24
Nov 2024
Tue
24 Nov 2024 Tue
women killed and buried

അമ്പലപ്പുഴ: കാണാതായ കരുനാഗപ്പള്ളി സ്വദേശിനി ക്രൂരമായി കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് പൊലീസ്. വിജയലക്ഷ്മിയെ സുഹൃത്തും പുറക്കാട് സ്വദേശിയുമായ ജയചന്ദ്രന്‍ കൊലപ്പെടുത്തിയത് ദൃശ്യം മോഡലില്‍.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പ്ലെയര്‍കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ ശേഷം കുഴിച്ചുമൂടി കോണ്‍ക്രീറ്റ് ചെയ്യുകയായിരുന്നു. ജയചന്ദ്രന്റെ വീടിന് സമീപത്തെ പറമ്പില്‍ നിന്ന് പരിശോധനയില്‍ മൃതദേഹം കണ്ടെത്തി.

പുറക്കാട് പഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ താമസിക്കുന്ന ജയചന്ദ്രന്റെ വീടിന് സമീപം നിര്‍മാണത്തിലിരിക്കുന്ന വീട്ടിലാണ് മൃതദേഹം കുഴിച്ചുമൂടിയതെന്നാണ് ആദ്യം മൊഴി നല്‍കിയിരുന്നത്. പിന്നീടാണ് സമീപത്തെ പറമ്പില്‍ കുഴിച്ചിട്ടുവെന്ന് പറഞ്ഞത്.

ALSO READ: ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദിഖിന് മുന്‍കൂര്‍ ജാമ്യം നൽകി സുപ്രീംകോടതി

മനു എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് സ്ഥലം. കഴിഞ്ഞ ഞായറാഴ്ച ഇവിടെ വീട് വെക്കാന്‍ തറക്കല്ലിട്ടിരുന്നു. മൃതദേഹം കുഴിച്ചിട്ടുവെന്ന് കരുതുന്ന പ്രദേശത്ത് തെങ്ങിന്‍ തൈകള്‍ പുതുതായി വെച്ച നിലയിലായിരുന്നു.

രാത്രിയില്‍ മറ്റൊരാള്‍ വിജയലക്ഷ്മിയുടെ ഫോണില്‍ വിളിച്ചതിനെ തുടര്‍ന്നുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് വിവരം. കൊല്ലപ്പെട്ട വിജയലക്ഷ്മിയുടെ കാമുകനാണ് പ്രതി ജയചന്ദ്രന്‍.

അമ്പലപ്പുഴ ക്ഷേത്രത്തില്‍ തൊഴാമെന്ന് പറഞ്ഞാണ് ജയചന്ദ്രന്‍ വിജയലക്ഷ്മിയെ വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. സംഭവം നടക്കുമ്പോള്‍ ജയചന്ദ്രന്റെ ഭാര്യയും കുട്ടിയും വീട്ടിലുണ്ടായിരുന്നില്ല. പ്ലയര്‍ കൊണ്ട് തലയ്ക്കടിച്ചാണ് വിജയലക്ഷ്മിയെ ജയചന്ദ്രന്‍ കൊലപ്പെടുത്തിയത്. അമ്പലപ്പുഴ കാരൂര്‍ സ്വദേശിയാണ് പിടിയിലായ ജയചന്ദ്രന്‍.

കൊലപാതകത്തിന് ശേഷം അന്വേഷണം വഴിതെറ്റിക്കാന്‍ കൊച്ചിയിലെത്തിയ പ്രതി വിജയലക്ഷ്മിയുടെ ഫോണ്‍ കണ്ണൂരിലേക്കുള്ള കെ.എസ്.ആര്‍.ടി.സി ബസില്‍ ഉപേക്ഷിക്കുകയായിരുന്നു.

ഈ മാസം ആറിനാണ് വിജയലക്ഷ്മിയെ കാണാനില്ലെന്ന് ബന്ധുക്കള്‍ പരാതി നല്‍കിയത്. ഈ അന്വേഷണമാണ് ജയചന്ദ്രനിലേക്ക് എത്തുന്നത്. മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷന്‍, കോള്‍ ലിസ്റ്റ് എന്നിവ പരിശോധിച്ചതില്‍ നിന്നാണ് ജയചന്ദ്രനിലേക്ക് എത്തിയത്. ഫോണ്‍ ബസില്‍ ഉപേക്ഷിച്ചത് ജയചന്ദ്രനാണെന്ന് കണ്ടെത്തുകയായിരുന്നു.

ഭര്‍ത്താവുമായി അകന്നുകഴിയുകയായിരുന്നു വിജയലക്ഷ്മി. വിജയലക്ഷ്മിയെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തറിയുന്നത്.

അതേസമയം വീട്ടില്‍ ആരെയും കൊണ്ടുവന്നതായി അറിയില്ലെന്ന് ജയചന്ദ്രന്റെ ഭാര്യ സുനിമോള്‍ പറഞ്ഞു. താന്‍ വീട്ടുജോലിക്ക് പോകുന്ന ആളാണ്. രണ്ട് വര്‍ഷമായി വിജയലക്ഷ്മിയെ അറിയാമെന്നും സുനിമോള്‍ പറഞ്ഞു.