കൊച്ചി: മതനിന്ദ ആരോപിച്ച് മതതീവ്രവാദികളിൽ നിന്നുള്ള ഭീഷണിയെത്തുടർന്ന് ‘ടര്‍ക്കിഷ് തര്‍ക്കം’ സിനിമ തിയറ്ററുകളിൽ നിന്ന് പിൻവലിച്ചെന്ന ആരോപണം താരങ്ങൾ തള്ളിയതോടെ വെട്ടിലായി വിർമാതാക്കൾ. ചിത്രത്തിലെ പ്രധാന താരങ്ങളായ ലുഖ്മാൻ അവറാനും സണ്ണി വെയ്നും മത നിന്ദ ആരോപണം തള്ളിയതിന് പിന്നാലെ സിനിമ തിയേറ്ററുകളിൽനിന്ന് പിൻവലിച്ചതിൽ നിർമാതാവിനോട് വിശദീകരണം തേടി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ. പിൻവലിക്കാനുണ്ടായ സാഹചര്യത്തിന്റെ വിശദാംശങ്ങളറിയിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
|
മതനിന്ദ നടത്തിയെന്ന ആരോപണമുയർത്തി ചില കേന്ദ്രങ്ങൾ എതിർപ്പുയർത്തിയതുകൊണ്ട് ചിത്രം പിൻവലിക്കുന്നുവെന്നാണ് നിർമാതാവ് നാദിർ ഖാലിദ്, സംവിധായകൻ നവാസ് സുലൈമാൻ എന്നിവർ കഴിഞ്ഞദിവസം പത്രസമ്മേളനത്തിൽ പറഞ്ഞത്. എന്നാൽ, ഇത്തരമൊരു പരാതി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് ലഭിച്ചിട്ടില്ല എന്നാണു റിപോർട്ട്. മാധ്യമങ്ങളിൽ നിന്നാണ് ചിത്രം പിൻവലിച്ച വിവരമറിഞ്ഞതെന്ന് അസോസിയേഷൻ സെക്രട്ടറി ബി. രാകേഷ് പറഞ്ഞു. ഇതോടെയാണ് വിശദാംശങ്ങൾ തേടി നോട്ടീസ് അയച്ചത്. ഇതിന് ഇതുവരെ മറുപടി ലഭിച്ചിട്ടില്ലെന്നും രാകേഷ് അറിയിച്ചു. മതനിന്ദയെന്ന ആരോപണം കളവാണെന്നും ആരും ഇതേച്ചൊല്ലി എതിർപ്പുയർത്തിയില്ലെന്നും കാട്ടി കോൺഗ്രസ് നേതാവ് വി.ടി. ബൽറാം ഉൾപ്പെടെ രംഗത്തെത്തിയിരുന്നു.
അഭിനേതാവ് എന്ന നിലയിൽ സിനിമ പിൻവലിക്കാൻ ഉണ്ടായ കാരണത്തെക്കുറിച്ച് അന്വേഷിച്ചപ്പോൾ ഉത്തരവാദിത്വപ്പെട്ടവരിൽ നിന്ന് വ്യക്തമായ ഒരു ഉത്തരം തനിക്ക് കിട്ടിയില്ല എന്ന് ലുക്മാൻ ഫെയ്സ്ബുക്കിൽ കുറിച്ചു. സിനിമ പിൻവലിച്ച വിവരം താൻ അറിയുന്നത് സോഷ്യൽ മീഡിയയിലൂടെയാണെന്ന് സണ്ണി വെയ്നും കുറിച്ചു.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
ഞാൻ അഭിനേതാവായ ടർക്കിഷ് തർക്കം എന്ന സിനിമയുമായി ബന്ധപ്പെട്ട് നടക്കുന്ന നിർഭാഗ്യകരമായ ചർച്ചകൾ ശ്രദ്ധയിൽ പെട്ടു. രണ്ടര വർഷം മുൻപ് ചിത്രീകരണം തുടങ്ങിയ സിനിമയാണത്. റിലീസ് ചെയ്ത ശേഷം തിയറ്ററിൽ നിന്നും ഈ സിനിമ പിൻവലിച്ചത് നിർമ്മാതാവിൻ്റെയും സംവിധായകന്റെയും കൂട്ടായ തീരുമാനമാണ് എന്നാണ് എന്റെ അറിവ്.
അതിലെ അഭിനേതാവ് എന്ന നിലയിൽ സിനിമ പിൻവലിക്കാൻ ഉണ്ടായ കാരണത്തെക്കുറിച്ച് അന്വേഷിച്ചപ്പോൾ ഉത്തരവാദിത്വപ്പെട്ടവരിൽ നിന്ന് വ്യക്തമായ ഒരു ഉത്തരം എനിക്ക് കിട്ടിയില്ല. ഈ സിനിമയുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള ഭീഷണി എനിക്കോ എന്റെ അറിവിലുള്ള ആർക്കെങ്കിലുമോ വന്നതായി അറിവുമില്ല.
അതുകൊണ്ട് തന്നെ ആ സിനിമയിലെ ഒരു അഭിനേതാവ് എന്നതിനപ്പുറം ഇപ്പോൾ നടക്കുന്ന ചർച്ചകളിൽ എനിക്ക് യാതൊരു പങ്കും ഇല്ല എന്ന് വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു. ഈ സിനിമയായി ബന്ധപ്പെട്ട് നടക്കുന്ന വിവാദത്തിനു പിന്നിൽ എന്തെങ്കിലും ദുരുദ്ദേശങ്ങൾ ഉണ്ടെങ്കിൽ അക്കാര്യം അന്വേഷിപ്പിക്കപ്പെടണം എന്ന് തന്നെയാണ് നിലപാട്.
സണ്ണി വെയ്ന്റെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
ചെറിയ വേഷത്തിലാണങ്കിലും, ഞാനും കൂടെ ഭാഗമായ ടർക്കിഷ് തർക്കം എന്ന സിനിമയുമായി ബന്ധപ്പെട്ട് യാതൊരു വിധ ഭീഷണിയും എനിക്ക് നേരിട്ടിട്ടില്ല എന്ന് ഞാൻ അറിയിക്കുന്നു. സിനിമ പിൻവലിക്കുവാനുണ്ടായ സാഹചര്യത്തെ കുറിച്ച് ഞാൻ നിർമ്മാതാവിനോട് തിരക്കിയപ്പോൾ കൃത്യമായ ഒരുത്തരം എനിക്ക് ലഭിച്ചിരുന്നില്ല. മാത്രവുമല്ല പിൻവലിച്ച വിവരം ഞാൻ അറിയുന്നത് സോഷ്യൽ മീഡിയയിലൂടെയുമാണ്.
എന്തുകൊണ്ടായാലും ഇത്തരത്തിലുള്ള ദൗർഭാഗ്യകരമായ അവസ്ഥകൾ ഒഴിവാക്കപ്പെടേണ്ടതായിരുന്നു. ഇത് മലയാള സിനിമയ്ക്ക് ഒരുതരത്തിലും ഗുണം ചെയ്യില്ലെന്നും മറിച്ച് ദോഷമേ ഉണ്ടാക്കുകയുള്ളൂ എന്നുമാണ് എൻ്റെ എളിയ അഭിപ്രായം. ഇതിൻ്റെ മേലുള്ള അനാവശ്യ ചർച്ചകൾ ഒഴിവാക്കണമെന്നും മലയാള സിനിമ ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്നും ഞാൻ അഭ്യർത്ഥിക്കുന്നു.
ഭീഷണി ആരോപണം വ്യാജമെന്ന് സംശയിക്കുന്നതായി കോണ്‍ഗ്രസ് നേതാവ് വിടി ബല്‍ റാമും പറഞ്ഞിരുന്നു. തീയ്യേറ്ററില്‍ പൊളിഞ്ഞുപോയേക്കാവുന്ന സിനിമയെ രക്ഷപ്പെടുത്താന്‍ വേണ്ടി മനപൂര്‍വ്വം സൃഷ്ടിച്ചെടുത്തതാണോ ഈ മതനിന്ദാ വിവാദവും ഭീഷണി ആരോപണവും താത്ക്കാലികമായ പിന്‍വലിക്കലുമെല്ലാം എന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
Turkish Tharkkam controversy updates


