കളമശ്ശേരി: ആരോഗ്യ, വാഹന, തൊഴില്‍ സുരക്ഷാ ഇന്‍ഷുറന്‍സുകള്‍ ഇസ്ലാമിക നിയമപ്രകാരം ഹലാല്‍ (അനുവദനീയം) ആണെന്ന് വാഫി ഫിഖ്ഹ് സെമിനാര്‍. (CIC says life insurance is not un islamic) ‘ഇസ്ലാം: ലളിതം, സുന്ദരം’ എന്ന പ്രമേയത്തില്‍ എറണാകുളം കളമശ്ശേരിയില്‍ നടക്കുന്ന സംസ്ഥാന വാഫി വഫിയ്യ കലോത്സവത്തിന്റെയും സനദ് ദാന സമ്മേളനത്തിന്റെയും ഭാഗമായി നടന്ന സെമിനാറാണ് ശ്രദ്ധേയമായ വീക്ഷണം. എല്ലാവിധ ഇന്‍ഷുറന്‍സുകളും ഇസ്ലാമിക വിരുദ്ധമാണെന്ന പൊതു വിലയിരുത്തല്‍ പുനഃപരിശോധിക്കണമെന്ന് സെമിനാര്‍ അഭിപ്രായപ്പെട്ടു.
|
ഇസ്ലാം നിഷിദ്ധമാക്കിയ ചൂതാട്ടം, പലിശ, വഞ്ചന തുടങ്ങിയ കാര്യങ്ങള്‍ ഇന്‍ഷുറന്‍സില്‍ കടന്നുവരുന്നു എന്ന നിഗമനത്തിലാണ് ചില ആധുനിക പണ്ഡിതന്മാര്‍ ഇന്‍ഷുറന്‍സുകളെ നിഷിദ്ധമാക്കിയത്. എന്നാല്‍, ഇന്ന് നിലവിലുള്ള ഒട്ടുമിക്ക ജനറല്‍ ഇന്‍ഷുറന്‍സുകളും കൈമാറ്റ ഇടപാടുകള്‍ അല്ലാത്തതിനാല്‍ ഇവയൊന്നും കടന്നുവരുന്നില്ല. റിസ്‌ക് പങ്കിട്ടെടുക്കുന്നതിന്റെ ആധുനിക രൂപമാണ് ഇന്‍ഷുറന്‍സും ക്ഷേമനിധികളും. അതുകൊണ്ട് തന്നെ ആരോഗ്യ, വാഹന, തൊഴില്‍ സുരക്ഷാ ഇന്‍ഷുറന്‍സുകളെല്ലാം അനുവദനീയമാണെന്ന് ശാഫി മദ്ഹബിലെ കര്‍മശാസ്ത്ര ഗ്രന്ഥങ്ങളുടെ അടിസ്ഥാനത്തില്‍ സെമിനാര്‍ അഭിപ്രായപ്പെട്ടു.
സാമ്പത്തിക നഷ്ടപരിഹാര സംവിധാനങ്ങള്‍ക്ക് ഇസ്ലാമിക ചരിത്രത്തില്‍ തന്നെ ധാരാളം ഉദാഹരണങ്ങള്‍ കാണാന്‍ സാധിക്കും. ആധുനിക കാലത്ത് നഷ്ട ലഘൂകരണത്തിന്റെ പ്രായോഗിക രൂപം ഇന്‍ഷുറന്‍സുകള്‍ ആയതിനാല്‍ ഇതിന്റെ കര്‍മശാസ്ത്രപരമായ സാധുത കൂടുതല്‍ വിശകലനം ചെയ്യേണ്ടതുണ്ട്. പ്രസ്തുത വിഷയത്തില്‍ തുടര്‍പഠനങ്ങള്‍ സെമിനാര്‍ സ്വാഗതം ചെയ്തു.
സിഐസി റിസര്‍ച്ച് കൗണ്‍സില്‍ ചെയര്‍മാന്‍ അബ്ദുസ്സലാം ഫൈസി എടപ്പാള്‍ മോഡറേറ്ററായി നടന്ന സെമിനാറില്‍ ഡോ. സ്വലാഹുദ്ധീന്‍ വാഫി കാടേരി, ഡോ. ലുഖ്മാന്‍ വാഫി ഫൈസി അല്‍ അസ്ഹരി, ഇ.കെ അബ്ദു റഷീദ് വാഫി എന്നിവര്‍ വിഷയാവതരണം നടത്തി.
മുഹമ്മദ് ഫൈസി ആതവനാട്, ഇബ്രാഹിം ഫൈസി ഉഗ്രപുരം, മുഈനുദ്ധീന്‍ ബാഖവി മുണ്ടംപറമ്പ്, മുഹമ്മദ് റഹ്‌മാനി മഞ്ചേരി, മുര്‍ഷിദ് വാഫി മുള്ളൂര്‍ക്കര, സ്വാലിഹ് വാഫി ഒതുക്കുങ്ങല്‍ എന്നിവര്‍ സംബന്ധിച്ചു.
ലൈഫ് ഇന്‍ഷുറന്‍സ് ഉള്‍പ്പെടെയുള്ളവ ഹറാം ആണെന്ന നിലപാടാണ് പൊതുവേ സമസ്ത പണ്ഡിതന്മാര്‍ക്ക്. ഇതില്‍ നിന്ന് വ്യത്യസ്ഥമായ നിലപാടാണ് സിഐസി സ്വീകരിച്ചിരിക്കുന്നത്. സമസ്ത-സിഐസി ഭിന്നതയില്‍ ഇത് പുതിയൊരു തര്‍ക്കവിഷയമാവുമോ എന്നാണ് ഇനി അറിയാനുള്ളത്.
ALSO WATCH


