ബിജെപിയുടെ പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കാനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടെ പാര്‍ട്ടിയുടെ നിയന്ത്രണം വീണ്ടും ഏറ്റെടുക്കാനുള്ള നീക്കവുമായി ആര്‍എസ്എസ്. പൂര്‍ണ ആര്‍എസ്എസുകാരനായിരിക്കണം ബിജെപിയുടെ പ്രസിഡന്റ് എന്ന തീരുമാനത്തെ തുടര്‍ന്നാണ് ഇത്തരമൊരു നീക്കം.
|
മൂന്നാം വട്ടവും അധികാരത്തിലേറാന്‍ ബിജെപിക്കായെങ്കിലും ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി പാര്‍ട്ടി അധ്യക്ഷന്‍ ജെ പി നദ്ദ നടത്തിയ പ്രസംഗത്തില്‍ തുടക്കത്തില്‍ ബിജെപിക്ക് ശേഷി കുറവായിരുന്നുവെന്നും ആര്‍എസ്എസിനെ ആവശ്യമായിരുന്നുവെന്നും എന്നാലിപ്പോള്‍ തങ്ങള്‍ വളര്‍ന്നിരിക്കുന്നുവെന്നും തങ്ങള്‍ പ്രാപ്തരാണെന്നും ബിജെപിക്ക് സ്വയം മുന്നോട്ടുപോവാന്‍ ആകുമെന്നും വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതിനു പിന്നാലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 2019നേക്കാള്‍ 60 സീറ്റുകള്‍ കുറവായിരുന്നു ബിജെപിക്ക് നേടാനായത്.
ഉത്തര്‍പ്രദേശും മഹാരാഷ്ട്രയും അടക്കമുള്ള തങ്ങളുടെ ശക്തികേന്ദ്രങ്ങളിലടക്കം നഷ്ടങ്ങള്‍ സംഭവിക്കാന്‍ കാരണം ബിജെപി നേതാക്കളുടെ അഹന്ത മൂലമാണെന്ന വിലയിരുത്തലും ആര്‍എസ്എസിലുണ്ടായി. ഇതേത്തുടര്‍ന്നാണ് ജെ പി നദ്ദയുടെ കാലാവധി അവസാനിക്കുന്ന മുറയ്ക്ക് ആര്‍എസ്എസില്‍ നിന്നു തന്നെയുള്ള പ്രമുഖരാരെങ്കിലും പാര്‍ട്ടിയുടെ അധ്യക്ഷ സ്ഥാനത്തേക്ക് വരണമെന്ന തീരുമാനവും കൈക്കൊണ്ടത്. മുതിര്‍ന്ന നേതാവായ സഞ്ജയ് ജോഷിയെ പാര്‍ട്ടി അധ്യക്ഷനാക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് പുറത്തുവരുന്ന വിവരം. ഇതരപാര്‍ട്ടികളില്‍ നിന്നുള്ള നേതാക്കള്‍ കടന്നുവന്നത് ബിജെപിയുടെ ആശയങ്ങള്‍ക്ക് ശോഷണം സംഭവിച്ചുവെന്ന വിലയിരുത്തലും ആര്‍എസ്എസിനുണ്ട്. ഇത് പരിഹരിക്കാനായി മുതിര്‍ന്ന നേതാവായ റാം മാധവിനെയും ബിജെപിയിലെ ഉന്നത പദവിയിലിരുത്താനാണ് നീക്കം.
ബിജെപിയുടെ വളര്‍ച്ചയെ തുടര്‍ന്ന് പ്രഭാവം നഷ്ടപ്പെട്ട സംഘപരിവാര്‍ സംഘടനകളായ വിശ്വഹിന്ദുപരിഷത്ത്, ഭാരതീയ മസ്ദൂര്‍ സംഘ്, എബിവിപി തുടങ്ങിയവയ്ക്ക് അതാതുമേഖലകളില്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള അവസരമൊരുക്കുകയും ആര്‍എസ്എസ് ലക്ഷ്യമാണ്. ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് അടുത്തിടെ വിഎച്ച്പിയുടെ മുന്‍ അന്താരാഷ്ട്ര വര്‍ക്കിങ് പ്രസിഡന്റ് പ്രവീണ്‍ തൊഗാഡിയയുമായി കൂടിക്കാഴ്ച നടത്തിയതും ഇതിന്റെ ഭാഗമായാണെന്നാണ് വിവരം.
2018ല്‍ വിഎച്ച്പി വിട്ട ശേഷം അന്താരാഷ്ട്രീയ ഹിന്ദു പരിഷത് രൂപീകരിച്ച പ്രവീണ്‍ തൊഗാഡിയയെ വിഎച്ച്പിയിലേക്ക് തിരികെ കൊണ്ടുവരികയും പൂര്‍ണ പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍കാമെന്നുമുള്ള വാഗ്ദാനം മോഹന്‍ ഭാഗവത് നല്‍കുകയും ചെയ്തിട്ടുണ്ട്. ആര്‍എസ്എസ് നൂറാം വാര്‍ഷികം ആചരിക്കാന്‍ പോവുന്ന വേളയില്‍ സംസ്ഥാന തലങ്ങളില്‍ വിവിധ സംഘടനകളുമായി മുതിര്‍ന്ന നേതാക്കളുമായി മാസംതോറുമുള്ള ചര്‍ച്ചകള്‍ നടത്തിവരികയാണ്. ഇതിന്റെ ആദ്യഘട്ടമെന്ന നിലയില്‍ ബിജെപി നേതാക്കളുമായുള്ള ആര്‍എസ്എസ് കൂടിക്കാഴ്ച അടുത്തിടെ ഹൈദരാബാദില്‍ നടക്കുകയുണ്ടായി.
ബിജെപി ദേശീയ അധ്യക്ഷനെ തിരഞ്ഞെടുക്കാനുള്ള തിരഞ്ഞെടുപ്പിന്റെ ദേശീയ റിട്ടേണിങ് ഓഫിസറായി കെ ലക്ഷ്മണിനെ കഴിഞ്ഞദിവസം നിയോഗിച്ചിരുന്നു. നരേഷ് ബന്‍സല്‍, രേഖ വര്‍മ, സമ്പിത് പത്ര എന്നിവരാണ് മറ്റ് റിട്ടേണിങ് ഓഫിസര്‍മാര്‍.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





