22
Jan 2025
Tue
22 Jan 2025 Tue

സൗദി അറേബ്യയിലെ ജിസാനിൽ വാഹനാപകടത്തിൽ കൊല്ലം സ്വദേശിയടക്കം 15 പേർ മരിച്ചു. ജിസാനിലെ ബൈഷിന് സമീപം ജിസാൻ എക്കണോമിക് സിറ്റി അറാംകോ റിഫൈനറി റോഡിൽ തിങ്കളാഴ്ച രാവിലെയുണ്ടായ അപകടത്തിൽ കൊല്ലം കേരളപുരം ശശീന്ദ്ര ഭനത്തിൽ പ്രസാദ് -രാധ ദമ്പതികളുടെ മകൻ വിഷ്‌ണു പ്രസാദ് പിള്ള(31)ആണ് മരിച്ചത്. മരിച്ചവരിൽ ഒമ്പതു പേർ ഇന്ത്യക്കാരാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മഹേഷ് ചന്ദ്ര, മുസഫർ ഹുസ്സൈൻ ഖാൻ ഇമ്രാൻ, പുഷ്‌കർ സിംഗ് ദാമി, സക്‌ലൈൻ ഹൈദർ, താരിഖ് ആലം മുഹമ്മദ് സഹീർ, മുഹമ്മദ് മോഹത്തഷിം റാസ, ദിനകർ ബായ് ഹരിഭായ് തണ്ടൽ, രമേശ് കപേലി എന്നിവരാണ് അപകടത്തിൽ മരിച്ച മറ്റ് ഇന്ത്യക്കാർ.
3 പേർ നേപ്പാൾ പൗരന്മാരും 3 പേർ ഘാന പൗരൻമാരുമാണ്.അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ11 പേർ ജിസാനിലും അബഹയിലുമുള്ള ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

രാവിലെ അറാംകോ ജോലി സ്ഥലത്തേക്ക് 26 ജീവനക്കാരുമായി പോവുകയായിരുന്ന കമ്പനിയുടെ മിനി വാനിൽ എതിരെ വന്ന ട്രെയിലർ ഇടിച്ചു കയറുകയായിരുന്നു. തകർന്ന വാനിൽ നിന്ന് സൗദി ഫയർ ഫോഴ്‌സും രക്ഷാപ്രവർത്തകരുമെത്തിയാണ് പരിക്കേറ്റവരെയും മൃതദേഹങ്ങളും പുറത്തെടുത്തത്. സംഭവസ്ഥലത്തു വച്ചു തന്നെ 15 പേരും മരണമടഞ്ഞിരുന്നു.

ഗുരുതരമായി പരിക്കേറ്റവരെ എയർ ആംബുലൻസിൽ അബഹ സൂപ്പർ സ്പെഷ്യലിറ്റി ആശുപത്രി, അബുഅരീഷ് കിങ് ഫഹദ് ആശുപത്രി, ജിസാൻ മുഹമ്മദ് ബിൻ നാസർ ആശുപത്രി, ബൈഷ് ജനറൽ ആശുപത്രി എന്നിവിടങ്ങളിലേക്ക് മാറ്റി. മരണമടഞ്ഞവരുടെ മൃതദേഹങ്ങൾ ബൈഷ് ജനറൽ ആശുപത്രി മോർച്ചറിയിലാണ് സൂക്ഷിച്ചിട്ടുള്ളത്. ജുബൈൽ കേന്ദ്രമായി പ്രവർത്തിക്കുന്ന എ.സി.ഐ.സി സർവീസസ് കമ്പനിയുടെ ജിസാൻ അറാംകോ പ്രോജക്ടിലെ ജീവനക്കാർ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്.

അവിവാഹിതനായ വിഷ്‌ണു മൂന്ന് വർഷമായി ഈ കമ്പനിയിൽ എൻജിനീയറായി ജോലിചെയ്യുകയാണ്. വിഷ്‌ണുവിന്റെ സഹോദരൻ മനു പ്രസാദ് പിള്ള യു.കെ യിൽ സോഫ്റ്റ് വെയർ എൻജിനീയറാണ്.