പാരീസ്: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഹസ്തതദാനം ചെയ്യാതെ അവഗണിച്ചു. (Modi extends handshake; French President ignores him; Video goes viral) മോദിക്ക് കൈനല്‍കാതെ അടുത്തയാളിലേക്കു നീങ്ങുന്ന ഫ്രഞ്ച് പ്രസിഡന്റിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
|
മോദിയുടെ ഇടത്തും വലത്തും പിന്നിലുമുള്ള എല്ലാ ലോകനേതാക്കള്‍ക്കും ഹസ്തദാനം ചെയ്ത മാക്രോണ്‍, തനിക്കു നേരെ കൈ നീട്ടിയ മോദിയെ കാണാത്ത മട്ടില്‍ അടുത്തയാള്‍ക്ക് കൈകൊടുക്കുന്നതാണ് വിഡിയോയിലുള്ളത്.
ഇതേതുടര്‍ന്ന് ചമ്മല്‍ മാറ്റാന്‍ മോദി ആളുകള്‍ക്ക് നേരെ കൈ വീശുന്നതും കാണാം. ഇതു കണ്ട് സങ്കടം തോന്നിയ സമീപത്തിരുന്ന വനിത മോദിക്ക് കൈ കൊടുക്കുകയും ചെയ്തു.
പാരീസില്‍ നടന്ന എ.ഐ ആക്ഷന്‍ ഉച്ചകോടിക്കിടെയായിരുന്നു സംഭവം. മാക്രോണിന്റെ വംശീയ ബോധമാണ് ഇത് കാണിക്കുന്നതെന്നാണ് പലരും സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചത്.
‘വലത് വംശീയവാദ ബോധ്യങ്ങള്‍ക്ക് അതിന്റെ കൂടെപ്പിറപ്പുകളെന്നോ സഹയാത്രികരെന്നൊ ഉള്ള ഒരു വിവേചനവും കാണില്ല. മി. മോദി ഫ്രഞ്ച് പ്രസിഡന്റ് മക്രോണ്‍ താങ്കളെ അവഗണിക്കുന്നതിന് പിന്നിലെ രാഷ്ട്രീയമാണത്’ -എന്നാണ് വിഡിയോ പങ്കുവെച്ച് സാമൂഹിക പ്രവര്‍ത്തകന്‍ കെ. സഹദേവന്‍ കുറിച്ചത്.
അതേസമയം, വേദിയിലെത്തും മുമ്പ് മോദിയും മാക്രോണും ഹസ്തദാനം ചെയ്യുകയും ആശ്ലേഷിക്കുകയും ചെയ്തിരുന്നുവെന്ന് ഫോട്ടോകളും വിഡിയോകളും പങ്കുവെച്ച് മറുപടി നല്‍കുകയാണ് സംഘപരിവാര പ്രവര്‍ത്തകര്‍.
സൈബര്‍സുരക്ഷ, തെറ്റായ വാര്‍ത്തകളുടെ പ്രചാരണം, ഡീപ്‌ഫേക് എന്നിവക്കെതിരെ ജാഗ്രത പാലിക്കണമെന്നും നിര്‍മിത ബുദ്ധിയുടെ നിയന്ത്രണത്തിനും പ്രോത്സാഹനത്തിനും ആഗോളതലത്തില്‍ ചട്ടക്കൂട് രൂപവത്കരിക്കണമെന്നും ‘എ.ഐ ആക്ഷന്‍ ഉച്ചകോടി’യില്‍ സംസാരിക്കവേ നരേന്ദ്ര മോദി പറഞ്ഞു. പാരിസില്‍ ഉച്ചകോടി സമാപന ദിവസം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനൊപ്പം അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡേറ്റ സ്വകാര്യതയിലും എ.ഐയുമായി ബന്ധപ്പെട്ട സാങ്കേതിക-നിയമ പരിഹാരങ്ങളിലും ഇന്ത്യ മുന്നിലാണെന്ന് അദ്ദേഹം പറഞ്ഞു. അടുത്ത എ.ഐ ഉച്ചകോടിക്ക് ഇന്ത്യ ആതിഥ്യം വഹിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.


