ന്യൂഡല്‍ഹി: നൂറ്റാണ്ടുകള്‍ പഴക്കമുള്ള മസ്ജിദുകള്‍ കയ്യേറി സംഘര്‍ഷമുണ്ടാക്കുകയും മുസ്‌ലിം വംശഹത്യക്ക് ശ്രമിക്കുകയും ചെയ്യുന്ന ഫാസിസ്റ്റ് ഭരണകൂടത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധത്തിന് യൂത്ത് ലീഗ് ദേശീയ കമ്മിറ്റി ആഹ്വാനം ചെയ്തു. യു പി സംഭലില്‍ ഷാഹി മസ്ജിദ് സര്‍വ്വേയുടെ പേരില്‍ 5 പേരെ യു പി പോലീസ് വെടി വച്ച് കൊന്ന സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ദേശീയ യൂത്ത് ലീഗ് കമ്മിറ്റി ദേശീയ പ്രക്ഷോഭത്തിനൊരുങ്ങുന്നത്. നവമ്പര്‍ 26 മുതല്‍ ഡിസംബര്‍ 6 വരെയാണ് ദേശീയ പ്രക്ഷോഭം നടക്കുക. കേരളത്തില്‍ നിയോജക മണ്ഡലം തലങ്ങളിലും മറ്റ് സംസ്ഥാനങ്ങളില്‍ ജില്ലാ കേന്ദ്രങ്ങളിലും ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി വിവിധ സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ദേശീയ കമ്മിറ്റി അറിയിച്ചു.
|
മസ്ജിദുകള്‍ അടക്കമുള്ള ന്യൂനപക്ഷ ആരാധനാലയങ്ങളെ ലക്ഷ്യം വക്കുന്നത് രാജ്യത്ത് നിത്യസംഭവമാവുകയാണ്. യാതൊരു തര്‍ക്കവും ഉണ്ടായിട്ടില്ലാത്ത ഡല്‍ഹി അഖുഞ്ചി മസ്ജിദ് തകര്‍ത്തിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടില്ല. വിവിധ സംസ്ഥാനങ്ങളില്‍ സമാനമായ സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണ്. നിയമ ലംഘനങ്ങള്‍ക്കും നീതി നിഷേധത്തിനും ബിജെപി സര്‍ക്കാരുകള്‍ തന്നെയാണ് നേതൃത്വം നല്‍കുന്നത്. ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് യുപിയിലെ ഷാഹി മസ്ജിദ്. നേരത്തെ ഗുജറാത്തിലും മുസ്ലിം ആരാധനാലയങ്ങള്‍ തകര്‍ക്കപ്പെട്ടിരുന്നു.
വിശുദ്ധമായി കാണുകയും സംരക്ഷിക്കുകയും ചെയ്യേണ്ട ആരാധനാലയങ്ങളെ മുന്‍നിറുത്തി രാജ്യത്തിന്റെ സമാധാനം തകര്‍ക്കുന്ന ഭരണകൂട ഭീകരതയെ രാജ്യത്തെ മതേതര വിശ്വാസികള്‍ എന്തു വില കൊടുത്തും പ്രതിരോധിക്കണമെന്ന് യൂത്ത് ലീഗ് ദേശീയ കമ്മിറ്റി ആവശ്യപ്പെട്ടു. 1991 ലെ ആരാധനാലയ സംരക്ഷണ നിയമം കര്‍ശനമായി നടപ്പിലാക്കണമെന്നും നിരപരാധികളായ അഞ്ചു ചെറുപ്പക്കാരെ വെടി വെച്ച് കൊന്ന യുപി പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും ആവശ്യപ്പെട്ടാണ് ദേശീയ കമ്മിറ്റി രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുന്നത്.ദേശീയ പ്രക്ഷോഭം വിജയിപ്പിക്കാന്‍ രാജ്യത്തെങ്ങുമുള്ള യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണമെന്ന് യൂത്ത് ലീഗ് ദേശീയ കമ്മിറ്റി പ്രസിഡന്റ് ആസിഫ് അന്‍സാരിയും ജനറല്‍ സെക്രട്ടറി അഡ്വ.വികെ ഫൈസല്‍ ബാബുവും അഭ്യര്‍ത്ഥിച്ചു.
Youth League to hold nationwide protest against mosque attacks and Muslim genocide





