കോട്ടയം: വിദ്വേഷ പരാമര്‍ശത്തില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെ ബിജെപി നേതാവ് പി.സി ജോര്‍ജ് ഇന്ന് പോലിസ് സ്‌റ്റേഷനില്‍ ഹാജരാകും. അന്വേഷണ ഉദ്യോഗസ്ഥനായ ഈരാറ്റുപേട്ട പൊലീസ് ഇന്‍സ്‌പെക്ടര്‍ക്ക് മുന്നിലാണ് ഹാജരാകുക. രാവിലെ പത്ത് മണിക്ക് ബിജെപി പ്രവര്‍ത്തകര്‍ക്കൊപ്പമാകും ജോര്‍ജ് സ്റ്റേഷനിലെത്തുകയെന്നാണ് അറിയിച്ചിരിക്കുന്നത്.
|
ചാനല്‍ ചര്‍ച്ചയ്ക്കിടെ നടത്തിയ വിദ്വേഷപ്രസംഗത്തില്‍ മുസ്ലിം യൂത്ത് ലീഗ് നല്‍കിയ പരാതിയില് ഈരാറ്റുപേട്ട പൊലീസ് ആണ് ജോര്‍ജിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. ഇതോടെ ജോര്‍ജ് മുന്‍കൂര്‍ ജാമ്യം തേടിയെങ്കിലും കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതിയും ഹൈക്കോടതിയും പിസിയുടെ ജാമ്യാപേക്ഷ തള്ളുകയായിരുന്നു. ശക്തമായ നിരീക്ഷണങ്ങളോടെയാണ് ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയത്. ഈ സാഹചര്യത്തില്‍ മറ്റൊരു മാര്‍ഗവുമില്ലാത്തതിനാലാണ് ജോര്‍ജ് നിയമത്തിന് വഴങ്ങുന്നത്.
ജോര്‍ജിനെ അറസ്റ്റ് ചെയ്യാന്‍ പൊലിസ് നിര്‍ദേശം നല്‍കിയിരുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനം എടുത്തത്. പൂഞ്ഞാറിലെ വീട് വളഞ്ഞ് അറസ്റ്റു ചെയ്യാന്‍ ഡിജിപിയാണ് നിര്‍ദേശം നല്‍കിയത്.
ജനുവരി 6ന് ഹിന്ദുത്വ ചാനലായ ജനം ടിവിയില്‍ നടന്ന ചര്‍ച്ചയിലാണ് ജോര്‍ജ് വിദ്വേഷ പരാമര്‍ശം നടത്തിയത്. ഇന്ത്യയിലെ മുസ്‌ലിംകള്‍ മുഴുവന്‍ വര്‍ഗീയവാദികളാണ്. ആയിരക്കണക്കിന് ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും കൊന്നു. മുസ്‌ലിംകള്‍ പാകിസ്താനിലേക്കു പോകണമെന്നുമാണ് ജോര്‍ജ് ചര്‍ച്ചയില്‍ പറഞ്ഞത്.
PC George to appear at police station today in Hate speech


