21
Nov 2024
Sat
21 Nov 2024 Sat
India won by 61 runs with Sanju's century

ഡര്‍ബന്‍: ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യക്ക് മികച്ച വിജയം. സഞ്ജു സാംസണ്‍ അടിച്ച സെഞ്ച്വറിയുടെ സഹായത്തോടെ കൂറ്റന്‍ സ്‌കോര്‍ നേടിയ ഇന്ത്യ 61 റണ്‍സിനാണ് വിജയിച്ചത്. ഇന്ത്യ ഉയര്‍ത്തിയ 203 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ആതിഥേയരുടെ പോരാട്ടം 17.5 ഓവറില്‍ 141 റണ്‍സില്‍ അവസാനിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മറുപടി ബാറ്റിങില്‍ ഒരു ഘട്ടത്തില്‍ പോലും ഇന്ത്യക്ക് വെല്ലുവിളി സൃഷ്ടിക്കാന്‍ പ്രോട്ടീസ് സംഘത്തിനായില്ല. സ്‌കോര്‍ ബോര്‍ഡില്‍ എട്ട് റണ്‍സ് ചേര്‍ക്കുന്നതിനിടെ നായകന്‍ എയ്ഡന്‍ മാര്‍ക്രത്തെ(8) നഷ്ടമായി. അര്‍ഷ്ദീപ് സിങ് എറിഞ്ഞ ഇന്നിങ്‌സിലെ ആദ്യ ഓവറില്‍ സഞ്ജു സാംസണ് ക്യാച്ച് നല്‍കി മടങ്ങി. നാലാം ഓവറില്‍ ട്രിസ്റ്റന്‍ സ്റ്റബ്‌സിനെ(11) പുറത്താക്കി ആവേശ് ഖാനും പ്രഹരമേല്‍പ്പിച്ചു. റിയാന്‍ റിക്കെല്‍ട്ടനെ(21) വരുണ്‍ ചക്രവര്‍ത്തി തിലക് വര്‍മയുടെ കൈയിലെത്തിച്ചതോടെ പവര്‍പ്ലെയിര്‍ ആതിഥേയര്‍ക്ക് മൂന്ന് വിക്കറ്റ് നഷ്ടമായി. നാലാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ഹെന്റിച് ക്ലാസനും ഡേവിഡ് മില്ലറും ചേര്‍ന്ന് അപകടം വിതച്ചങ്കിലും വരുണ്‍ ചക്രവര്‍ത്തി വീണ്ടും ഇന്ത്യയെ രക്ഷിച്ചു. കൂറ്റന്‍ അടിക്ക് ശ്രമിച്ച ക്ലാസന്‍(25)അക്‌സര്‍ പട്ടേലിന്റെ കൈയ്യില്‍ അവസാനിച്ചു. തൊട്ടുപിന്നാലെ ഡേവിഡ് മില്ലറും (18) വീണതോടെ ദക്ഷിണാഫ്രിക്കയുടെ ചെറുത്ത് നില്‍പ്പ് അവസാനിച്ചു. സന്ദര്‍ശകനിരയില്‍ വരുണ്‍ ചക്രവര്‍ത്തിയും രവി ബിഷ്‌ണോയിയും മൂന്ന് വിക്കറ്റ് വീഴ്ത്തി.

നേരത്തെ 47പന്തില്‍ 9 സിക്‌സും 7 ഫോറുമായി സഞ്ജു സാംസണ്‍ സെഞ്ച്വറി അടിച്ചതാണ് ഇന്ത്യക്ക് തുണയായത്. ഇതോടെ ടി 20യില്‍ തുടര്‍ച്ചയായി സെഞ്ച്വറി നേടുന്ന ആദ്യ താരമായി സഞ്ജു മാറി. ദക്ഷിണാഫ്രിക്കക്കെതിരെ ഒരു ഇന്ത്യന്‍ താരം തേടുന്ന അതിവേഗ സെഞ്ച്വറിയും ആണിത്.

രാജ്യാന്തര ടി20 ക്രിക്കറ്റില്‍ തുടര്‍ച്ചയായി രണ്ട് സെഞ്ചുറി നേടുന്ന നാലാമത്തെ താരവുമാണ് സഞ്ജു. ഗുസ്താവോ മക്കെയോണ്‍, റിലീ റൂസോ, ഫില്‍ സാള്‍ട്ട് എന്നിവര്‍ മാത്രമാണ് സഞ്ജുവിന് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയവര്‍. 27 പന്തില്‍ അര്‍ധെസഞ്ചുറിയിലെത്തിയ സഞ്ജു സെഞ്ച്വറിയിലെത്താന്‍ എടുത്തത് 20 പന്തുകള്‍ മാത്രമാണെടുത്തത്. ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യന്‍ താരത്തിന്റെ അതിവേഗ ടി20 സെഞ്ച്വറിയെന്ന റെക്കോര്‍ഡും ഡര്‍ബനില്‍ സഞ്ജു അടിച്ചെടുത്തു.

India won by 61 runs with Sanju’s century