|
അബുദാബി: യുഎഇയിലേക്കുള്ള പ്രവാസി പ്രൊഫഷണലുകളുടെ കുത്തൊഴുക്ക് കാരണം എമിറേറ്റ്‌സുകളിലെ ജീവനക്കാരുടെ ശമ്പളം കുറയാന്‍ കാരണമാകുന്നുവെന്ന് പഠനം. രാജ്യത്തെ പ്രൊഫഷണല്‍ സേവനങ്ങളുടെ റോളുകള്‍ക്കുള്ള ശരാശരി തുടക്ക ശമ്പളം വര്‍ഷം തോറും 0.7 ശതമാനം കുറയുന്നു. കൂടാതെ പകുതിയിലധികം ജീവനക്കാരും അടുത്ത വര്‍ഷം പുതിയ തലങ്ങള്‍ തേടാന്‍ പദ്ധതിയിടുകയും ചെയ്യുന്നുവെന്നും റിക്രൂട്ട്‌മെന്റ് കണ്‍സള്‍ട്ടന്‍സി റോബര്‍ട്ട് ഹാഫ് പറയുന്നു.
ഫിനാന്‍സ്, അക്കൗണ്ടിംഗ്, ഹ്യൂമന്‍ റിസോഴ്‌സ് മേഖലകളില്‍ കഴിവുള്ളവരുടെ കുത്തൊഴുക്കാണ് യുഎഇയില്‍ കണ്ടുവരുന്നത്. ഈ മേഖലയിലാണ് ശമ്പളക്കുറവ് ഏറ്റവും കൂടുതല്‍ ബാധിച്ചതെന്നും റോബര്‍ട്ട് ഹാഫിലെ മിഡില്‍ ഈസ്റ്റിന്റെ ഡയറക്ടര്‍ ഗാരെത് എല്‍ മെറ്റൂറി പറഞ്ഞു.
ഒരു കമ്പനിക്ക് ഒരു പരസ്യം ചെയ്യപ്പെട്ട സ്ഥാനത്തേക്ക് 2,000 ത്തിലധികം അപേക്ഷകര്‍ ലഭിക്കുന്നത് ഇപ്പോള്‍ സാധാരണയായിരിക്കുന്നു. നിയമത്തിലും സാങ്കേതികവിദ്യയിലും കൂടുതല്‍ കഴിവുള്ള പുതിയ ജോലികള്‍ക്കായി അപേക്ഷകള്‍ കുറയുന്നതായും കാണുന്നുവെന്ന് മെറ്റൂരി ഖലീജ് ടൈംസിനോട് പറഞ്ഞു.
ഫിനാന്‍സ്, അക്കൗണ്ടിംഗ് മേഖലകളിലെ തുടക്ക ശമ്പളം ശരാശരി 2.1 ശതമാനവും ചില കോര്‍പ്പറേറ്റ് അക്കൗണ്ടിംഗ് രംഗത്ത് 23 ശതമാനവും കുറഞ്ഞു. അക്കൗണ്ടിംഗ് വൈദഗ്ധ്യമുള്ളവര്‍ക്ക് ഇപ്പോഴും ആവശ്യക്കാരുണ്ട്, പ്രത്യേകിച്ച് സാമ്പത്തിക ആസൂത്രണവും നികുതി പരിചയവുമുള്ളവര്‍ക്ക്. എന്നാല്‍ കാര്യമായമോ കഴിവോയില്ലാതെ യുഎഇയിലേക്ക് വരുന്ന പ്രവാസികള്‍ക്കാണ് വലിയതോതില്‍ തുടക്കശമ്പളം കുറവുള്ളത്.
യുഎഇയിലെ ജനസംഖ്യ വളരെയധികം ഉയര്‍ന്നിട്ടുണ്ട്. പ്രത്യേകിച്ച് ഏറ്റവും വലിയ എമിറേറ്റുകളായ അബുദാബിയിലെയും ദുബായിലെയും ജനസംഖ്യ. രാജ്യത്തേക്കുള്ള നിക്ഷേപകരുടെയും പ്രൊഫഷണലുകളുടെയും കടന്നുകയറ്റം കാരണം എക്കാലത്തെയും ഉയര്‍ന്ന നിരക്കിലാണിപ്പോള്‍ മൊത്തം ജനസംഖ്യ.
കണക്കുകള്‍ പ്രകാരം ഇന്നലെ (2024 നവംബര്‍ 4) ദുബായിലെ ജനസംഖ്യ 3.798 ദശലക്ഷത്തിലെത്തി. 2024 ലെ ആദ്യ 11 മാസങ്ങളെ അപേക്ഷിച്ച് 140,000 വര്‍ധനവ് രേഖപ്പെടുത്തി.
അബുദാബിയിലെ ജനസംഖ്യ 2023ല്‍ 3.789 ദശലക്ഷമായിരുന്നു. 2011നെ അപേക്ഷിച്ച് 83 ശതമാനം വര്‍ധനവുണ്ടായി.
യുഎഇയുടെ ജനസംഖ്യ 2023ല്‍ 10.64 ദശലക്ഷവും 2022ല്‍ 10.242 ദശലക്ഷവുമായിരുന്നുവെങ്കില്‍ ഈ വര്‍ഷമത് 11.135 ദശലക്ഷത്തിലെത്തി നില്‍ക്കുന്നു.
UAE jobs salaries dropping due to rising population





