മലപ്പുറം: മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങളുടെ പാണ്ഡിത്യം ചോദ്യം ചെയ്യുന്ന സമസ്ത സെക്രട്ടറി ഉമര്‍ ഫൈസി മുക്കത്തിന്റെ പ്രസ്താവനയക്ക് ശക്തമായ ഭാഷയില്‍ മറുപടിയുമായി മുസ്ലിം ലീഗ്.(Muslim League lashed out against Umar Faizi) ഉമര്‍ ഫൈസി മുക്കത്തിന്റെ ഈ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്നും അതിനെ അംഗീകരിക്കാന്‍ സാധിക്കില്ലെന്നും മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം പറഞ്ഞു.
|
ഉമര്‍ ഫൈസി നടത്തിയത് അപഹാസ്യപരമായ പ്രസ്താവനയാണ്. ലീഗിനെ തകര്‍ക്കാന്‍ പല രാഷ്ട്രീയ ശക്തികളും ശ്രമിക്കുന്നുണ്ടെന്നും അതിനെ ശക്തിയുക്തമായി പാര്‍ട്ടി പ്രവര്‍ത്തകര്‍ നേരിടുമെന്നും പി.എം.എ സലാം പറഞ്ഞു.
ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ സമസ്തയെയും ലീഗിനെയും തെറ്റിക്കാന്‍ ഒരു വിഭാഗം ആഗ്രഹിക്കുന്നുണ്ട്. ഉമര്‍ ഫൈസിക്കു പിന്നില്‍ സി.പി.ഐ.എമ്മാണെന്നും പി.എം.എ സലാം പറഞ്ഞു.
ALSO READ: ഹിസ്ബുല്ലയെ പേടിച്ച് ഇസ്രായേല്‍ മന്ത്രിസഭ യോഗം ചേര്‍ന്നത് ഭൂമിക്കടിയില്‍
അതേസമയം, സാദിഖലി ശിഹാബ് തങ്ങളുടെ ഖാളി സ്ഥാനം ഉമര്‍ ഫൈസി ചോദ്യം ചെയ്തത് ശരിയായില്ലെന്ന് സമസ്ത നേതാവ് അബ്ദു സമദ് പൂക്കോട്ടൂര്‍ പറഞ്ഞു. അദ്ദേഹം സ്ഥാനം മറന്ന് പ്രവര്‍ത്തിക്കുന്നെന്നും ഈ രീതി തുടര്‍ന്നാല്‍ അദ്ദേഹത്തെ നിയന്ത്രിക്കാന്‍ സമസ്ത നേതൃത്വം നിര്‍ബന്ധിതരാകുമെന്നും പൂക്കോട്ടൂര്‍ മുന്നറിയിപ്പ് നല്‍കി.
‘ഉമര്‍ ഫൈസിക്ക് തന്റെ പരാമര്‍ശം തിരുത്തേണ്ടി വരും. നാട്ടില്‍ സ്വീകാര്യതയുള്ളവരെ ചെറുതായി കാണിക്കാന്‍ ശ്രമിച്ചാല്‍, അങ്ങനെ ശ്രമിക്കുന്നവര്‍ ചെറുതാകുന്നതാണ്. ഖാളി ഫൗണ്ടേഷനെ സമസ്ത നേതൃത്വം തള്ളിപ്പറഞ്ഞിട്ടില്ല. അഭിപ്രായ വ്യത്യാസമുണ്ടെങ്കില്‍ ഉമര്‍ ഫൈസി അത് സംഘടനയില്‍ പറയണം. പൊതുയോഗം വിളിച്ചു പറയുന്നത് കൈവിട്ട കളിയാണ്.
ഈ രീതിയില്‍ തുടര്‍ന്നാല്‍ അദ്ദേഹത്തെ നേതൃത്വം നിയന്ത്രിക്കാന്‍ നിര്‍ബന്ധിക്കപ്പെടും,’ അബ്ദു സമദ് പൂക്കോട്ടൂര്‍ പറഞ്ഞു. വിഷയം ചര്‍ച്ച ചെയ്യാന്‍ മുഷാവറ വിളിക്കാനുള്ള സാധ്യത തള്ളുന്നില്ലെന്നും അബ്ദുസമദ് പൂക്കോട്ടൂര്‍ വ്യക്തമാക്കി.
രാഷ്ട്രീയക്കാര്‍ ഖാളി പദവി കൈകാര്യം ചെയ്യുന്നതിനെതിരേ ഉമര്‍ ഫൈസി ഉയര്‍ത്തിയ വിമര്‍ശനമാണ് ലീഗിനെയും സമസ്തയിലെ തന്നെ ചില നേതാക്കളെയും ചൊടിപ്പിച്ചത്. ഖാളി പദവി കൈകാര്യം ചെയ്യേണ്ടത് പണ്ഡിതന്മരാണെന്നും കിതാബ് നോക്കി വിധി പറയാന്‍ അറിയാത്ത രാഷ്ട്രീയക്കാരെ ആ പദവിയിലേക്ക് നിയമിക്കരുതെന്നും ഉമര്‍ ഫൈസി പറഞ്ഞിരുന്നു. വിവിധ മഹല്ലുകളുടെ ഖാളി പദവി ഏറ്റെടുത്ത പാണക്കാട് സാദിഖലി തങ്ങളെ ലക്ഷ്യമിട്ടായിരുന്നു ഈ വിമര്‍ശനം.
പാണക്കാട് തങ്ങളുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഖാളി ഫൗണ്ടേഷനെയും ഉമര്‍ ഫൈസി വിമര്‍ശിച്ചിരുന്നു. സി.ഐ.സി വിഷയത്തില്‍ സമസ്തയെ അവഗണിച്ചെന്നും സഹകരിച്ച് പോകുന്നതാണ് പാര്‍ട്ടിക്ക് നല്ലതെന്നും മുസ്ലിം ലീഗിനെ പേരുപറയാതെ അദ്ദേഹം വിമര്‍ശിച്ചിരുന്നു.
മലപ്പുറം എടവണ്ണപ്പാറയില്‍ നടന്ന പരിപാടിയില്‍ പങ്കെടുക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.


