ന്യൂഡല്‍ഹി: മുസ്ലിം പള്ളികളുടെ മേല്‍ അവകാശവാദങ്ങളുന്നയിച്ച് സംഘര്‍ഷം സൃഷ്ടിക്കാനുള്ള സംഘപരിവാരത്തിന്റെ ആസൂത്രിത ശ്രമങ്ങള്‍ക്ക് തടയിട്ട് സുപ്രിം കോടതി. (places-of-worship-act-hearing-update-supreme-court)ആരാധനാലയങ്ങളുടെ സ്വഭാവം മാറ്റാനുള്ള ഒരു പുതിയ ഹര്‍ജിയും പരിഗണിക്കരുതെന്ന് കീഴ്ക്കോടതികള്‍ക്ക് സുപ്രീംകോടതി നിര്‍ദ്ദേശം നല്കി.
|
നിലവിലെ ഹരജികളില്‍ സുപ്രീംകോടതി വാദം കേള്‍ക്കുന്നത് വരെ സര്‍വേ അടക്കമുള്ള ഉത്തരവുകള്‍ കീഴ്ക്കോടതികള്‍ നല്‍കരുതെന്നാണ് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്. ഇടക്കാല ഉത്തരവോ അന്തിമ ഉത്തരവോ പാടില്ലെന്നും കോടതി നിര്‍ദേശിച്ചു. സംഭല്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ നിരവധി ഹരജികള്‍ സുപ്രീംകോടതിയില്‍ എത്തിയ സാഹചര്യത്തിലാണ് അടിയന്തര ഇടപെടല്‍.
ഗ്യാന്‍വാപിക്ക് പിന്നാലെ കൂടുതല്‍ പള്ളികളില്‍ സര്‍വേ നടത്താനുള്ള കീഴ്ക്കോടതി ഉത്തരവുകള്‍ വലിയ സംഘര്‍ഷത്തിന് വഴിവെച്ചിരുന്നു. ആരാധനാലയങ്ങളുടെ 1947ലെ സ്വഭാവം മാറ്റരുതെന്ന് നിര്‍ദ്ദേശിക്കുന്ന നിയമത്തിനെതിരായ ഹരജിയും നിയമം നിലനില്‍ക്കെ കീഴ്ക്കോടതികള്‍ സര്‍വ്വേകള്‍ക്ക് ഉത്തരവിടുന്നത് തടയണമെന്ന ആവശ്യവും ഇന്ന് കോടതി പരിഗണിച്ചു. രണ്ട് കാര്യങ്ങളിലും വിശദ വാദം കേള്‍ക്കാമെന്ന് സുപ്രീംകോടതി അറിയിച്ചു.
കേന്ദ്രസര്‍ക്കാര്‍ ഹര്‍ജികളില്‍ നാലാഴ്ചയ്കക്കകം മറുപടി നല്‍കണം. ഇനി ഒരുത്തരവുണ്ടാകുന്നത് വരെ ഒരു ആരാധാനലയത്തിന്റെ കാര്യത്തിലും കീഴ്ക്കോടതികള്‍ പുതിയ ഹരജികള്‍ പരിഗണിക്കരുത്. ഒരിടത്തും സര്‍വ്വേ അടക്കമുള്ള കാര്യങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കരുതെന്ന് ചീഫ് ജസ്റ്റിസിന്റെ ഉത്തരവില്‍ പറയുന്നു. നാല് പ്രധാന ആരാധനലയങ്ങളുടേത് ഉള്‍പ്പെടെ 18 അപേക്ഷകള്‍ കീഴ്ക്കോടതികളിലുണ്ടെന്ന് ഒരു വിഭാഗം കോടതിയെ അറിയിച്ചു.
ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹരജികള്‍ പരിഗണിച്ചത്. ബിജെപി നേതാവ് ആശ്വനി കുമാര്‍ ഉപാധ്യായ ഉള്‍പ്പെടെയുള്ളവരാണ് ഹരജിക്കാര്‍. ഹര്‍ജികള്‍ക്കെതിരെ കക്ഷി ചേരാന്‍ മുസ്സീം ലീഗും സമസ്തയും അപേക്ഷ നല്‍കിയിട്ടുണ്ട്. ആരാധനാലയ നിയമം ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ മുറുകെ പിടിക്കുന്നതാണെന്നാണ് ലീഗ് വാദിക്കുന്നത്. നിയമം റദ്ദാക്കിയാല്‍ രാജ്യത്തെ മതേതരത്വം തകരുന്നതിന് കാരണമാകുമെന്ന് സമസ്ത അപേക്ഷയില്‍ ചൂണ്ടിക്കാട്ടുന്നു.
എന്താണ് ആരാധനാലയ നിയമം
”1947 ഓഗസ്റ്റ് 15-ന് നിലവിലുണ്ടായിരുന്ന ഏതെങ്കിലും ആരാധനാലയത്തിന്റെ മതപരമായ സ്വഭാവം നിലനിര്‍ത്തുന്നതിനും ഏതെങ്കിലും ആരാധനാലയം മറ്റു വിഭാഗങ്ങള്‍ പിടിച്ചെടുക്കുന്നതും തടയുന്നതും നിരോധിക്കുന്നതിനുമുള്ള നിയമമാണിത്.
ആക്ടിന്റെ മൂന്നാം വകുപ്പ് പ്രകാരം, ഏതെങ്കിലും ഒരു മതവിഭാഗത്തിന്റെ ആരാധനാലയത്തെ പൂര്‍ണ്ണമായോ ഭാഗികമായോ, മറ്റൊരു മതവിഭാഗത്തിന്റെതാക്കി മാറ്റുന്നത് തടയുന്നു.
1947 ആഗസ്ത് 15-ന് ഒരു ആരാധനാലയത്തിന്റെ മതപരമായ സ്വഭാവം ”നിലവിലുണ്ടായിരുന്നതുപോലെ തന്നെ തുടരും” എന്ന് സെക്ഷന്‍ 4(1) പ്രഖ്യാപിക്കുന്നു. 1947 ആഗസ്ത് 15-ന് നിലവിലുള്ള ഏതെങ്കിലും ആരാധനാലയത്തിന്റെ മതപരമായ സ്വഭാവം മാറ്റുന്നതുമായി ബന്ധപ്പെട്ട് ഏതെങ്കിലും കോടതിയുടെ മുമ്പാകെ തീര്‍പ്പുകല്‍പ്പിക്കാത്ത മുഴുവന്‍ കേസുകളും റദ്ദാക്കുമെന്നും പുതിയ കേസോ നിയമ നടപടികളോ ആരംഭിക്കാന്‍ കഴിയില്ലെന്നും സെക്ഷന്‍ 4(2) പറയുന്നു.
ബാബറി മസ്ജിദ് കേസിനും അതുമായി ബന്ധപ്പെട്ട ഏത് കേസിനും അപ്പീലിനും നടപടികള്‍ക്കും ഈ നിയമം ബാധകമല്ലെന്ന് സെക്ഷന്‍ 5 അനുശാസിക്കുന്നു.
ബാബരി മസ്ജിദിന് വേണ്ടിയുള്ള സമരങ്ങള്‍ അതിന്റെ മൂര്‍ദ്ധന്യത്തില്‍ നിന്ന സമയത്താണ് പ്രധാനമന്ത്രി പി വി നരസിംഹ റാവുവിന്റെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഈ നിയമം കൊണ്ടുവന്നത്.





