28
Nov 2024
Thu
28 Nov 2024 Thu
Hyderabad RSS

ചരിത്രപ്രസിദ്ധമായ ഹൈദരാബാദ് നഗരത്തിന്റെ പേര് മാറ്റാനുള്ള ആസൂത്രിത നീക്കവുമായി ആര്‍എസ്എസ്. (RSS moves to change Hyderabad’s name; Cultural festival to stir up sectarianism) ഇതിന്റെ ഭാഗമായി ‘ഭാഗ്യനഗര്‍’ എന്നായിരുന്നു ഹൈദരാബാദിന്റെ പുരാതന നാമമെന്ന് പ്രചരിപ്പിച്ച് കൊണ്ടുള്ള സാംസ്‌കോരികോല്‍സവം സംഘടിപ്പിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മൂന്ന് ദിവസങ്ങളിലായി നടന്ന പരിപാടിയില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരക്കണക്കിന് സംഘപരിവാര പ്രവര്‍ത്തകര്‍ പങ്കെടുത്തു. നഗരത്തിന്റെ, മായം ചേര്‍ക്കാത്ത സാംസ്‌കാരിക, ആത്മീയ പൈതൃകം അനുസ്മരിക്കുന്നതിന് വേണ്ടിയാണ് ആഘോഷം സംഘടിപ്പിച്ചതെന്നാണ് ആര്‍എസ്എസ് അവകാശവാദം.

ALSO READ: വിദ്യാര്‍ഥിയുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ട സ്‌കൂള്‍ അധ്യാപികയ്ക്ക് 30 വര്‍ഷം തടവ്

പൈതൃകം തിരിച്ചുപിടിക്കുക എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പരമ്പരാഗത കലാപരിപാടികള്‍, സിറ്റിയുടെ ചരിത്രത്തെക്കുറിച്ചുള്ള ക്ലാസുകള്‍, നഗരത്തിന്റെ ഹൈന്ദവ പൈതൃകം എടുത്തുകാട്ടുന്ന പ്രദര്‍ശനങ്ങള്‍ തുടങ്ങിയവ സംഘടിപ്പിച്ചു. ഹൈദരാബാദിന്റെ യഥാര്‍ത്ഥ പേര് ഭാഗ്യനഗര്‍ എന്നായിരുന്നുവെന്നും ഇസ്ലാമിക ഭരണത്തിന് മുമ്പ് ഹൈന്ദവ പാരമ്പര്യം നിലനിന്നിരുന്ന ഒരു നഗരമായിരുന്നു ഇതെന്നും ഉദ്ഘാടന പരിപാടിയില്‍ ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത് അവകാശപ്പെട്ടു.

”ഭാഗ്യലക്ഷ്മി ദേവതയുമായി ബന്ധപ്പെട്ടാണ് ഭാഗ്യനഗര്‍ എന്ന പേര് വന്നത്. ഞങ്ങളുടെ ലക്ഷ്യം ചരിത്രം മായ്ച്ച് കളയുകയല്ല, മറിച്ച് മറച്ചുവയ്ക്കപ്പെട്ട അതിന്റെ മഹത്തായ ഭൂതകാല ചരിത്രം വെളിച്ചത്തുകൊണ്ടുവരികയാണ്”- മോഹന്‍ ഭാഗവത് പറഞ്ഞു.

അതേ സമയം, ആര്‍എസ്എസ് അവകാശവാദത്തെ ചരിത്രകാരന്മാര്‍ തള്ളിക്കളയുന്നു. 1591ല്‍ ഖുത്ബ് ഷാഹി ഭരണാധികാരികള്‍ സ്ഥാപിച്ചതാണ് ഹൈദരാബാദ് നഗരമെന്നാണ് ഭൂരിഭാഗം ചരിത്രകാരന്മാരുടെയും അഭിപ്രായം. ഹിന്ദു, പേര്‍ഷ്യല്‍, മുഗള്‍ സ്വാധീനങ്ങള്‍ നഗര രൂപീകരണത്തിലുണ്ടെന്നും ചരിത്രകാരന്മാര്‍ പറയുന്നു.

ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഭാഗമായി ഇസ്ലാമിക്, മുഗള്‍ സ്പര്‍ശമുള്ള സ്ഥലപ്പേരുകള്‍ മുഴുവന്‍ മാറ്റാനുള്ള അജണ്ടയാണ് ഈ നീക്കത്തിന് പിന്നിലെന്നാണ് വിമര്‍ശിക്കപ്പെടുന്നത്. കേന്ദ്ര മന്ത്രി ജി കിഷന്‍ റെഡ്ഡി ഉള്‍പ്പെടെയുള്ള പ്രമുഖ ബിജെപി നേതാക്കളും പരിപാടിയില്‍ സംബന്ധിച്ചിരുന്നു.

നഗരത്തെ വര്‍ഗീയവല്‍ക്കരിക്കാനുള്ള പരിപാടിയാണ് ഇതെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഉവൈസി വിമര്‍ശിച്ചു. നാനാത്വത്തില്‍ ഏകത്വത്തിന്റെ പ്രതീകമാണ് ഹൈദരാബാദ്. അവിടെ വിഭാഗീതയ സൃഷ്ടിക്കാനാണ് സംഘപരിവാരം ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.