് വന്ന ആക്രമണങ്ങളെല്ലാം വ്യോമ പ്രതിരോധ സംവിധാനം ഉപയോഗിച്ച് നിര്‍വീര്യമാക്കിയതായി ഇറാന് വാര്‍ത്ത ഏജന്‍സിയായ ഇര്‍ന റിപോര്‍ട്ട് ചെയ്തു.
എന്നാല്‍, ഇസ്ലാമിക റവല്യൂഷനറി ഗാര്‍ഡ് കോര്‍പ്സിന്റെ കേന്ദ്രങ്ങളിലൊന്നും ആക്രമണം ബാധിച്ചിട്ടില്ലെന്നാണ് റിപോര്‍ട്ട്.
അതേ സമയം, ഇസ്രായേല്‍ ആക്രമണം മണിക്കൂറുകളോളം തുടരുമെന്ന് ഇസ്രായേലി ആര്‍മി റേഡിയോ റിപോര്‍ട്ടര്‍ ഡോറോണ്‍ കാദോഷ് പറഞ്ഞു. പേര് വെളിപ്പെടുത്താത്ത കേന്ദ്രങ്ങളെ ഉദ്ധരിച്ചാണ് ഈ റിപോര്‍ട്ട്.
ഇസ്രായേല്‍ ആക്രമണത്തിന് പിന്നാലെ ഇറാനില്‍ നിന്നുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കിയതായി ഇറാന് വ്യോമയാന വകുപ്പ് അറിയിച്ചു.
ഇസ്രായേല്‍ പ്രധാനമന്ത്രി അണ്ടര്‍ ഗ്രൗണ്ടില്‍
ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, പ്രതിരോധ മന്ത്രി യോവ് ഗാലന്റ്, മൊസാദിന്റെയും ഷിന് ബേത്തിന്റെയും മേധാവികള്‍ തുടങ്ങിയവര്‍ കിരിയയിലെ വ്യോമ താവളത്തിന്റെ അണ്ടര്‍ ഗ്രൗണ്ടില്‍ യോഗം ചേര്‍ന്നു. നിലവിലെ സുരക്ഷാ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിന് വേണ്ടിയാണ് യോഗം. ഏത് നിമിഷവും ഇറാന്റെ തിരിച്ചടി പ്രതീക്ഷിക്കുന്നതിനാലാണ് പ്രമുഖര്‍ അണ്ടര്‍ ഗ്രൗണ്ടില്‍ അഭയം തേടിയത്.


