പത്തനംതിട്ട: കണ്ണൂരില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ അടിമുടി ദുരൂഹത. മരണത്തില്‍ നവീന്‍ ബാബുവിന്റെ ബന്ധുക്കളും പി.വി അന്‍വര്‍ എം.എല്‍.എയുമാണ് കനത്ത ആരോപണങ്ങളുന്നയിച്ച് രംഗത്തുവന്നത്.
|
നവീന്‍ ബാബുവിന്റെ അടിവസ്ത്രത്തില്‍ രക്തക്കറ ഉണ്ടായിരുന്നുവെന്ന ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിന് പിന്നാലെ പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടര്‍ക്കെതിരെ നവീന്‍ ബാബുവിന്റെ ബന്ധുക്കള്‍ ആണ് രംഗത്തുവന്നത്. പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് കൃത്യമായി വായിച്ചു നോക്കേണ്ടതായിരുന്നുവെന്ന് നവീന്റെ ബന്ധു അഡ്വ. അനില്‍ പി. നായര്‍ ആരോപിച്ചു. ആന്തരിക അവയവങ്ങളിലും ശരീരത്തിലും മറ്റുപരിക്കുകളില്ലെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. പിന്നെ അടിവസ്ത്രത്തില്‍ രക്തക്കറ എങ്ങനെ വരുമെന്നും അനില്‍ ചോദിച്ചു.
ഇക്കാര്യം വിശദീകരിക്കാന്‍ ഇതുവരെ പൊലീസിന് കഴിഞ്ഞിട്ടില്ല. ഇക്കാര്യത്തില്‍ അന്വേഷണവും നടന്നില്ല. നവീന്‍ ബാബുവിന്റെ മരണത്തില്‍ ഇപ്പോഴും ഗൂഢാലോചന സംശയിക്കുന്നുണ്ട്. മൃതശരീരത്തില്‍ നിന്നും രക്തസ്രാവം ഉണ്ടായതായി വ്യക്തമാണ്. അതിനര്‍ത്ഥം ഒരു മുറിവ് ശരീരത്തില്‍ എവിടെയോ ഉണ്ടായിട്ടുണ്ടെന്നാണ്. അത് എന്തായിരുന്നു എന്ന് പറയേണ്ടത് പൊലീസിന്റെ ബാധ്യതയും പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടറുടെ ചുമതലയുമാണെന്നും അനില്‍ പറഞ്ഞു.
നവീന്‍ ബാബുവിന്റെ അടിവസ്ത്രത്തില്‍ രക്തക്കറ ഉണ്ടായിരുന്നതായാണ് പൊലീസിന്റെ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ജോക്കി എന്ന എഴുത്തുള്ളതും ചാരനിറത്തിലുള്ളതുമായ അടിവസ്ത്രമാണ് മരിക്കുമ്പോള്‍ നവീന്‍ബാബു ധരിച്ചിരുന്നത്. അടിവസ്ത്രം രക്തക്കറകളോടുകൂടിയ നിലയിലായിരുന്നുവെന്നും ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലുണ്ട്.
നവീന്‍ ബാബു മരിച്ചവിവരം പുറത്തുവന്ന ഒക്ടോബര്‍ 15ന് രാവിലെ കണ്ണൂര്‍ ടൗണ്‍ പൊലീസ് തയ്യാറാക്കിയ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലാണ് ഈ വിവരമുള്ളത്. എന്നാല്‍ മൃതദേഹ പരിശോധന റിപ്പോര്‍ട്ടില്‍ രക്തക്കറയുടെയോ പരിക്കിന്റെയോ പരാമര്‍ശങ്ങളില്ലാത്തതാണ് സംശയത്തിനിടയാക്കിയത്.
അതേസമയം, ഇന്‍ക്വസ്റ്റ്, പോസ്റ്റ്‌മോര്‍ട്ടം നടപടികളില്‍ സര്‍വത്ര ദുരൂഹതയാണുള്ളതെന്ന് പി വി അന്‍വര്‍ എംഎല്‍എയും പറഞ്ഞു. സാധാരണ തൂങ്ങിമരണത്തില്‍, തൂങ്ങിക്കഴിഞ്ഞാല്‍ മലമൂത്ര വിസര്‍ജ്ജനം ഉണ്ടാകും. എന്നാല്‍ നവീന്‍ബാബുവിന്റെ യൂറിനറി ബ്ലാഡര്‍ ശൂന്യമാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അദ്ദേഹം മൂത്രമൊഴിച്ചിട്ടുണ്ടെങ്കില്‍ അദ്ദേഹത്തിന്റെ വസ്ത്രത്തില്‍ അതു കാണേണ്ടതല്ലേ. അതു രേഖപ്പെടുത്തേണ്ടതല്ലേ?. അതൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് അന്‍വര്‍ പറഞ്ഞു. 0.5 സെന്റിമീറ്റര്‍ വണ്ണമുള്ള കയറില്‍ തൂങ്ങി മരിച്ചതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 55 കിലോ ഭാരമുള്ള നവീന്‍ബാബു എങ്ങനെ ഈ കയറില്‍ തൂങ്ങിനിന്നവെന്നും അദ്ദേഹം ചോദിച്ചു.
തൂങ്ങിയതിനെത്തുടര്‍ന്ന് ശ്വാസംമുട്ടി മരിച്ചിട്ടും എഡിഎമ്മിന്റെ ഹൃദയ വാല്‍വ്, ഭിത്തി അടക്കമുള്ള അവയവങ്ങള്‍ക്ക് ഒരു കുഴപ്പവുമില്ലെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. അടിവസ്ത്രത്തില്‍ രക്തമുണ്ടെന്ന കാര്യം പോസ്റ്റ്‌മോര്‍ട്ടത്തില്‍ പറയുന്നില്ല. എഡിഎമ്മിന്റെ ആന്തരികാവയവങ്ങള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചില്ല. സാധാരണ നിലയില്‍ നടത്തുന്ന ഈ പരിശോധനയ്ക്കു പോലും ഇത്രയും ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ മരിച്ചിട്ടും പരിശോധനയ്ക്ക് അയക്കാതിരുന്നു.
എങ്ങനെ മരിച്ചു എന്നറിയാനാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നത്. ആ ഇന്റന്‍ഷന്‍ ആരുടെയൊക്കെയോ താല്‍പ്പര്യ പ്രകാരം ഒരു ഭാഗത്തും പരിശോധിച്ചിട്ടില്ല. നവീന്‍ബാബു ഒരിക്കലും ജീവനൊടുക്കില്ലെന്നാണ് കുടുംബം പറയുന്നത്. അവസാനം വിളിച്ചപ്പോഴും അങ്ങനെയൊരു സൂചന ഉണ്ടായിരുന്നില്ലെന്നും അവര്‍ പറയുന്നു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയുമായി ബന്ധപ്പെട്ട മറ്റു രഹസ്യങ്ങള്‍ നവീന്‍ബാബുവിന് അറിയുമായിരുന്നോയെന്ന് അന്വേഷിക്കണമെന്ന് പി വി അന്‍വര്‍ ആവശ്യപ്പെട്ടു.
ഒരു പെട്രോള്‍ പമ്പിന്റെ വിഷയം മാത്രമല്ല. അദ്ദേഹത്തിന്റെ അടുത്ത ആളുകളോട് നവീന്‍ബാബു പറഞ്ഞത്, അദ്ദേഹത്തിന് അവിടെ ജോലി ചെയ്യാന്‍ കഴിയുന്നില്ല എന്നാണ്. നിയമവിധേയമല്ലാത്ത കാര്യങ്ങള്‍ക്കും പി ശശി ഉള്‍പ്പെടെ നിര്‍ബന്ധിക്കുന്നു. പറ്റാവുന്നതിന്റെ പരമാവധി ചെയ്തു കൊടുത്തു. ഇനി കണ്ണൂരില്‍ ജോലി ചെയ്യാന്‍ പറ്റില്ലെന്ന് നവീന്‍ബാബു അടുപ്പമുള്ളവരോട് പറഞ്ഞുവെന്നും അന്‍വര്‍ വ്യക്തമാക്കി.
ADM Naveen Babu’s death shrouded in mystery


