23
Dec 2024
Sat
23 Dec 2024 Sat
K Surendran

കോട്ടയം: കെ സുരേന്ദ്രന് വീണ്ടും ബി.ജെ.പി സംസ്ഥാന അധ്യക്ഷസ്ഥാനത്തെത്താനുള്ള അവസരമൊരുങ്ങുന്നു. അഞ്ചുവര്‍ഷം പൂര്‍ത്തിയായ സംസ്ഥാന, ജില്ല, മണ്ഡലം പ്രസിഡന്റുമാര്‍ക്ക് സംഘടന തെരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിക്കാമെന്ന ദേശീയ നേതൃത്വത്തിന്റെ നിലപാടാണ് സുരേന്ദ്രന് തുണയായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പാലക്കാട്ടെ പരാജയത്തിന് പിന്നാലെ സുരേന്ദ്രന് പകരക്കാരനെ കൊണ്ടുവരാന്‍ ചരടുവലിച്ച വിമത വിഭാഗത്തിന് തിരിച്ചടിയാണ് ദേശീയ നേതൃത്വത്തിന്റെ നീക്കം. തന്നെ മാറ്റുന്നതുവരെ അധ്യക്ഷസ്ഥാനത്ത് തുടരുമെന്ന് കെ. സുരേന്ദ്രന്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. ഇതോടെ പാര്‍ട്ടിയിലെ സുരേന്ദ്ര വിരുദ്ധ വിഭാഗം സമ്മര്‍ദ്ദം ശക്തമാക്കാനൊരുങ്ങുകയാണ്.

ALSO READ: ഒരു ടീബാഗ് ചായയിലിടുമ്പോള്‍ വയറ്റിലെത്തുന്നത് കോടിക്കണക്കിന് മൈക്രോപ്ലാസ്റ്റിക്

കഴിഞ്ഞ ദിവസം ചേര്‍ന്ന പാര്‍ട്ടി ഓണ്‍ലൈന്‍ യോഗത്തില്‍ ബി.ജെ.പി കേന്ദ്ര നിരീക്ഷക വാനതി ശ്രീനിവാസനാണ് കേന്ദ്ര നേതൃത്വത്തിന്റെ നിലപാട് വിശദീകരിച്ചത്. ജില്ലാ പ്രസിഡന്റുമാര്‍ ഉള്‍പ്പെടെ പാര്‍ട്ടിയിലെ വലിയൊരു വിഭാഗം കെ. സുരേന്ദ്രനെ പിന്തുണക്കുന്നവരാണ്.

ആ സാഹചര്യത്തില്‍ സുരേന്ദ്രന്‍ തുടരുന്നതിനോട് വലിയ എതിര്‍പ്പുണ്ടാകില്ലെന്ന് ഔദ്യോഗികപക്ഷം കരുതുന്നു. മൂന്നുവര്‍ഷത്തെ കാലാവധിക്ക് ശേഷം ലഭിച്ച രണ്ട് വര്‍ഷം രണ്ടാംടേമായി കാണാനാകില്ലെന്ന് നിരീക്ഷക വ്യക്തമാക്കിയതും സുരേന്ദ്രന് അനുകൂലമാണ്. എന്നാല്‍, ഈ നീക്കത്തില്‍ വിമതവിഭാഗം കടുത്ത നീരസത്തിലാണ്.

വീണ്ടും സുരേന്ദ്രനെ പ്രസിഡന്റാക്കുന്നത് പാര്‍ട്ടിയെ നയിക്കാന്‍ കേരളത്തില്‍ മറ്റാരുമില്ലെന്ന തോന്നല്‍ സൃഷ്ടിക്കുമെന്നാണ് അവരുടെ ആക്ഷേപം. കഴിഞ്ഞ ദിവസം രാത്രി ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തില്‍ അവര്‍ എതിര്‍പ്പ് അറിയിച്ചു. ചില നേതാക്കള്‍ യോഗത്തില്‍നിന്ന് ഇറങ്ങിപ്പോയതായും പറയുന്നു. പാലക്കാട് തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയം ഉള്‍പ്പെടെ പാളിയതായും പരാജയത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം സുരേന്ദ്രനാണെന്നും ആരോപിച്ച് ഒരു വിഭാഗം രംഗത്തെത്തിയിരുന്നു. ശോഭാ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവരാണ് അണിയറയില്‍ സുരേന്ദ്രനെതിരേ ചരടുവലിക്കുന്നത്.

കെ. സുരേന്ദ്രന്‍ തുടരുന്നതില്‍ പാര്‍ട്ടിയിലെ ഒരുവിഭാഗത്തിന് എതിര്‍പ്പുണ്ട്. ശോഭ സുരേന്ദ്രന്‍, എം.ടി. രമേശ് ഉള്‍പ്പെടെയുള്ളവരെ പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാണിച്ചുള്ള നീക്കങ്ങളാണ് അവര്‍ നടത്തുന്നത്. കേന്ദ്ര നിലപാട് വരും ദിവസങ്ങളില്‍ ബിജെപി സംസ്ഥാന ഘടകത്തില്‍ പൊട്ടിത്തെറിക്ക് കാരണമായേക്കും.