എസ്ഡിപിഐ ഉള്‍പ്പെടെ എല്ലാ വിഭാഗങ്ങളുടെയും പിന്തുണയോട് കൂടിയാണ് താനൂര്‍ നിയമസഭാ മണ്ഡലത്തില്‍ വിജയിച്ചതെന്ന് മന്ത്രി വി അബ്ദുറഹ്‌മാന്‍.(Minister V Abdurahman indicates that LDF has received support of SDPI in Tanur) താനൂരില്‍ ലീഗിനെതിരേ വലിയ കൂട്ടായ്മയാണ് അന്ന് രൂപപ്പെട്ടതെന്നും മുസ്ലിം ലീഗിനെതിരായ മല്‍സരത്തില്‍ എല്ലാ വിഭാഗവും സഹായിച്ചിട്ടുണ്ടെന്നും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് മന്ത്രി പ്രതികരിച്ചു.
|
വിജയരാഘവനെ പോലെയുള്ള സിപിഎം നേതാക്കള്‍ നടത്തുന്ന വര്‍ഗീയ പരാമര്‍ശങ്ങള്‍ അതേപടി ഏറ്റുപിടിച്ച് പാര്‍ട്ടിയോടുള്ള തന്റെ കൂറ് തെളിയിക്കാന്‍ ശ്രമിക്കുന്ന മന്ത്രി വി അബ്ദു റഹിമാന്‍ താന്‍ കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ ജയിച്ചതെങ്ങനെയെന്ന് ഓര്‍ക്കുന്നത് നല്ലതാണെന്ന് എസ്ഡിപിഐ മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് ഇന്നലെ പ്രസ്താവിച്ചിരുന്നു. താനൂര്‍ മണ്ഡലത്തിലെ തന്നെ ജയിപ്പിച്ച ജനങ്ങളോടും ഇതേ സമീപനമാണോ മന്ത്രിക്കുള്ളതെന്ന് അദ്ധേഹം വ്യക്തമാക്കണമെന്നും ഈ പ്രസ്താവ പിന്‍വലിച്ച് മാപ്പ് പറയണമെന്നും ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
ALSO READ: ആലപ്പുഴ: SDPI നേതാവുമായി ബന്ധമുണ്ടെന്ന് ആരോപണമുയര്‍ന്ന ലോക്കല്‍ സെക്രട്ടറിക്കെിരെ നടപടിയെടുത്ത് CPIM
ഇതേക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി, ന്യൂനപക്ഷ വര്‍ഗീയതയുമായി ബന്ധപ്പെട്ട് വലിയ ആശങ്കയുണ്ടെന്നും ന്യൂനപക്ഷ-ഭൂരിപക്ഷ വര്‍ഗീയതയുടെ ഏറ്റുമുട്ടല്‍ ഗുണം ചെയ്യില്ലെന്നും മന്ത്രി പറഞ്ഞു. സമാധാന അന്തരീക്ഷം നിലനില്‍ക്കുന്ന സ്ഥലമാണ് കേരളം. അവിടെ മുസ്ലിം ലീഗ്-ജമാഅത്തെ ഇസ്ലാമി കൂട്ടുകെട്ട് ഗുണം ചെയ്യില്ല. താനൂരിലെ വിജയത്തെ സംബന്ധിച്ച് മുസ്ലിം ലീഗിനെതിരായ മല്‍സരത്തില്‍ എല്ലാവരും സഹായിച്ചിട്ടുണ്ട്. താനൂരിലെ വോട്ടര്‍മാരെ മറുന്നു കൊണ്ടുള്ള ഒരു രീതി ഇന്നേവരെ സ്വീകരിച്ചിട്ടില്ല. ഇനി അങ്ങനെ ഉണ്ടാവുകയുമില്ല. കാരണം താനൂരില്‍ വലിയ മാറ്റം കൊണ്ടുവരാന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ട്. ആ കാര്യത്തില്‍ മറ്റൊരു സംശയം ആര്‍ക്കും വേണ്ട. താനൂരിന്റെ വികസനമാണ് ലക്ഷ്യം വച്ചത്. അത് നല്ല രീതിയില്‍ തന്നെ നടന്നിട്ടുണ്ട്.
താനൂരില്‍ ലീഗിനെതിരേ എസ്ഡിപിഐ ഉള്‍പ്പെടെ സഹായിച്ചിട്ടുണ്ടോ എന്ന മാധ്യപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി താനൂരില്‍ ലീഗിനെതിരായി വലിയ കൂട്ടായ്മയാണ് അന്ന് രൂപപ്പെട്ടതെന്നും തീര്‍ച്ചയായും അത് തന്നെയാണ് വിജയത്തിന്റെ അടിസ്ഥാനമെന്നും മന്ത്രി പറഞ്ഞു. എസ്ഡിപിഐയെക്കുറിച്ചുള്ള നിലപാടെന്താണെന്ന ചോദ്യത്തിന് എസ്ഡിപിഐയെ പ്രത്യേകമായി പറയേണ്ട ഒരുആവശ്യം ഇപ്പോഴില്ലെന്ന് അദ്ദേഹം പ്രതികരിച്ചു. ജമാഅത്തെ ഇസ്ലാമിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പാര്‍ട്ടി ശക്തമായ നിലപാട് സ്വീകരിച്ചു വരികയാണ്. ആ കാര്യത്തില്‍ വിട്ടുവീഴ്ച്ചയില്ല. അത് മറ്റു കാര്യങ്ങളുമായി കൂട്ടിക്കെട്ടേണ്ടതില്ലെന്നും മന്ത്രി വി അബ്ദുറഹ്‌മാന്‍ വ്യക്തമാക്കി.
രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും പാര്‍ലമെന്റിലെത്തിയത് മുസ്ലിം വര്‍ഗീയ ചേരിയുടെ പിന്തുണയോടെയാണെന്ന വിജയരാഘവന്റെ പ്രസ്താവന കൃത്യമായ കാര്യമെന്നായിരുന്നു മന്ത്രി വി അബ്ദു റഹ്‌മാന്‍ ഇന്നലെ പറഞ്ഞത്. ഈ പ്രസ്താവനയ്‌ക്കെതിരേ എസ്ഡിപിഐ ഉള്‍പ്പെടെ വലിയ പ്രതിഷേധമുയര്‍ത്തിയിരുന്നു.


