17
Dec 2024
Fri
17 Dec 2024 Fri
eight arrested by assam police

ഗുവാഹത്തി: അസം പൊലീസിന്റെ സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് (STF) കാസര്‍കോട് ജില്ലയിലെ കാഞ്ഞങ്ങാട് നിന്നു പിടികൂടിയ യുവാവിന് ഭീകര സംഘടനയുമായി ബന്ധമെന്ന് അസം പോലീസ്. (8 arrested for targetting RSS members, Hindu leaders: Assam Police) ഇയാള്‍ ബംഗ്ലാദേശ് പൗരനാണെന്നും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ അല്‍ ഖാഇദ അനുകൂല സംഘമായ അന്‍സാറുളള ബംഗ്ലാ ടീമുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്നുമാണ് പോലീസ് അവകാശപ്പെടുന്നത്. ഭീകര ബന്ധമാരോപിച്ച് എട്ട് പേരെയാണ് വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് അസം പോലീസ് അറസ്റ്റ് ചെയ്തത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആര്‍എസ്എസ്, ഹൈന്ദവ സംഘടനാ നേതാക്കളെ വധിക്കാനും രാജ്യത്ത് വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഉണ്ടാക്കാനും ലക്ഷ്യമിട്ട് കഴിഞ്ഞ നവംബറിലാണ് ബംഗ്ലാദേശ് രാജ്ഷാഹി സ്വദേശിയായ മുഹമ്മദ് സഅദ് റാദി ഇന്ത്യയിലെത്തിയതെന്ന് അസം പൊലീസിലെ സ്പെഷല്‍ ഡിജിപി ഹര്‍മീത് സിംഗ് പറഞ്ഞു.

ശാബ് ശെയ്ഖ്(37) എന്ന പേരില്‍ അറിയപ്പെടുന്ന ഇയാള്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ക്കൊപ്പം താമസിച്ച് പെയിന്റിംഗ്, കോണ്‍ക്രീറ്റ് ജോലികള്‍ ചെയ്തുവരികയായിരുന്നു അമ്മ ബംഗ്ലാദേശ് പൗരയും പിതാവ് പശ്ചിമബംഗാള്‍ സ്വദേശിയുമാണെന്നാണ് ശാബ് ശെയ്ഖ് പറയുന്നത്.

KASARAGOD ARREST

എന്നാല്‍, ഇത് അസം പൊലീസ് തളളി. അന്‍സാറുളള ബംഗ്ലാ ടീം തലവന്‍ ജസിമുദ്ദീന്‍ റഹ്‌മാനിയുടെ അടുത്ത അനുയായി ഫര്‍ഹാന്‍ ഇസ്രാക്കിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഇയാള്‍ ഇന്ത്യയിലെത്തിയതെന്നാണ് പോലീസ് അവകാശപ്പെടുന്നത്.

അസമില്‍ രജിസ്റ്റര്‍ ചെയ്ത യുഎപിഎ കേസിലാണ് ഷാബ് ഷെയ്ഖ് പിടിയിലായത്. അസമിലും പശ്ചിമ ബംഗാളിലും തീവ്രവാദ സ്ലീപ്പര്‍ സെല്ലുകള്‍ സജീവമാക്കാന്‍ ഇയാള്‍ വിവിധ പ്രദേശങ്ങളിലെത്തിയതായി അസം പൊലീസ് വ്യക്തമാക്കി.

അസം പൊലീസ് ആരംഭിച്ച ഓപ്പറേഷന്‍ പ്രഘട്ടിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഷാബ് ഷെയ്ഖ് പിടിയിലായത്. ഇയാളടക്കം എട്ട് പേരെ അസം പൊലീസ് പിടികൂടിയിട്ടുണ്ട്. കേരള പൊലീസിന്റെ സഹായത്തോടെയാണ് കാഞ്ഞങ്ങാട് നിന്ന് ഇയാളെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കേരളം, പശ്ചിമ ബംഗാള്‍, അസം എന്നിവിടങ്ങളില്‍ ഒരേസമയമായിരുന്നു പരിശോധനകള്‍ നടത്തിയത്.

മിനാറുല്‍ ഷെയ്ഖ് (40) , അബ്ബാസ് അലി (33) എന്നിവര്‍ പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദ് ജില്ലയിലാണ് പിടിയിലായത്. നൂര്‍ ഇസ്ലാം മണ്ഡല്‍ (40), അബ്ദുള്‍ കരീം മണ്ഡല്‍ (30), മുജീബുര്‍ റഹ്‌മാന്‍(46), ഹമീദുല്‍ ഇസ്ലാം (34), ഇനാമുല്‍ ഹഖ് (29) എന്നിവരാണ് പിടിയിലായ മറ്റുള്ളവര്‍. ഇവരെ അസമിലെ ദുബ്രി ജില്ലയില്‍ നിന്നാണ് അറസ്റ്റ് ചെയ്തതെന്നും പോലീസ് അറിയിച്ചു. ബംഗ്ലാദേശ് അതിര്‍ത്തിയോട് ചേര്‍ന്ന് കിടിക്കുന്ന ജില്ലയാണ് ദുബ്രി.

ഇവരില്‍ നിന്ന് മൊബൈല്‍ ഫോണുകളും മറ്റ് രേഖകളും പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു. കഴിഞ്ഞ ഏതാനും മാസങ്ങളായി ഇവര്‍ അതിര്‍ത്തിക്കപ്പുറത്തുള്ള ബംഗ്ലാദേശ്, പാകിസ്താന്‍ കേന്ദ്രങ്ങളുമായി നിരന്തരം ബന്ധപ്പെടുന്നതായി സൂചനയുണ്ടെന്നും പോലീസ് പറയുന്നു. മുര്‍ഷിദാബാദ്, പശ്ചിമ ബംഗാളിലെ ഫലകത എന്നിവിടങ്ങളില്‍ യോഗം ചേര്‍ന്നാണ് ഇവര്‍ ആര്‍എസ്എസ്, ഹിന്ദു സംഘടനാ നേതാക്കളെ വധിക്കാന്‍ പദ്ധതി തയ്യാറാക്കിയതെന്നും ഡിജിപി ഹര്‍മീത് സിംഗ് പറഞ്ഞു.