21
Jan 2025
Tue
21 Jan 2025 Tue
Gopan Swami samadhi

തിരുവനന്തപുരം: നെയ്യാറ്റിന്‍കര സമാധി കേസില്‍ ദുരൂഹത മുറുകുന്നു. ഗോപന്‍ സ്വാമി മരിച്ച ദിവസം രണ്ടുപേര്‍ വീട്ടില്‍ വന്നിരുന്നുവെന്ന് മക്കളുടെ മൊഴി. (Gopan Swami’s children say two people came to his house on the day of his samadhi) ഇത് ആരാണെന്നും എന്തിനാണ് ഇവര്‍ വന്നതെന്നുമുള്ള അന്വേഷണത്തിലാണ് പോലീസ്. മൃതദേഹം പുറത്തെടുത്ത് പരിശോധിക്കാനുള്ള ശ്രമം തടഞ്ഞ് കൊണ്ടുള്ള സംഘപരിവാര സംഘടനകളുടെ നീക്കവും ദുരൂഹത വര്‍ധിപ്പിക്കുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വീട്ടിലേക്ക് വന്നുവെന്ന് മക്കള്‍ പറഞ്ഞ രണ്ടുപേരെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി. നെയ്യാറ്റിന്‍കര പ്ലാവില സ്വദേശികളാണ് വീട്ടിലെത്തിയതെന്നായിരുന്നു മൊഴി.

കുടുംബാംഗങ്ങള്‍ അല്ലാതെ മറ്റാരും വീട്ടില്‍ ഇല്ലായിരുന്നുവെന്നാണ് ഇതുവരെ മക്കള്‍ പറഞ്ഞിരുന്നത്. എന്നാല്‍, രണ്ടുപേര്‍ രാവിലെ വന്ന് ഗോപന്‍ മരിക്കുന്നതിന് മുമ്പ് തിരിച്ചുപോയി എന്നാണ് ഒരു മകന്‍ മൊഴി നല്‍കിയിരിക്കുന്നത്. മക്കളുടെ മൊഴികളില്‍ വൈരുദ്ധ്യം സംശയം വര്‍ധിപ്പിച്ചിട്ടുണ്ട്.

ALSO READ: നെയ്യാറ്റിന്‍ കരയിലെ ദുരൂഹ സമാധി; കല്ലറ പൊളിക്കാനുള്ള നീക്കത്തിനെതിരേ പ്രതിഷേധവുമായി കുടുംബവും ഹൈന്ദവ സംഘടനകളും

കഴിഞ്ഞ ദിവസം ഗോപന്‍ സ്വാമിയെ അടക്കിയ കല്ലറ പൊളിക്കാനുള്ള തീരുമാനം കനത്ത പ്രതിഷേധം മൂലം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ത്തിവെക്കേണ്ടിവന്നിരുന്നു. ഹിന്ദുഐക്യ വേദിയാണ് പ്രതിഷേധവുമായി എത്തിയത്. വിഷ്ണുപുരം ചന്ദ്രശേഖരന്‍ ഉള്‍പ്പെടെയുള്ള സംഘപരിവാര സഹയാത്രികരാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത്. എന്നാല്‍, നാട്ടുകാരില്‍ വലിയൊരു വിഭാഗം കല്ലറ പൊളിച്ച് മരണത്തിലെ ദുരൂഹത നീക്കണമെന്ന അഭിപ്രായക്കാരാണ്.

കല്ലറ പൊളിക്കുന്നതിനുള്ള പുതിയ തിയതി ഇന്നു തീരുമാനിക്കും. സ്ഥലത്തെ ക്രമ സമാധാന പ്രശ്‌നങ്ങള്‍ മനസ്സിലാക്കി പൊലീസിനോടും ക്രൈബ്രാഞ്ചിനോടും കൂടി സംസാരിച്ച ശേഷമാവും ഇനി തിയതി നിശ്ചയിക്കുക.

സമാധി പൊളിക്കുന്നത് സംബന്ധിച്ച് കുടുംബത്തിന് പോലീസ് നോട്ടീസ് നല്‍കിയിട്ടുണ്ട്. എന്നാല്‍, ഇതില്‍ തിയ്യതി പറയുന്നില്ല. എന്നാല്‍, കല്ലറയുടെ സ്ലാബ് പൊളിക്കുന്നതിനെതിരേ കോടതിയില്‍ പോകാനാണ് കുടുംബത്തിന്റെ നീക്കം.

പലരും വിഷയം മതപരമായ രീതിയിലേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുന്നുണ്ടെന്ന് സബ് കളക്ടര്‍ പറഞ്ഞു. എന്നാല്‍, ഇതിന്റെ നിയമ വശങ്ങള്‍ കുടുംബത്തോട് പറഞ്ഞ് മനസ്സിലാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. പൊലീസ് റിപ്പോര്‍ട്ട് കൂടി വന്നതിന് ശേഷമാവും തീരുമാനം എടുക്കുക. ഏതൊരു സ്ഥലത്തും അസ്വാഭിക മരണം റിപ്പോര്‍ട്ട് ചെയ്താല്‍ എടുക്കുന്ന തീരുമാനങ്ങള്‍ തന്നെയാണ് ഇവിടെയും എടുത്തിട്ടുള്ളതെന്നും സബ് കളക്ടര്‍ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

കല്ലറ പൊളിക്കാന്‍ തീരുമാനമായതോടെ തിങ്കളാഴ്ച നാട്ടുകാരും സംഘപരിവാര പ്രവര്‍ത്തകരും തമ്മില്‍ തര്‍ക്കം ഉടലെടുത്തിരുന്നു. ഇരു വിഭാഗത്തെയും പൊലീസ് സ്ഥലത്ത് നിന്ന് മാറ്റാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഇരുവിഭാഗങ്ങളും തമ്മില്‍ വീണ്ടും സംഘര്‍ഷം ഉണ്ടാകുകയായിരുന്നു.