കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ അടര്‍ത്തിയെടുത്ത് അദ്ദേഹത്തെ മുസ്ലിം വിരോധിയായി ചിത്രീകരിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് കാന്തപുരം സുന്നി വിഭാഗം. (Can’t agree with portraying the Chief Minister as anti-Muslim; Kanthapuram Sunni faction against Jamaat-e-Islami)മുഖ്യമന്ത്രി ഖലീഫ ഭരണത്തെ അവഹേളിച്ചു എന്ന ജമാഅത്തെ ഇസ്ലാമി ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു കാന്തപുരം സുന്നീ വിഭാഗം നേതാവ് ഡോ. മുഹമ്മദ് അബ്ദുല്‍ ഹക്കീം അസ്ഹരി.
|
മുഖ്യമന്ത്രിയുടെ പരാമര്‍ശം ഖലീഫമാരുടെ ഭരണം മോശമാണെന്ന രീതിയിലാണ് വ്യാഖ്യാനിക്കപ്പെട്ടതെന്ന് മുഹമ്മദ് അബ്ദുല്‍ ഹക്കീം അസ്ഹരി പറഞ്ഞു. മുഖ്യമന്ത്രി പറഞ്ഞതിലെ ചില വാക്കുകള്‍ അടര്‍ത്തിയെടുത്ത് അദ്ദേഹം മുസ്ലിം വിരോധിയാണെന്ന് വരുത്തി തീര്‍ക്കാനാണ് ശ്രമം നടന്നത്. അതിന് പിന്നില്‍ താത്ക്കാലിക രാഷ്ട്രീയ ലാഭമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ALSO READ: വൃദ്ധനെയും മകനെയും പേരക്കുട്ടിയെയും വെട്ടിക്കൊന്നു; തല തകര്‍ത്തു
കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയ നേതാക്കളില്‍ ആരെങ്കിലും മുസ്ലിം വിരോധിയാണെന്ന് തനിക്ക് തോന്നുന്നില്ല. അങ്ങനെ മുസ്ലിം വിരോധികളെ വര്‍ധിപ്പിച്ചെടുത്ത് എല്ലാവരും മുസ്ലിങ്ങള്‍ക്കെതിരാണ് എന്ന് വരുത്തി തീര്‍ക്കുകയാണോ വേണ്ടതെന്നും അദ്ദേഹം ചോദിച്ചു.
ആശയപരമായി ഇസ്ലാമിനോട് വിയോജിച്ച് നില്‍ക്കുന്ന നിരവധി പേരുണ്ട്. ഇസ്ലാമിനകത്തും ആശയപരമായി പല വ്യത്യാസങ്ങളുമുണ്ട്. പരസ്പര ബഹുമാനത്തോട് കൂടി ആശയ സംവാദങ്ങള്‍ നടത്തുകയാണ് വേണ്ടതെന്നും അബ്ദുല്‍ ഹക്കീം അസ്ഹരി കൂട്ടിച്ചേര്‍ത്തു.
സിപിഐഎം നേതാവ് പി ജയരാജന്റെ പുസ്തക പ്രകാശന ചടങ്ങില്‍ ജമാഅത്തെ ഇസ്ലാമിക്ക് ജനാധിപത്യ സംവിധാനങ്ങളില്‍ വിശ്വാസമില്ലെന്നും ഖലീഫ ഭരണത്തിലക്ക് നാട്ടിനെ കൊണ്ടുപോകാനാണ് അവര്‍ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഈ പ്രസ്താവന ഖലീഫ ഭരണത്തെ അവഹേളിക്കുന്നതാണന്നാരോപിച്ച് ജമാഅത്തെ ഇസ്ലാമി രംഗത്തെത്തിയിരുന്നു. ഇതിനോടായിരുന്നു ഡോ. മുഹമ്മദ് അബ്ദുല്‍ ഹക്കീം അസ്ഹരിയുടെ പ്രതികരണം.


