റിപ്പോര്‍ട്ടര്‍ ചാനലിനെ ശക്തമായി വിമര്‍ശിച്ച് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍. (K Sudhakaran against Reporter channel; demands apology) ഭക്ഷണത്തില്‍ പോലും ജാതീയ വിഷം കലര്‍ത്താന്‍ ശ്രമിച്ച അധമജന്മങ്ങള്‍ റിപ്പോര്‍ട്ടര്‍ ചാനലിന്റെ സ്വത്താണെന്ന് സുധാകരന്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ ആക്ഷേപിച്ചു.
|
വ്യാജ പരാമര്‍ശങ്ങള്‍ പിന്‍വലിച്ച് പരസ്യമായി മാപ്പ് പറയാന്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ തയ്യാറാകാത്ത പക്ഷം ചാനലുമായി സഹകരിക്കുന്ന കാര്യം പാര്‍ട്ടി പുനഃപരിശോധിക്കുമെന്നും കെ. സുധാകരന്‍ പറഞ്ഞു.
തെരഞ്ഞെടുപ്പുകാലത്ത് റിപോര്‍ട്ടര്‍ ചാനല്‍ രാഹുല്‍ മാങ്കൂട്ടത്തില്‍, ഷാഫി പറമ്പില്‍ എന്നിവരെ ലക്ഷ്യം വെച്ച് വ്യാജ വാര്‍ത്തകള്‍ സൃഷ്ടിച്ചുവെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആരോപണം.
ALSO READ: ‘സുരേന്ദ്രനും മുരളീധരനും ബിജെപിയിലെ കുറുവാ സംഘം’; കോഴിക്കോട് നഗരത്തില്‍ സേവ് ബിജെപി പോസ്റ്ററുകള്‍
തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നയുടന്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഷാഫി പറമ്പില്‍ റിപ്പോര്‍ട്ടര്‍ ചാനലിനെ പ്രത്യേകം പരാമര്‍ശിച്ച് വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെ റിപ്പോര്‍ട്ടര്‍ ചാനലിലെ ചര്‍ച്ചയില്‍ യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് എബിന്‍ വര്‍ക്കിയും, കെപിസിസി സെക്രട്ടറി ജ്യോതികുമാര്‍ ചാമക്കാലയും ചാനലിനെതിരെയുള്ള പ്രതിഷേധം പ്രകടിപ്പിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് റിപ്പോര്‍ട്ടര്‍ ചാനലിലെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ കോണ്‍ഗ്രസ് അനുകൂലികള്‍ രംഗത്തെത്തിയത്.
ചാനല്‍ പ്രവര്‍ത്തകന്‍ റോഷി പാലിന്റെ ഫോട്ടോ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുന്നുവെന്ന മറുപടിയുമായാണ് റിപ്പോര്‍ട്ടര്‍ ചാനല്‍ രംഗത്തെത്തിയത്. ഇതുമായി ബന്ധപ്പെട്ട് ചാനല്‍ ഉടമകള്‍ പോലീസില്‍ പരാതി നല്‍കുകയും ചെയ്തു.
ഇതോടെ, അണികളും റിപോര്‍ട്ടറും തമ്മില്‍ യുദ്ധം മൂര്‍ഛിച്ചു. ഇതിന് പിന്നാലെയാണ് കെപിസിസി അധ്യക്ഷന്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിരിക്കുന്നത്. ചാനലിനെ വിമര്‍ശിക്കുന്ന പ്രവര്‍ത്തകരെ ന്യായീകരിച്ചു കൊണ്ടുള്ളതാണ് രൂക്ഷമായി ഭാഷയിലുള്ള സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റ്.
എന്റെ പ്രിയപ്പെട്ട പ്രവര്‍ത്തകരോട്…
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിനെതിരെ ഏറ്റവും മ്ലേച്ഛമായ വര്‍ഗ്ഗീയ പ്രചാരണങ്ങള്‍ നടത്തിയ റിപ്പോര്‍ട്ടര്‍ ചാനലിനോടുള്ള നിങ്ങളുടെ വികാരം പാര്‍ട്ടി മനസ്സിലാക്കുന്നു. നേതൃത്വം അതിനെ മാനിക്കുന്നു.
തീവ്ര വര്‍ഗ്ഗീയത പടര്‍ത്തുന്ന സിപിഎം പോലുള്ള പ്രസ്ഥാനങ്ങളെ കൂട്ടുപിടിച്ചുകൊണ്ട് കേരളത്തെ വര്‍ഗ്ഗീയമായി ഭിന്നിപ്പിക്കാന്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളോട് ശക്തമായ പ്രതിഷേധം കോണ്‍ഗ്രസ് രേഖപ്പെടുത്തുന്നു. അച്ഛനെ ചുട്ടുകൊല്ലാന്‍ ശ്രമിച്ചവരുടെ കൂടെ കൂടി മകന്‍ തുടങ്ങിയ വാര്‍ത്ത ചാനലില്‍ നിന്ന് കൂടുതലൊന്നും നാട് പ്രതീക്ഷിക്കുന്നില്ല. പക്ഷെ നിഷ്പക്ഷ മേലങ്കി വലിച്ചെറിഞ്ഞ്, ചെയ്തുകൊണ്ടിരുന്ന അടിമപ്പണി സ്ഥിരം തൊഴിലാക്കി അദ്ദേഹം പുറത്തോട്ട് പോയിട്ടും, ചാനലിന് ‘നല്ല’ മാറ്റങ്ങളൊന്നും സംഭവിച്ചില്ല എന്ന് ഞങ്ങള്‍ മനസിലാക്കുന്നു.
കുട്ടികള്‍ക്ക് വിളമ്പുന്ന ഭക്ഷണത്തില്‍ പോലും ജാതീയ വിഷം കലര്‍ത്താന്‍ ശ്രമിച്ച അധമജന്മങ്ങള്‍ ഇന്ന് റിപ്പോര്‍ട്ടര്‍ ചാനലിന്റെ സ്വത്താണ്. അത്തരക്കാരിലൂടെ, സിപിഎമ്മിന് വേണ്ടിയുള്ള വര്‍ഗ്ഗീയ പ്രചാരണം തുടര്‍ന്ന് പോകാമെന്നാണ് വിചാരമെങ്കില്‍ ശക്തമായ പ്രതിഷേധം ജനങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടാകും.
ഐക്യ ജനാധിപത്യമുന്നണിയെ അപമാനിക്കുന്ന രീതിയില്‍ വ്യാജ വാര്‍ത്തകള്‍ സൃഷ്ടിച്ചതിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കും. വ്യാജ പരാമര്‍ശങ്ങള്‍ പിന്‍വലിച്ച് പരസ്യമായി മാപ്പ് പറയാന്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ തയ്യാറാകാത്ത പക്ഷം ചാനലുമായി സഹകരിക്കുന്ന കാര്യം പാര്‍ട്ടി പുന: പരിശോധിക്കും.


