01
Nov 2024
Fri
01 Nov 2024 Fri
Trump started process of choosing the cabinet

വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ആധികാരക വിജയം നേടിയ റിപബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് തന്റെ കാബിനറ്റിനെ തെരഞ്ഞെടുക്കാനുള്ള നടപടികള്‍ക്ക് തുടക്കമിട്ടു. സ്റ്റേറ്റ് സെക്രട്ടറി, പ്രതിരോധ സെക്രട്ടറി തുടങ്ങിയ സുപ്രധാനചുമതലകള്‍ ആര്‍ക്ക് ലഭിക്കുമെന്നതാണ് ലോകം ഉറ്റുനോക്കുന്നത്. ഫ്‌ലോറിഡയിലെ പാം ബീച്ച് റിസോര്‍ട്ടില്‍ ട്രംപ് വിവിധ കമ്പനി സിഇഒമാരുമായും തന്റെ കാമ്പയിന്‍ മാനേജരുമായും ട്രംപ് കൂടിക്കാഴ്ച നടത്തി. ആരാകണം പുതിയ കാബിനറ്റ് അംഗങ്ങള്‍ എന്നതിലും ട്രംപ് ആലോചന തുടങ്ങി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വിജയിച്ച ഇലക്ടറല്‍ കോളജ് അംഗങ്ങള്‍ ഡിസംബര്‍ 17ന് പുതിയ പ്രസിഡന്റിനായി വോട്ട് രേഖപ്പെടുത്തും. അടുത്തവര്‍ഷം ജനുവരി ആറിന് ഇലക്ടറല്‍ വോട്ടുകള്‍ എണ്ണി ഔദ്യോഗികമായി ഫലം പ്രഖ്യാപിക്കും. ജനുവരി 20ന് ട്രംപ് ഔദ്യോഗികമായി പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്യും. ഇലക്ടറല്‍ കോളജില്‍ ട്രംപ് വിജയം അവകാശപ്പെട്ടിട്ടുണ്ടെങ്കിലും സ്വിങ് സംസ്ഥാനങ്ങളായ അരിസോണയിലും നെവാഡയിലും വോട്ടുകള്‍ ഇപ്പോഴും എണ്ണിത്തിട്ടപ്പെടിത്തിയിട്ടില്ല.

വൈറ്റ്ഹൗസിലെ ഉന്നത പദവികളില്‍ തന്റെ വിശ്വസ്തരെയാകും ട്രംപ് നിയമിക്കുക. ടീം ട്രംപില്‍ കാഷ് പട്ടേല്‍, വിവേക് രാമസ്വാമി, ബോബി ജിന്‍ഡാല്‍ എന്നീ ഇന്ത്യന്‍ വംശജര്‍ക്ക് സുപ്രധാനപദവി ലഭിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. പാലക്കാട്ട് വേരുകളുള്ള 38 കാരനായ വിവേക് രാമസ്വാമി പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നീക്കം നടത്തിയിരുന്നുവെങ്കിലും പിന്നീട് പിന്‍മാറുകയായിരുന്നു.

ലൂസിയാന ഗവര്‍ണറായിരുന്ന ബോബി ജിന്‍ഡാലിന് ആരോഗ്യം, മാനവവിഭവശേഷി എന്നീ വകുപ്പുകള്‍ ലഭിച്ചേക്കും. നിലവില്‍ സെന്റര്‍ ഫോര്‍ ഹെല്‍ത്തി അമേരിക്കയുടെ മേധാവിയാണ് ബോബി. ഗവര്‍ണറായതിനാലും ആരോഗ്യവിഭാഗത്തില്‍ നയത്തില്‍ പരിചയമുള്ളതിനാലും ഈ മേഖലയില്‍ ചില ഉത്തരവാദിത്തങ്ങള്‍ അദ്ദേഹത്തിന് ട്രംപ് നല്‍കിയേക്കും. മികച്ച പ്രഭാഷകനായ ബോബി യു.എസ്സിലെ യുവാക്കള്‍ക്കിടയില്‍ ഏറെ സ്വാധീനമുള്ള വ്യക്തിയാണ്. നേരത്തെ പെന്‍സില്‍വാനിയയില്‍ നടന്ന റാലിയില്‍ രാമസ്വാമിയുടെ മിടുക്കിനെ പ്രശംസിച്ച ട്രംപ്, അദ്ദേഹത്തിന് തന്റെ മന്ത്രിസഭയില്‍ നല്ലൊരു സ്ഥാനം നല്‍കുമെന്ന് സൂചന നല്‍കുകയുംചെയ്തിരുന്നു.

ഗുജറാത്തില്‍ വേരുകളുള്ള കാശ്യപ് പട്ടേല്‍ എന്ന കാഷ് പട്ടേല്‍, യു.എസ് വിദേശചാരസംഘടനയായ സെന്‍ട്രല്‍ ഇന്റലിജന്റ്‌സ് ഏജന്‍സി (സി.ഐ.എ) യുടെ മേധാവിയെത്തുമെന്നാണ് റിപ്പോര്‍ട്ട്. ട്രംപിന് കീഴില്‍ സി.ഐ.എ മേധാവിയെന്ന ഗ്ലാമര്‍ തസ്തികയിലേക്കുള്ള പട്ടികയില്‍ മുന്നിലാണ് കാഷ് പട്ടേലിന്റെ സ്ഥാനം.

ഇക്കാരണത്താലാണ് ട്രംപിന്റെ ആദ്യ അവസരത്തില്‍ പ്രതിരോധം, രഹസ്യാന്വേഷണം അടക്കമുള്ള ഉന്നതതലങ്ങളില്‍ പ്രവര്‍ത്തിച്ച കാഷ് പട്ടേലിന്റെ പേരും സി.എ.ഐ ഡയറക്ടര്‍ സ്ഥാനത്തേക്ക് പറഞ്ഞുകേള്‍ക്കുന്നത്. 2016ല്‍ ട്രംപ് പ്രസിഡന്റായപ്പോള്‍ വൈറ്റ്ഹൗസിലെ സുപ്രധാന സ്ഥാനങ്ങള്‍ വഹിച്ച ഉദ്യോഗസ്ഥരില്‍ ഒരാളായിരുന്നു പട്ടേല്‍. ട്രംപിന്റെ ആദ്യ അവസരത്തില്‍ പെട്ടെന്ന് സ്ഥാനക്കയറ്റം ലഭിച്ച ഏറ്റവും വിശ്വസ്ത വൃത്തങ്ങളില്‍ ഒരാളാണ് കാഷ് പട്ടേല്‍.

കിഴക്കന്‍ ആഫ്രിക്കയില്‍ നിന്നുള്ള ഇന്ത്യന്‍ കുടിയേറ്റ മാതാപിതാക്കളുടെ മകനായി 1980 ഫെബ്രുവരിയില്‍ 25ന് ന്യൂയോര്‍ക്കില്‍ ജനിച്ച പട്ടേലിന്റെ മാതാപിതാക്കള്‍ ഗുജറാത്തിലെ വഡോദര സ്വദേശികളാണ്. ലണ്ടനിലെ യൂനിവേഴ്‌സിറ്റി കോളജില്‍ നിന്ന് രാജ്യാന്തര നിയമത്തില്‍ ഉപരിപഠനം നടത്തി ക്രിമിനല്‍ അഭിഭാഷകനായി പ്രാക്ടീസ്‌ചെയ്താണ് പട്ടേല്‍, ട്രംപിനൊപ്പം ചേര്‍ന്നത്. സെനറ്റിന്റെ അംഗീകാരം ലഭിച്ചാല്‍ മാത്രമേ നിയമനം നടപ്പാകൂ.

Trump started process of choosing the cabinet Three Indians may get top posts

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക