ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്റെ പരാതിയില്‍ കേന്ദ്ര ആഭ്യന്തര സുരക്ഷാ വകുപ്പ് റിപ്പോര്‍ട്ടര്‍ ചാനലിനെതിരെ അന്വേഷണം ആരംഭിച്ചതായി റിപോര്‍ട്ട്. (Central agency investigates Reporter Channel) റിപോര്‍ട്ടര്‍ ചാനലിന്റെ ഓഹരി കൈമാറ്റം രാജ്യസുരക്ഷാകാരണങ്ങളാല്‍ വിലക്കിയ ആഭ്യന്തര മന്ത്രാലയ ഉത്തരവ് ചൂണ്ടിക്കാട്ടി ബിജെപി നേതാവായ ശോഭാ സുരേന്ദ്രന്, കേന്ദ്ര കമ്പനി കാര്യമന്ത്രാലയത്തിനും റജിസ്ട്രാര്‍ ഓഫ് കമ്പനീസിനും 2024 നവംബര്‍ ഏഴിനു പരാതി നല്‍കിയിരുന്നു.
|
ഓഹരി കൈമാറ്റത്തിനുള്ള തടസ്സവും ജിഎസ്ടി വിലക്കും മറി കടക്കാന്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ അവലംബിച്ച നിയമവിരുദ്ധനടപടിയും പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
സാമ്പത്തിക തട്ടിപ്പ്, നിരോധിക്കപ്പെട്ട പോപ്പുലര്‍ ഫ്രണ്ടില്‍ നിന്ന് ഫണ്ട് സ്വീകരിച്ചു, മറ്റൊരു കമ്പനിയുടെ ജിഎസ്ടി ഉപയോഗിച്ച് പരസ്യ ബിസിനസുകള്‍ നടത്തി തുടങ്ങിയ ആരോപണങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ ശോഭാസുരേന്ദ്രന് ഉന്നയിച്ചിരുന്നു.
റിപോര്‍ട്ടര്‍ ചാനലിനെതിരേ അന്വേഷണം ആരംഭിച്ച കാര്യം ഡോ. ഭാര്‍ഗവ റാം ആണ് ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചത്. കേസ് സംബന്ധിച്ച് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയും അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്.
ശോഭാ സുരേന്ദ്രന്റെ പരാതിയില്‍ രജിസ്ട്രാര്‍ ഓഫ് കമ്പനീസ് രണ്ടു കമ്പനികള്‍ക്കും നോട്ടീസ് നല്‍കിയിരിക്കുകയാണെന്ന് വിവരാവകാശ അപേക്ഷയില്‍ ലഭിച്ച മറുപടിയില്‍ പറയുന്നു. റിപോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനിയില്‍ നിന്ന് മറുപടി ലഭിച്ചതായും ഇന്‍ഡോ ഏഷ്യന്‍ ന്യൂസ് ചാനലില്‍ നിന്നുള്ള മറുപടിക്ക് കാത്തുനില്‍ക്കുകയാണെന്നും ഇതില്‍ പറയുന്നുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം
റിപ്പോര്‍ട്ടര്‍ ചാനലിന്റെ ഓഹരി കൈമാറ്റം രാജ്യസുരക്ഷാകാരണങ്ങളാല്‍ വിലക്കിയ ആഭ്യന്തര മന്ത്രാലയ ഉത്തരവു ചൂണ്ടിക്കാട്ടി ബിജെപി നേതാവായ ശ്രീമതി. ശോഭാ സുരേന്ദ്രന്, കേന്ദ്ര കമ്പനി കാര്യമന്ത്രാലയത്തിനും റജിസ്ട്രാര്‍ ഓഫ് കമ്പനീസിനും 2024 നവംബര്‍ ഏഴിനു നല്കിയ പരാതിയെ തുടര്‍ന്നാണ് കേന്ദ്ര കമ്പനി കാര്യമന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചത്.
ഓഹരി കൈമാറ്റത്തിനുള്ള തടസവും ജി എസ് ടി വിലക്കും മറി കടക്കാന്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ അവലംബിച്ച നിയമവിരുദ്ധനടപടി പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. റിപ്പോര്‍ട്ടര്‍ ചാനലിന്റെ യഥാര്‍ഥ ഉടമകളായ ഇന്‍ഡോ ഏഷ്യന്‍ ന്യൂസ് ചാനലിന്റെ കളമശേരിയിലെ വിലാസത്തില്‍ അഗസ്റ്റിന് സഹോദരന്മാര് റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനി എന്ന പേരില്‍ ഷെല്‍ കമ്പനി രൂപീകരിച്ച ശേഷം റിപ്പോര്‍ട്ടര്‍ ചാനല്‍ നിയന്ത്രണം ഏറ്റെടുത്തിരുന്നു.
ഇന്‍ഡോ ഏഷ്യന്‍ ന്യൂസ് ചാനല്‍ ഓഹരി ഉടമകളുമായി ഒത്താശ ചെയ്താണ് ഷെല്‍ കമ്പനിയുടെ മറവില്‍ ചാനല്‍ നടത്തുന്നത് എന്നാണ് ശ്രദ്ധേയമായ പരാതി.
ഇതിനെ തുടര്‍ന്ന് റജിസ്ട്രാര്‍ ഓഫ് കമ്പനീസ് രണ്ടു കമ്പനികള്‍ക്കും നോട്ടീസ് നല്‍കിയിരിക്കുകയാണ്. ഇന്‍ഡോ ഏഷ്യന്‍ ന്യൂസ് ചാനല്‍ മറുപടി നല്കാത്തതിനാല് റിമൈന്‍ഡറും നല്‍കിയിട്ടുണ്ട്.
ഡോ: ഭാര്‍ഗവ റാം


