17
Nov 2024
Fri
17 Nov 2024 Fri
gaza genocide

ഗസ്സ: എല്ലാ മാനുഷിക മൂല്യങ്ങളും യുദ്ധ നിയമങ്ങളും ലംഘിച്ച് പശ്ചിമേഷ്യയില്‍ ഇസ്രായേല്‍ കൂട്ടക്കുരുതി തുടരന്നു. വടക്കന്‍ ഗസ്സയിലെ ബെയ്ത് ലാഹിയയിലുണ്ടായ വ്യോമാക്രമണത്തില്‍ മാത്രം 75 പേര്‍ കൊല്ലപ്പെട്ടു. മറ്റ് പലയിടത്തുമായി 20 പേര്‍ക്കും വ്യാഴാഴ്ച ജീവന്‍ നഷ്ടമായി. ഇതില്‍ 16 പേര്‍ കൊല്ലപ്പെട്ടത് നുസൈറാത്തിലെ അഭയാര്‍ഥി ക്യാമ്പിനു നേരെ നടന്ന ആക്രമണത്തിലാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കമല്‍ അദ്വാന്‍ ആശുപത്രിക്കു നേരെ നടത്തിയ ബോംബാക്രമണത്തില്‍ മരുന്നുകളും ആശുപത്രി ഉപകരണങ്ങളും സംഭരിച്ച കെട്ടിടം തകര്‍ന്നു. നിരവധി ആശുപത്രി ജീവനക്കാര്‍ക്ക് പരിക്കേറ്റു. അഞ്ച് ദിവസം മുമ്പ് സംഭരിച്ച മരുന്നുകളാണ് ഇസ്രായേല്‍ മനപൂര്‍വ്വം നശിപ്പിച്ചത്.

തെക്കന്‍ ലബ്‌നാനില്‍ വ്യത്യസ്ത ആക്രമണങ്ങളിലായി ആറ് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 45 പേരാണ് വ്യാഴാഴ്ച കൊല്ലപ്പെട്ടത്. തലസ്ഥാന നഗരമായ ബെറൂതിനടുത്തുള്ള ദഹിയയിലും വ്യോമാക്രമണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

മേഖലയില്‍നിന്ന് ആളുകള്‍ മാറിപ്പോകണമെന്ന് ഇസ്രായേല്‍ മുന്നറിയിപ്പ് നല്‍കിയതിനു പിന്നാലെയാണ് ആക്രമണമുണ്ടായത്. ഗസ്സയിലെ ഭൂരിഭാഗം ആശുപത്രികളും ഇസ്രായേല്‍ ആക്രമണത്തെ തുടര്‍ന്ന് പ്രവര്‍ത്തനം നിര്‍ത്തിവെക്കുകയോ ഭാഗികമാക്കുകയോ ചെയ്തിട്ടുണ്ട്. അവശേഷിക്കുന്നവ കൂടി തകര്‍ക്കാനുള്ള ശ്രമത്തിലാണ് ഇസ്രായേല്‍.

നിരന്തരമായ ബോംബ് വര്‍ഷത്തിനു പുറമെ ഭക്ഷണവും ചികിത്സയും തടഞ്ഞ് ജനങ്ങളെ കൊടുംദുരിതത്തിലേക്ക് തള്ളിവിടുകയാണ് ഇസ്രായേല്‍. വടക്കന്‍ ഗസ്സയിലേക്ക് ആളുകള്‍ തിരിച്ചുവരുന്നത് ഏതുവിധേനയും തടയുകയെന്ന ലക്ഷ്യത്തോടെ അടിസ്ഥാന സൗകര്യങ്ങള്‍ ഒന്നൊന്നായി നശിപ്പിക്കുകയാണ്.

അതേസമയം, ഈ ആക്രമണങ്ങള്‍ക്കൊന്നും ഹമാസിന്റെ പോരാട്ട വീര്യത്തെ തളര്‍ത്താനായിട്ടില്ല. താല്‍ക്കാലിക വെടിനിര്‍ത്തലിനില്ലെന്ന് ഹമാസ് ആവര്‍ത്തിച്ചു. ഗസ്സയില്‍നിന്ന് സൈന്യത്തെ പൂര്‍ണമായി പിന്‍വലിക്കാതെ ബന്ദിമോചനം സാധ്യമാകില്ലെന്ന് മുതിര്‍ന്ന ഹമാസ് നേതാവ് താഹിര്‍ നുനു പറഞ്ഞു.

ഏതാനും ബന്ദികളെ മോചിപ്പിക്കുന്നതിന് പകരം ഒരു മാസം വരെയുള്ള വെടിനിര്‍ത്തല്‍ നിര്‍ദേശം മുന്നോട്ടുവെച്ച മധ്യസ്ഥ രാജ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. വെടിനിര്‍ത്തല്‍ കാലാവധിക്ക് ശേഷം ആക്രമണം പുനരാരംഭിക്കുമെന്നതിനാല്‍ താല്‍ക്കാലിക വെടിനിര്‍ത്തലില്‍ കാര്യമില്ലെന്നും പൂര്‍ണ യുദ്ധവിരാമമാണ് ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.