തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴിയുള്ള മുഴുവന്‍ സേവനങ്ങളും ഓണ്‍ലൈനായി ലഭ്യമാക്കുന്ന കെ-സ്മാര്‍ട്ട് ത്രിതല പഞ്ചായത്തുകളിലേക്കും. ഓഫീസുകള്‍ കയറിയിറങ്ങാതെ തന്നെ പൊതുജനങ്ങള്‍ക്ക് സേവനം ലഭ്യമാക്കുന്ന കെ സ്മാര്‍ട്ട് ഏപ്രില്‍ മുതല്‍ പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കുമെന്ന് മന്ത്രി എം ബി രാജേഷ് അറിയിച്ചു.
|
ജനുവരി ഒന്നുമുതലായിരുന്നു സംസ്ഥാനത്തെ നഗരസഭകളില്‍ കെ-സ്മാര്‍ട്ടിന്റെ സേവനം ലഭ്യമായത്. ഇതിനകം തന്നെ കെ-സ്മാര്‍ട്ട് വഴി 27.31 ലക്ഷം ഫയലുകളാണ് സ്വീകരിച്ചത്. ഇതില്‍ 74.6 ശതമാനവും തീര്‍പ്പാക്കി. ഓരോ ഓഫീസിലെയും ജില്ലയിലെയും ഓരോ വിഭാഗം ഫയലുകളും തിരിച്ച് പരിഹരിച്ചതിന്റെ സ്ഥിതി പൊതുജനങ്ങള്‍ക്ക് അറിയാനും സൗകര്യമുണ്ട്.
ALSO READ: കേരളത്തിലെ ആദ്യ സ്വകാര്യ വിമാന കമ്പനി ഏപ്രിലില്‍ സര്‍വീസ് തുടങ്ങും; കുറഞ്ഞ നിരക്കില്‍ പറക്കാം
ത്രിതല പഞ്ചായത്തുകളിലേക്ക് കെ-സ്മാര്‍ട്ടിന്റെ സേവനം എത്തുന്നതിന് മുമ്പ് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്, നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത്, കരകുളം ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളില്‍ ജനുവരി ഒന്നുമുതല്‍ പരീക്ഷണഘട്ടം നടക്കും.
നിലവില്‍ ഗ്രാമപഞ്ചായത്തുകളില്‍ പ്രവര്‍ത്തിക്കുന്ന ഐഎല്‍ജിഎംഎസ് സംവിധാനം മാറ്റിയാണ് കൂടുതല്‍ പരിഷ്‌കരിച്ച പതിപ്പായ കെ-സ്മാര്‍ട്ട് ഒരുക്കുന്നത്. ഇന്‍ഫര്‍മേഷന്‍ കേരളാ മിഷനാണ് രണ്ട് സോഫ്റ്റ്വെയറുകളും വികസിപ്പിച്ചത്. സംസ്ഥാനത്തെ 941 ഗ്രാമപഞ്ചായത്തുകളിലെയും 152 ബ്ലോക്ക് പഞ്ചായത്തിലെയും 14 ജില്ലാ പഞ്ചായത്തിലെയും ജീവനക്കാര്‍ക്കുള്ള പരിശീലനം ജനുവരിയില്‍ ആരംഭിക്കും.
കെ-സ്മാര്‍ട്ട് ആരംഭിക്കുന്നതോടെ സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നുമുള്ള സേവനങ്ങള്‍ സമയബന്ധിതമായി ഓഫീസുകളില്‍ പോകാതെ തന്നെ പൊതുജനങ്ങള്‍ക്ക് ലഭ്യമാവും.
കെ-സ്മാര്‍ട്ട് ആപ്ലിക്കേഷനിലൂടെ സേവനങ്ങള്‍ക്കായുള്ള അപേക്ഷകളും പരാതികളും ഓണ്‍ലൈനായി സമര്‍പ്പിക്കാനും, അവയുടെ സ്റ്റാറ്റസ് ഓണ്‍ലൈനായി തന്നെ അറിയാനും സാധിക്കും. അതിനായി അപേക്ഷകളുടെയും പരാതികളുടെയും കൈപ്പറ്റ് രസീത് പരാതിക്കാരന്റെ/അപേക്ഷകന്റെ ലോഗിനിലും വാട്‌സ്ആപ്പിലും ഇ-മെയിലിലും ലഭ്യമാകുന്ന ഇന്റഗ്രേറ്റഡ് മെസേജിംഗ് സംവിധാനം ഒരുക്കിയിട്ടുണ്ട്.


