ഗസ സിറ്റി: ഹമാസിന്റെ സൈനിക വിഭാഗമായ അല്‍ ഖസ്സാം ബ്രിഗേഡിന്റെ സ്ഥാപക നേതാക്കളിലൊരാളായ മുഹമ്മദ് ദെയ്ഫ് രക്തസാക്ഷിയായെന്ന് ഹമാസ്. (Hamas confirms the killing of Qassam Brigades mastermind Mohammed Deif) കഴിഞ്ഞ ജൂലൈയില്‍ ഗസയില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മുഹമ്മദ് ദെയ്ഫ് കൊല്ലപ്പെട്ടതായാണ്സ്ഥിരീകരിച്ചിരിക്കുന്നത്.
|
ഡെപ്യൂട്ടി മിലിട്ടറി കമാന്‍ഡറായ മര്‍വാന്‍ ഇസയും കൊല്ലപ്പെട്ടിട്ടുണ്ട്. അഹ്‌മദ് അല്‍ ഘാന്‍ഡൂര്‍, അയ്മാന്‍ നോഫല്‍, റാഫി സലാമ, റഈദ് താബെറ്റ്, ഗാസി തമ എന്നിവരും രക്തസാക്ഷികളായിട്ടുണ്ട്.
1948ല്‍ ജൂത സൈനിക സംഘങ്ങള്‍ പുറത്താക്കിയ ഫലസ്തീനി കുടുംബത്തിലെ അംഗങ്ങളുടെ മകനായി ഗസയിലെ ഖാന്‍ യൂനിസ് അഭയാര്‍ത്ഥി ക്യാംപിലാണ് 1965ല്‍ മുഹമ്മദ് മസ്രി എന്ന മുഹമ്മദ് ദെയ്ഫ് ജനിച്ചത്. 1987ല്‍ ഒന്നാം ഇന്‍തിഫാദയുടെ കാലത്ത് ഹമാസില്‍ ചേര്‍ന്നതിന് ശേഷമാണ് മുഹമ്മദ് ദെയ്ഫ് എന്ന പേര് സ്വീകരിച്ചത്.
ഗസ ഇസ്ലാമിക് സര്‍വകലാശാലയില്‍ നിന്ന് സയന്‍സില്‍ ബിരുദം നേടിയിട്ടുണ്ട്. 1989ല്‍ ഇസ്രായേല്‍ സൈന്യം അറസ്റ്റ് ചെയ്ത് 16മാസം ജയിലില്‍ ഇട്ടു. 2002ല്‍ അല്‍ ഖസ്സാം സ്ഥാപകരിലൊരാളായ സലാഹ് ശെഹാദത്ത് കൊല്ലപ്പെട്ടപ്പോള്‍ അല്‍ഖസ്സാം ബ്രിഗേഡിന്റെ നേതൃസ്ഥാനം ഏറ്റെടുത്തു.
ഖസ്സാം ബ്രിഗേഡിന്റെ പല സൈനിക നീക്കങ്ങളുടെയും മാസ്റ്റര്‍ ബ്രെയിന്‍ മുഹമ്മദ് ദെയ്ഫ്. ഏറെക്കാലം ഇസ്രായേലിന്റെ പേടി സ്വപ്‌നം കൂടിയായിരുന്നു അദ്ദേഹം.


