15
Dec 2024
Sun
15 Dec 2024 Sun
Bashar al-Assad

ഡമസ്‌കസ്: സിറിയയില്‍ ബശ്ശാറുല്‍ അസദ് എന്ന ഏകാധിപതിയുടെ ഭരണം അവസാനിച്ചതായി പ്രഖ്യാപിച്ച് വിമതര്‍. (Live: Rebels announce toppling Assad government)ഹുംസ്, ദരായ, മുആമദിയ നഗരങ്ങള്‍ പൂര്‍ണമായും വിമോചിക്കപ്പെട്ടതായി സിറിയന്‍ പ്രതിപക്ഷം അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ദെയ്റുല്‍ സൂര്‍ നഗരത്തില്‍ വിമത സേന പ്രവേശിച്ചതിന് പിന്നാലെ നൂറുകണക്കിന് സൈനികര്‍ കീഴടങ്ങുന്നതായി പ്രഖ്യാപിച്ചു. ജനങ്ങള്‍ തിരഞ്ഞെടുക്കുന്ന പുതിയ സര്‍ക്കാരുമായി യോജിച്ച് പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്ന് അസദ് സര്‍ക്കാരിലെ പ്രധാനമന്ത്രി മുഹമ്മദ് ഗാസി അല്‍ ജലാല്‍ അറിയിച്ചു.

ആഭ്യന്തര കലാപം രൂക്ഷമായ സിറിയയില്‍ അപ്രതീക്ഷിതമായാണ് വിമതര്‍ തലസ്ഥാനത്തേക്കു മുന്നേറിയത്. മൂന്ന് പ്രധാന നഗരങ്ങള്‍ പിടിച്ചെടുത്ത ശേഷമാണ് വിമതര്‍ തലസ്ഥാനം ലക്ഷ്യംവച്ച് നീങ്ങിയത്.

പ്രസിഡന്റ് ബശ്ശാറുല്‍ അസദ് രാജ്യം വിട്ടതായി സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് സ്ഥരീകരിച്ചു. ദമസ്‌കസ് അന്താരാഷ്ട്ര വിമാനത്താവളം വഴിയാണ് അദ്ദേഹം പലായനം ചെയ്തതെന്ന് ഒബ്‌സര്‍വേറ്ററി മേധാവി റാമി അബ്ദുല്‍ റഹ്‌മാന്‍ അറിയിച്ചു. അസദ് സര്‍ക്കാര്‍ വീണതായി സിറയന്‍ സൈനിക കമാന്‍ഡും അറിയിച്ചു.

”ബഅസ് ഭരണത്തിന്‍ കീഴിലെ അമ്പത് വര്‍ഷത്തെ അടിച്ചമര്‍ത്തലുകള്‍ക്കും 13 വര്‍ഷത്തെ ബശ്ശാറുല്‍ അസദിന്റെ അതിക്രമങ്ങള്‍ക്കും ക്രൂരതകളള്‍ക്കും അറുതിയായിരിക്കുന്നു. നീണ്ട പോരാട്ടത്തിലൂടെ എല്ലാ തരത്തിലുള്ള അധിനിവേശവും അവസാനിപ്പിച്ചതായും സിറിയയില്‍ പുതിയൊരു അധ്യായത്തിന് തുടക്കമിട്ടതായും ഞങ്ങള്‍ പ്രഖ്യാപിക്കുന്നു.”- വിമത സൈനിക കമാന്‍ഡര്‍ ഹസന്‍ അബ്ദുല്‍ ഗാനി എക്‌സിലൂടെ പ്രഖ്യാപിച്ചു.

ഡമസ്‌കസ് കഴിഞ്ഞാല്‍ ഏറ്റവും വലിയ നഗരങ്ങളായ ഹുംസ്, ഹമാ എന്നിവയും വടക്കുള്ള അലപ്പോ, കിഴക്ക് ദെയ്റുല്‍ സൂര്‍ എന്നിവിടങ്ങളും കയ്യടക്കിയ വിമതര്‍ തെക്കന്‍ മേഖലയുടെ നിയന്ത്രണം ഏതാണ്ടു പൂര്‍ണമായും പിടിച്ചെടുത്തു.

ക്വിനെയ്ത്ര, ദരായാ, സുവെയ്ദ എന്നീ തെക്കന്‍ പ്രദേശങ്ങളും കയ്യടക്കി. ഒരാഴ്ചയ്ക്കിടെയാണ് നാലു വന്‍ നഗരങ്ങള്‍ വിമതര്‍ വിമതര്‍ കീഴടക്കിയത്.

സിറിയന്‍ ഒബ്സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്സിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ദരായാ, പ്രവിശ്യയുടെ 90 ശതമാനം പ്രദേശങ്ങളും വിമതര്‍ വെള്ളിയാഴ്ച വൈകിട്ടോടെ പിടിച്ചെടുത്തിട്ടുണ്ട്. തൊട്ടടുത്ത സവൈദയില്‍ നിന്നും സിറിയന്‍ സൈന്യവും ഗവര്‍ണറും പിന്‍വാങ്ങി.

വിമോചനത്തിന്റെ അവസാന നിമിഷങ്ങളിലെത്തിയതായി വിമത സേനയായ ഹയാത് താഹ്രീര്‍ അല്‍ഷാം തലവന്‍ അഹമ്മദ് അല്‍ ഷാറാ ഇന്നലെ വീഡിയോ സന്ദേശത്തിലൂടെ പ്രഖ്യാപിച്ചിരുന്നു.
അസദിനെ പിന്തുണയ്ക്കുന്ന ഇറാനും തുര്‍ക്കിയും റഷ്യയും ദോഹയില്‍ ചര്‍ച്ച നടത്തി.

വിമതസേനയെ നയിക്കുന്ന ഹയാത് താഹ്രീര്‍ അല്‍ഷാം ഭീകര സംഘടനയാണെന്നും സിറിയന്‍ പ്രദേശങ്ങള്‍ പിടിച്ചടക്കാന്‍ അവരെ അനുവദിക്കരുതെന്നും റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്റോവ് അഭിപ്രായപ്പെട്ടിരുന്നു. സിറിയന്‍ സര്‍ക്കാരിന് എല്ലാ സഹായവും നല്‍കുമെന്ന് ഇറാനും അറിയിച്ചിരുന്നു. എന്നാല്‍, വിഷയത്തില്‍ ഇടപെടില്ലെന്ന് അമേരിക്ക വ്യക്തമാക്കി.