വാഷിങ്ടണ്‍: ഇന്ത്യയുമായി ഏറ്റവും വലിയ വ്യാപാര ഇടനാഴി ആരംഭിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണലള്ഡ് ട്രംപ് അറിയിച്ചു. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം നടത്തിയ പ്രസ്താവനയിലാണ് ട്രംപിന്റെ പ്രഖ്യാപനം. 2008ലെ മുംബൈ ഭീകരാക്രമണ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട പ്രതി തഹാവൂര്‍ റാണയെ ഇന്ത്യയ്ക്ക് കൈമാറുമെന്നും ട്രംപ് പറഞ്ഞു.
|
വൈറ്റ് ഹൗസില്‍വച്ച് ഇന്ത്യന്‍ സമയം ഇന്ന് പുലര്‍ച്ചെയായിരുന്നു ഡൊണാള്‍ഡ് ട്രംപും നരേന്ദ്രമോദിയും തമ്മിലെ കൂടിക്കാഴ്ച നടന്നത്. രണ്ടാം തവണയും അധികാരത്തിലെത്തിയ ശേഷം ട്രംപുമായി കൂടിക്കാഴ്ച നടത്തുന്ന നാലാമത്തെ രാജ്യത്തലവനാണ് മോദി. വിവിധ വിഷയങ്ങള്‍ ഇരുവരുടേയും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായെന്നാണ് വിവരം. വൈറ്റ് ഹൗസിലായിരുന്നു ഇരുവരും തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്. വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവരും മോദിക്കൊപ്പമുണ്ടായിരുന്നു.
മോദി തന്റെ വളരെക്കാലമായുള്ള ഉറ്റസുഹൃത്താണെന്ന് ട്രംപ് അഭിപ്രായപ്പെട്ടു. കഴിഞ്ഞ നാലുവര്‍ഷവും ബന്ധം തുടര്‍ന്നു. ഇന്ത്യയ്ക്ക് കൂടുതല്‍ പെട്രോളിയം ഉത്പന്നങ്ങള്‍ വില്‍ക്കുമെന്നും ട്രംപ് വ്യക്തമാക്കി. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വ്യാപാര ഇടനാഴിയായിരിക്കും ഇരുരാജ്യങ്ങളും തമ്മില്‍ ഉണ്ടാക്കുകയെന്ന് ഇന്ത്യ മിഡില്‍ ഈസ്റ്റ് ഈസ്റ്റ് യൂറോപ്യന്‍ വ്യാപാര ഇടനാഴിയെ പരാമര്‍ശിച്ച് ട്രംപ് പറഞ്ഞു. ഇന്ത്യയുമായുള്ള സൈനികവ്യാപാരം വര്‍ധിപ്പിക്കും. എഫ് 35 സ്റ്റെല്‍ത്ത് വിമാനങ്ങള്‍ നല്‍കും- ട്രംപ് അറിയിച്ചു.
ഇന്ത്യയും യു.എസും പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് മോദി പറഞ്ഞു. യു.എസിന്റെ ദേശീയ താത്പര്യങ്ങള്‍ക്കാണ് ട്രംപ് എപ്പോഴും മുന്‍ഗണന നല്‍കുന്നതെന്നും അദ്ദേഹത്തെപ്പോലെ താനും ഇന്ത്യയുടെ ദേശീയ താത്പര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുമെന്നും മോദി പറഞ്ഞു.
അതേസമയം, യുഎസിന് ഇറക്കുമതി തീരുവ ചുമത്തുന്ന രാജ്യങ്ങള്‍ക്ക് പരസ്പര നികുതി (റസിപ്രോക്കല്‍ താരിഫ്) ചുമത്തുമെന്ന പ്രഖ്യാപനത്തില്‍ ഇളവ് നല്കാന് ട്രംപ് തയാറായില്ല.


