വിവാഹം കഴിഞ്ഞ് 28 വര്‍ഷത്തിനു ശേഷം ജനിച്ച മകനെ സ്‌കൂളിലയച്ച ശേഷം 60കാരന്‍ ഭാര്യയെ കൊന്ന് ജീവനൊടുക്കി. പാലാ കടനാട് കാവുംകണ്ടത്ത് വെള്ളിയാഴ്ചയാണ് സംഭവം. കാവുംകണ്ടം കണംകൊമ്പില്‍ റോയിയാണ് ഭാര്യ ജാന്‍സി(55)യെ കഴുത്തുഞെരിച്ചുകൊന്ന ശേഷം തൂങ്ങിമരിച്ചത്. തൊടുപുഴയിലുള്ള സഹോദരനെ വിളിച്ചു പറഞ്ഞശേഷമാണു റോയി ജീവനൊടുക്കിയതെന്നു പോലീസ് പറഞ്ഞു.
|
ജാന്‍സിയുടെ മൃതദേഹം വീടിനുള്ളില്‍ നിലത്തു കമിഴ്ന്നുകിടക്കുന്ന നിലയിലായിരുന്നു. ദമ്പതികളുടെ 9വയസ്സുകാരനായ ഏകമകന്‍ മൂന്നാം ക്ലാസിലാണ് പഠിക്കുന്നത്. കുട്ടിയെ സ്‌കൂളിലയച്ച ശേഷമായിരുന്നു സംഭവം. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30ന് ആണു സംഭവം പുറത്തറിഞ്ഞത്. സാമ്പത്തിക പ്രശ്നങ്ങളെച്ചൊല്ലി ഇരുവരും കലഹം പതിവായിരുന്നുവെന്നാണ് വിവരം.
ഡിവൈഎസ്പി കെസദന്‍, മേലുകാവ് എസ്എച്ച്ഒ എംഡി അഭിലാഷ് എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി. ജാന്‍സി മീനച്ചില്‍ കാരിക്കൊമ്പില്‍ കുടുംബാംഗമാണ്. സംസ്‌കാരം ശനിയാഴ്ച വൈകീട്ട് 4.30നു കടനാട് സെന്റ് അഗസ്റ്റിന്‍സ് ഫൊറോനാ പള്ളിയില്‍.


