|
ന്യൂഡല്‍ഹി: സിനിമയില്ലെങ്കില്‍ ചത്തുപോകുമെന്ന് പറഞ്ഞ നടനും കേന്ദ്രസഹമന്ത്രിയുമായ സുരേഷ് ഗോപി ഒടുവില്‍ കേന്ദ്രത്തിന്റെ കണ്ണുരുട്ടലില്‍ വഴങ്ങി തല്‍ക്കാലം അഭിനയം നിര്‍ത്തുന്നു. കേന്ദ്ര സഹമന്ത്രിയായി പ്രവര്‍ത്തിക്കുന്നതിനാല്‍ സുരേഷ്‌ഗോപി തല്‍ക്കാലം സിനിമയില്‍ അഭിനയിക്കേണ്ടതില്ലെന്ന് BJP MP കൂടിയായ നടനെ കേന്ദ്രസര്‍ക്കാര്‍ അറിയിച്ചതോടെയാണിത്. തൃശൂര്‍ എംപിയായി തിരഞ്ഞെടുക്കപ്പെട്ട സുരേഷ് ഗോപി മണ്ഡലത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് സജീവമായി പ്രവര്‍ത്തിക്കണമെന്നാണ് കേന്ദ്രത്തില്‍നിന്നുള്ള നിര്‍ദേശം.
പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും സുരേഷ്‌ഗോപിയുടെ സിനിമാഭിനയവുമായി ബന്ധപ്പെട്ട് അനുകൂല നിലാപാടല്ല സ്വീകരിച്ചിരിക്കുന്നതെന്നും ഇതോടെ ഏറ്റെടുത്ത സിനിമകള്‍ തുടരാനാകില്ലെന്ന പ്രതിസന്ധിയിലാണ് സുരേഷ്‌ഗോപിയെന്നും അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.
സുരേഷ്‌ഗോപിയുടെ പുതിയ രൂപത്തിലുളള ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. തന്റെ പുതിയ ചിത്രമായ ഒറ്റക്കൊമ്പനായി വളര്‍ത്തിയ താടി വടിച്ച ചിത്രങ്ങളാണ് ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയത്. സെപ്തംബറില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് സുരേഷ് ഗോപി നേരത്തെ പറഞ്ഞിരുന്നത്. സുരേഷ് ഗോപിയുടെ 250ാമത്തെ ചിത്രം എന്ന നിലക്കാണ് ഇത് പ്രഖ്യാപിച്ചത്. താടി വടിച്ചതോടെ ഒറ്റക്കൊമ്പന്‍ അടുത്തെങ്ങും ഷൂട്ടിങ് ഉണ്ടാകില്ലെന്നും ഉറപ്പായി.
സിനിമയുടെ പ്രധാനപ്പെട്ട രംഗങ്ങള്‍ പാലായിലെ കുരിശുപള്ളി മാതാവിന്റെ പെരുന്നാളിലാണ് ചിത്രീകരിക്കേണ്ടത്. ഡിസംബര്‍ ഏഴ്, എട്ട് തീയതികളിലാണ് പെരുന്നാള്‍. സിനിമയുടെ ആദ്യഭാഗം കഴിഞ്ഞവര്‍ഷത്തെ പെരുന്നാള്‍ ദിനങ്ങളില്‍ ചിത്രീകരിച്ചിരുന്നു. ഇറ്റലിയില്‍ നടക്കുന്ന ജി7 ഉച്ചകോടിയില്‍ ഇന്ത്യന്‍ സംഘത്തില്‍ അംഗമാണ് സുരേഷ് ഗോപി. തിരിച്ചെത്തിയാലുടന്‍ പാര്‍ലമെന്റ് സമ്മേളനം തുടങ്ങും. സമ്മേളനം ഡിസംബര്‍ പകുതിയോടെയേ അവസാനിക്കൂ. അതിനാല്‍, പെരുന്നാളിനോടനുബന്ധിച്ചുള്ള ഷൂട്ടിങ്ങിന് ഒരുവര്‍ഷംകൂടി കാത്തിരിക്കണം എന്നതാണ് സ്ഥിതി. ഇതും താടി ഉപേക്ഷിക്കാന്‍ കാരണമായെന്ന് പറയുന്നു.
താടിയില്ലാത്ത ചിത്രം സാമൂഹികമാധ്യമത്തില്‍ പങ്കുവെച്ചു, ‘മാറ്റമില്ലാത്തത് മാറ്റത്തിനാണ്’ എന്ന് അദ്ദേഹം കുറിച്ചു. കേന്ദ്രത്തിന്റെ തീരുമാനത്തില്‍ സഹമന്ത്രി ഇതുവരെയായിട്ടും പ്രതികരണങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ല.
കേന്ദ്രമന്ത്രി പദത്തിലിരിക്കുന്ന ഒരാള്‍ക്ക് മറ്റ് ജോലികള്‍ ചെയ്യാന്‍ പെരുമാറ്റച്ചട്ടപ്രകാരം സാദ്ധ്യമല്ലെന്ന് മുന്‍പ് ലോക്‌സഭാ മുന്‍ ജനറല്‍ സെക്രട്ടറി PTD ആചാരി പറഞ്ഞിരുന്നു. മുഴുസമയ ജോലിയായിട്ടാണ് മന്ത്രിപദത്തെ കാണേണ്ടതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
നേരത്തെ സിനിമ എന്റെ പാഷനാണെന്നും അതില്ലെങ്കില്‍ ഞാന്‍ ചത്തുപോവുമെന്നുമാണ് സുരേഷ് ഗോപി പറഞ്ഞത്. അന്ന് അമിത്ഷായോട് ഇതേകുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം പേപ്പര്‍ വലിച്ചെറിഞ്ഞുവെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.
അന്നത്തെ വാക്കുകള്‍:
‘സിനിമ ഞാന്‍ ചെയ്യും. അനുവാദം ചോദിച്ചെങ്കിലും കിട്ടിയില്ല. പക്ഷേ സെപ്തംബര്‍ ആറാം തീയതി ഞാന്‍ ഒറ്റക്കൊമ്പന്‍ തുടങ്ങുകയാണ്. എല്ലാവരുടെയും ആശിര്‍വാദം ഉണ്ടാവണം. ഏതാണ്ട് 22 സിനിമയുടെ സ്‌ക്രിപ്റ്റിനാണ് ആര്‍ത്തിയോടെ ചെയ്യാമെന്ന് സമ്മതിച്ചത്. ഇനി 22 സിനിമയോളം ചെയ്യാനുണ്ടെന്ന് പറഞ്ഞപ്പോള്‍ അമിത് ഷാ ആ പേപ്പറുകെട്ട് അങ്ങനെയെടുത്ത് ഒരു സൈഡിലേക്ക് എറിഞ്ഞു. പക്ഷേ, അനുവാദം നല്‍കാമെന്ന് പറഞ്ഞിട്ടുണ്ട് സെപ്തംബര്‍ ആറിന് ഞാനിങ്ങ് പോരും. എന്റെ ജോലി ചെയ്യാനായി മിനിസ്ട്രിയില്‍ നിന്നുള്ള മൂന്നോ നാലോ പേര്‍ക്ക് ഞാന്‍ അല്ലെങ്കില്‍ പ്രൊഡ്യൂസര്‍ ഒരു കാരവാന്‍ എടുത്ത് കൊടുക്കും. ”ഇനി അതിന്റെ പേരില്‍ അവര്‍ പറഞ്ഞയക്കുമെങ്കില്‍ ഞാന്‍ രക്ഷപ്പെട്ടു. എങ്കില്‍ എനിക്ക് തൃശൂര്‍ക്കാരെ കൂടുതല്‍ പരിഗണിക്കാന്‍ പറ്റും. എനിക്ക് ഇവിടെ തന്നെ നില്‍ക്കാം. ഇപ്പോള്‍ പക്ഷേ അതിന് പറ്റുന്നില്ല. തൃശൂര്‍ക്കാര്‍ക്കാണ് എന്നെ ഇപ്പോള്‍ പൂര്‍ണമായി കിട്ടാത്തത്. ഞാനിതൊന്നും ആഗ്രഹിച്ചതും മോഹിച്ചതുമല്ല. പക്ഷേ, ഒറ്റ ചോദ്യത്തിന് മുന്നില്‍ ഞാന്‍ മുട്ടുകുത്തി. കേരളത്തിലെ ആദ്യ സംഭവമാണ്. രാഷ്ട്രീയ ചരിത്രമാണ്. നിങ്ങളെ ജയിപ്പിച്ചയച്ചത് ഒരു സമൂഹത്തിന്റെ ദൃഢനിശ്ചയമാണ്. അങ്ങനെയുള്ള ജനതയ്ക്ക് തിരിച്ചൊരു സമ്മാനം നല്‍കാനുണ്ട്. അതാണ് നിങ്ങളുടെ മന്ത്രി കസേര എന്ന് പറഞ്ഞപ്പോള്‍ എനിക്ക് വഴങ്ങേണ്ടി വന്നതാണ്. എന്റെ നേതാക്കളെ എന്നും ഞാന്‍ അനുസരിക്കും. പക്ഷേ, സിനിമ എന്റെ പാഷനാണ്. അതില്ലെങ്കില്‍ ഞാന്‍ ചത്തുപോവും’.
no green signal Suresh Gopi will stop shooting for while


