ഇസ്ലാമാബാദ്: പാകിസ്താനി തലസ്ഥാനമായ ഇസ്ലാമാബാദിലെ പ്രധാന നിരത്തുകളില്‍ ബാരിക്കേഡ് പോലെ നിരത്തിയിട്ട ഷിപ്പിങ് കണ്ടെയ്നറിനു മുകളില്‍ കയറിനിന്ന് ഉറച്ച ശബ്ദത്തില്‍ പ്രഖ്യാപനം നടത്തുന്നത് മുഖപടമണിഞ്ഞൊരു സ്ത്രീ. (bushra-beebi-leads-pti-protest-in-pakistan)പേര് ബുഷ്റ ബീബി. മുന്‍ പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ ഭാര്യ.
|
‘പ്രിയപ്പെട്ട മക്കളേ, സഹോദരങ്ങളേ.. നിങ്ങള്‍ എനിക്കൊപ്പം നില്‍ക്കണം. നിങ്ങള്‍ ഒപ്പമുണ്ടായില്ലെങ്കിലും ഞാന്‍ പിന്നോട്ടില്ല; ഉറച്ചുതന്നെ നില്ക്കും. ഇത് എന്റെ ഭര്‍ത്താവിന്റെ മാത്രം കാര്യമല്ല. പാകിസ്താനും അതിന്റെ നേതാവിനും വേണ്ടിയുള്ള പോരാട്ടമാണിത്…’
അതുവരെയും മാധ്യമങ്ങളിലോ പൊതുരംഗങ്ങളിലോ ഒന്നും പ്രത്യക്ഷപ്പെടാത്തൊരാള് പെട്ടെന്നൊരുനാള്‍ എല്ലാവരെയും ഞെട്ടിച്ച് രാജ്യതലസ്ഥാനത്തെ ജനകീയ പ്രക്ഷോഭത്തിന്റെ മധ്യത്തിലേക്ക് നടന്നുകയറുന്നു.
പാകിസ്താനെ മാത്രമല്ല, ലോകരാഷ്ട്രീയത്തെ തന്നെയും ഞെട്ടിച്ചിരിക്കുകയാണ് ബുഷ്റ ബീബി. കഴിഞ്ഞ നവംബര്‍ 22നാണ് അസാധാരണമായൊരു വിഡിയോ സന്ദേശത്തിലൂടെ, ഇമ്രാന് ഖാന്റെ പാകിസ്താന് തെഹ്രീക്കെ ഇന്‍സാഫ്(പിടിഐ) പ്രവര്‍ത്തകരോട് ‘ജീവന്മരണ’ പോരാട്ടത്തിനിറങ്ങാന്‍ ബുഷ്റ ആഹ്വനം ചെയ്യുന്നത്.

പ്രിയപ്പെട്ട നേതാവിന്റെ പ്രിയപത്നിയുടെ അസാധാരണമായ ആഹ്വാനം ശിരസാവഹിച്ച് ദിവസങ്ങള്‍ക്കകം ആയിരങ്ങള്‍ തെരുവിലേക്കൊഴുകി. ഒരേയൊരു ആവശ്യമായിരുന്നു ആ ജനക്കൂട്ടം ഉയര്‍ത്തിയത്; ഇമ്രാന് ഖാന്റെ മോചനം.
നവംബര്‍ 25, 26 ദിവസങ്ങളില്‍ പതിനായിരങ്ങള്‍ രാജ്യതലസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തി. പ്രതിഷേധക്കാരെ തടയാന്‍ നഗരത്തില്‍ നേരത്തെ തന്നെ പൊലീസ് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുകയും പ്രധാന നിരത്തുകളെല്ലാം ഷിപ്പിങ് കണ്ടെയ്നറുകള്‍ ഉള്‍പ്പെടെ ഉപയോഗിച്ച് അടച്ചിടുകയും ചെയ്തിരുന്നു. ഇതിനിടയിലാണ്, അപ്രതീക്ഷിതമായി ഖൈബര്‍-പഖ്തുന്‍ഖ്വ മുഖ്യമന്ത്രി അലി അമീന് ഗന്ദാപൂരിനൊപ്പം ജനക്കൂട്ടത്തിനു നടുവില്‍ ബുഷ്റ ബീബി പ്രത്യക്ഷപ്പെടുന്നത്.
ഇമ്രാന് ഖാന്റെ നിര്‍ദേശപ്രകാരമാണ് ബുഷ്റ ബീബി ജനകീയ പ്രക്ഷോഭത്തിനു മുന്നിലേക്കും അതുവഴി സജീവരാഷ്ട്രീയത്തിലേക്കും ഇറങ്ങുന്നതെന്നാണ് അവരുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്. 100ലേറെ കുറ്റങ്ങള്‍ ചാര്‍ത്തപ്പെട്ട് ഇമ്രാന് ജയിലില്‍ കഴിയാന്‍ തുടങ്ങിയിട്ട് 500 ദിവസം പിന്നിട്ടു.
അധികാരം നഷ്ടപ്പെട്ടെന്നു മാത്രമല്ല, ഇമ്രാന് ഇനിയൊരു തിരിച്ചുവരവില്ലെന്നുവരെ വിലയിരുത്തലുകള്‍ വരുന്ന ഘട്ടത്തില്‍ പിടിഐ നേതൃത്വത്തില്‍ ആശയക്കുഴപ്പവും പാളയത്തില്‍ പടയും ഉടലെടുത്തുകഴിഞ്ഞെന്നാണ് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിനിടെ സ്വന്തം സ്ഥാനങ്ങള്‍ ഉറപ്പിക്കാന്‍ വേണ്ടി മത്സരിക്കുന്ന മുതിര്‍ന്ന നേതാക്കളില്‍ പലരും ഇമ്രാന്റെ ജയിലില്‍നിന്നുള്ള നിര്‍ദേശങ്ങള്‍ക്ക് ചെവികൊടുക്കാതായിട്ടുണ്ട്.
ഇതോടെയാണ് ബുഷ്റയോട് തന്നെ നേരിട്ട് ജനങ്ങള്‍ക്കിടയില്‍ ഇറങ്ങാന്‍ ഇമ്രാന് ആവശ്യപ്പെട്ടത്.
ബുഷ്റയ്ക്ക് രാഷ്ട്രീയ താല്പര്യങ്ങളൊന്നുമില്ലെന്നു ബുഷ്റയുമായി അടുത്ത ബന്ധമുള്ള മഷാല്‍ യൂസുഫ് സായ് പറയുന്നു. സൗമ്യമായ ആത്മീയവ്യക്തിത്വമാണ് അവര്‍. നിലവിലെ സാഹചര്യത്തില്‍ ഇമ്രാനും ജനങ്ങള്‍ക്കും ഇടയിലുള്ള പാലമായാണ് അവര്‍ വര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പഞ്ചാബ് സ്വദേശിയായ ബുഷ്റ റിയാസ് വാട്ടൂ എന്ന ബുഷ്റ ബീബിയെ 2014ലാണ് ഇമ്രാന് ഖാന് പരിചയപ്പെടുന്നത്. 13-ാം നൂറ്റാണ്ടില്‍ പഴയ പഞ്ചാബ് പ്രവിശ്യയില്‍ ജീവിച്ച സൂഫി ഗുരുവും ഇസ്ലാമിലെ ചിശ്തി ആത്മീയസരണയിലെ പ്രധാനിയുമായ ഫരീദുദ്ദീന്‍ ഗഞ്ച്ഷക്കറിന്റെ(ബാബ ഫരീദ്) അനുയായിയാണ് ബുഷ്റ ബീബി. ബാബ ഫരീദിന്റെ അധ്യാത്മികസരണിയിലൂടെ വളര്‍ന്ന അവര്‍ അപ്പോഴേക്ക് ജനങ്ങള്‍ക്കു മാര്‍ഗനിര്‍ദേശം നല്കുന്ന ആത്മീയഗുരുവായി മാറിയിരുന്നു.
കസ്റ്റംസ് ഉദ്യോഗസ്ഥനായ ഖവാര്‍ മനേകയായിരുന്നു ഭര്‍ത്താവ്. സൂഫിസത്തിലുള്ള താല്പര്യം തന്നെയാണ് ഇമ്രാന് ഖാനെ ബുഷ്റയുമായി അടുപ്പിച്ചത്. 2017ല്‍ ആദ്യ വിവാഹത്തില്‍നിന്നു വേര്‍പിരിഞ്ഞ ബുഷ്റ ബീബി 2018 ഫെബ്രുവരിയില്‍ ഇമ്രാന് ഖാനെ വിവാഹം കഴിക്കുകയും ചെയ്തു.

മാധ്യമങ്ങളില്‍ നിറഞ്ഞുനിന്ന ഇംറാന്റെ ആദ്യ ഭാര്യമാരില്‍നിന്ന് ഏറെ മാറി പൊതുരംഗങ്ങളിലൊന്നും അവര്‍ പ്രത്യക്ഷപ്പെട്ടതേയില്ല. ഇതിനിടെ, ബുഷ്റയും ഇമ്രാനും തമ്മിലുള്ള വിവാഹം ഇസ്ലാമികവിരുദ്ധമാണെന്ന് കാണിച്ച് 2023ല്‍ മുന്‍ ഭര്‍ത്താവ് ഖവാര്‍ ഇസ്ലാമാബാദിലെ കോടതിയില്‍ ഹരജി നല്കി. ഇസ്ലാമില്‍ വിവാഹമോചനശേഷം പുതിയ വിവാഹത്തിനുമുന്‍പ് നിര്‍ബന്ധമായും പാലിക്കേണ്ട ‘ഇദ്ദ’ കാലയളവ് കഴിയുംമുന്പ് വിവാഹം നടന്നുവെന്നായിരുന്നു ആരോപണം. കേസ് പരിഗണിച്ച കോടതി വിവാഹം അസാധുവാണെന്നു വിധി പ്രഖ്യാപിക്കുകയും ഇരുവരെയും ജയിലിലടക്കുകയും ചെയ്തു.
ജാമ്യത്തില്‍ പുറത്തിറങ്ങിയെങ്കിലും തോഷഖാന അഴിമതിക്കേസില്‍ ഇമ്രാനൊപ്പം വീണ്ടും ബുഷ്റ അറസ്റ്റിലായി. റാവല്‍പിണ്ടിയിലെ അദിയാല സെന്‍ട്രല്‍ ജയിലില്‍ ഒരു വര്‍ഷത്തോളം ജയിലില്‍ കഴിഞ്ഞ ശേഷം കഴിഞ്ഞ ഒക്ടോബറിലാണ് ബുഷ്റ ജാമ്യത്തില്‍ പുറത്തിറങ്ങുന്നത്.
അപ്പോഴും ഒന്നിനു പിറകെ ഒന്നായി നിയമക്കുരുക്കുകളില്‍പെട്ട് ഇമ്രാന്റെ ജയില്‍വാസം നീളുകയാണ്. രാജ്യദ്രോഹം ഉള്‍പ്പെടെ അതീവ ഗുരുതര കുറ്റങ്ങളും അഴിമതിക്കേസുകളുമെല്ലാം ചുമത്തിപ്പെട്ടതിനാല് അദ്ദേഹത്തിന്റെ മോചനം അനന്തമായി നീളുകയാണ്.
ഈ സാഹചര്യത്തിലാണ് പിടിഐ തലപ്പത്തേക്ക് ബുഷ്റ എത്തുന്നത്. ആത്മീയ പരിവേഷമുള്ള ബുഷ്റയുടെ നേതൃരംഗത്തേക്കുള്ള വരവ് പാക് രാഷ്ട്രീയത്തെ ഏത് രീതിയില്‍ മാറ്റിമറിക്കുമെന്ന ആകാംക്ഷയിലാണ് ലോകം.


