തിരുവനന്തപുരം: തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജിയുടെ ഉപദേശ പ്രകാരമാണ് എംഎല്‍എ സ്ഥാനം രാജിവച്ചതെന്ന് പിവി അന്‍വര്‍. (PV Anwar says resignation is on Mamata Banerjee’s advice; will not contest from Nilambur.) വന്യജീവി ആക്രമണ പ്രശ്‌നം പാര്‍ലമെന്റില്‍ ഉന്നയിക്കാമെന്ന് മമതാ ബാനര്‍ജി ഉറപ്പ് നല്‍കിയിട്ടുണ്ട്. അതിന് വേണ്ടി എംഎല്‍എ സ്ഥാനം രാജിവച്ച് തൃണമൂലില്‍ ചേര്‍ന്ന് പോരാട്ടത്തിനിറങ്ങാന്‍ മമത ആവശ്യപ്പെട്ടതായി അന്‍വര്‍ പറഞ്ഞു.
|
നിലമ്പൂരില്‍ മല്‍സരിക്കില്ലെന്ന് അന്‍വര്‍ വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചു. നിലമ്പൂരില്‍ യുഡിഎഫ് നിര്‍ത്തുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് നിരുപാധിക പിന്തുണ നല്‍കും. പിണറായിസത്തിന്റെ അവസാനം നിലമ്പൂരില്‍ ഉപതിരഞ്ഞെടുപ്പില്‍ കാണുമെന്നും അന്‍വര്‍ വ്യക്തമാക്കി.
നിലമ്പൂരില്‍ ഡിസിസി പ്രസിഡന്റ് വിഎസ് ജോയി മല്‍സരിക്കണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും പി വി അന്‍വര്‍ പറഞ്ഞു. മലയോര മേഖലയിലെ വന്യമൃഗശല്യം നേരിട്ട് അനുഭവിച്ചിട്ടുള്ളയാളാണ് അദ്ദേഹം. വന്യമൃഗശല്യം വലിയ തോതില്‍ ബാധിച്ചിട്ടുള്ള മലയോര മേഖലയിലെ ക്രിസ്ത്യന്‍ സമുദായത്തിന്റെ പ്രതിനിധി കൂടിയെന്ന നിലയില്‍ അദ്ദേഹം യോജിച്ച സ്ഥാനാര്‍ഥിയാണെന്നും അന്‍വര്‍ വ്യക്തമാക്കി.
ALSO READ: പി വി അന്‍വര്‍ എംഎല്‍എ സ്ഥാനം രാജിവച്ചു
ഇന്ന് രാവിലെ സ്പീക്കറെ കണ്ട് അന്‍വര്‍ രാജിക്കത്ത് കൈമാറി. നിയമസഭാ സമ്മേളനം നടക്കാനിരിക്കെയാണ് അന്‍വര്‍ രാജി സമര്‍പ്പിച്ചിരിക്കുന്നത്. എംഎല്‍എ സ്ഥാനത്തു നിന്നുള്ള അയോഗ്യതാ നീക്കം മുന്‍കൂട്ടി കണ്ടാണ് അന്‍വറിന്റെ രാജി.
കേരളത്തിലെ അഭ്യുദയ കാംക്ഷികളുമായും മലയോര മേഖലയിലെ ബിഷപ്പുമാമാരുമായും സാമുദായിക നേതാക്കളുമായും ചര്‍ച്ച നടത്തിയ ശേഷമാണ് രാജിക്കുള്ള തീരുമാനമെടുത്തതെന്ന് അന്‍വര്‍ പറഞ്ഞു.തന്റെ പോരാട്ടത്തില്‍ അവര്‍ എല്ലാ പിന്തുണയും ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന് അന്‍വര്‍ പറഞ്ഞു.
വാര്‍ത്താ സമ്മേളനത്തില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശനോടും കുടുംബത്തോടും കേരളത്തിലെ പൊതു സമൂഹത്തോടും അന്‍വര്‍ മാപ്പ് ചോദിച്ചു. പ്രതിപക്ഷ നേതാവിനെതിരായ ആരോപണത്തിന് പിന്നില്‍ പി ശശിയാണെന്നും അന്‍വര്‍ പറഞ്ഞു.
ഇതോടെ നിലമ്പൂര്‍ നിയമസഭാ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് അനിവാര്യമായിരിക്കുകയാണ്. തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇതോടെ കേരളത്തില്‍ മറ്റൊരു തിരഞ്ഞെടുപ്പ് പേരാട്ടത്തിന് കൂടി അരങ്ങൊരുങ്ങുകയാണ്.
നേരത്തെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജിയുമായി അന്‍വര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് രാജിവെയ്ക്കാന്‍ അന്‍വര്‍ തീരുമാനിച്ചത്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഒഴിവ് വരുന്ന രാജ്യസഭാ സീറ്റ് അന്‍വറിന് നല്‍കിയേക്കുമെന്നും സൂചനകളുണ്ട്.
നിലവില്‍ സിപിഐഎം സ്വതന്ത്രനായാണ് അന്‍വര്‍ നിലമ്പൂരില്‍ നിന്നും വിജയിച്ചത്. തുടര്‍ച്ചയായി രണ്ട് തവണ നിലമ്പൂരില്‍ നിന്നും വിജയിച്ച അന്‍വര്‍ ആര്യാടന്‍ മുഹമ്മദിന്റെ കുത്തക മണ്ഡലമായിരുന്ന നിലമ്പൂരിനെ ഇടതുപക്ഷത്തിന് അനുകൂലമാക്കുകയായിരുന്നു.
കഴിഞ്ഞ ദിവസമാണ് അന്‍വര്‍ മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസുമായി കൈകോര്‍ത്തത്. പാര്‍ട്ടി അംഗത്വം സ്വീകരിച്ചിട്ടില്ല. മറിച്ച് സംസ്ഥാന കോര്‍ഡിനേറ്ററായി പ്രവര്‍ത്തിക്കുമെന്നാണ് അറിയിച്ചത്.
നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് അക്രമിച്ചതുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായതിന് പിന്നാലെ അന്‍വറിന്റെ യുഡിഎഫ് പ്രവേശന അഭ്യൂഹം ശക്തമായിരുന്നു. അതിനിടെയാണ് തൃണമൂല്‍ കോണ്‍ഗ്രസുമായുള്ള കൈകോര്‍ക്കല്‍.


