30
Mar 2025
Sat
30 Mar 2025 Sat
Shaba Sharif murder: Ashraf gets 11 years in prison; co-accused also get jail

മലപ്പുറം: മൈസൂരുവിലെ പാരമ്പര്യവൈദ്യന്‍ ഷാബ ഷെരീഫ് കൊലക്കേസില്‍ കേസില്‍ ഒന്നാം പ്രതിയും വ്യവസായിയുമായ നിലമ്പൂര്‍ മുക്കട്ട കൈപ്പഞ്ചേരി ഷൈബിന്‍ അഷ്‌റഫിന് 11 വര്‍ഷവും ഒന്‍പത് മാസവും തടവുശിക്ഷ വിധിച്ചു. ഷെബിന്റെ മാനേജരായിരുന്ന രണ്ടാം പ്രതി വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശി ശിഹാബുദ്ദീന് ആറ് വര്‍ഷവും ഒന്‍പത് മാസവും ആറാം പ്രതി ഷൈബിന്റെ ഡ്രൈവര്‍ നിലമ്പൂര്‍ മുക്കട്ട നടുത്തൊടിക സ്വദേശി നിഷാദിന് മൂന്ന് വര്‍ഷവും ഒന്‍പത് മാസവും തടവും കോടതി വിധിച്ചു. മഞ്ചേരി ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എം. തുഷാറാണ് ശിക്ഷ വിധിച്ചത്. കേസില്‍ മൂന്ന് പ്രതികള്‍ കുറ്റക്കാരാമെന്ന് കോടതി കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ തന്നെ മൃതദേഹമോ ശരീരഭാഗങ്ങളോ കണ്ടെത്താനാവാതെയുള്ള കേസുകളിലെ ആദ്യ ശിക്ഷയാണിതെന്നാണ് പൊലീസ് പറയുന്നത്. മൃതദേഹമോ അവശിഷ്ടങ്ങളോ കണ്ടെത്താന്‍ കഴിയാതിരുന്ന കേസില്‍ ഒന്നാം പ്രതിയുടെ കാറില്‍നിന്ന് ലഭിച്ച തലമുടി പരിശോധിച്ചാണ് പോലീസ് കേസ് തെളിയിച്ചത്.

2019ലാണ് മൈസൂരുവില്‍ നിന്നു ഷാബ ഷെരീഫിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുന്നത്. ഒരു വര്‍ഷത്തോളം മുഖ്യപ്രതിയുടെ വീട്ടില്‍ തടവില്‍ പാര്‍പ്പിക്കുകയായിരുന്നു. പാരമ്പര്യ വൈദ്യനായിരുന്ന ഷാബാ ഷെരീഫില്‍ നിന്നും മൂലക്കുരുവിനെതിരായ ഒറ്റമൂലിയുടെ രഹസ്യം കൈവശമാക്കുന്നതിനായിരുന്നു തട്ടിക്കൊണ്ടുവന്ന് പാര്‍പ്പിക്കുകയും മര്‍ദിക്കുകയും ചെയ്തത്.

മര്‍ദനത്തിന് പിന്നാലെ അദ്ദേഹം മരണപ്പെടുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം ചെറിയ കഷണങ്ങളാക്കി ചാലിയാര്‍ പുഴയില്‍ ഒഴുക്കുകയുമായിരുന്നു. പ്രതിയുടെ കാറില്‍ നിന്നു ഷാബാ ഷെരീഫിന്റെ മുടി കണ്ടെത്തിയതിന് പിന്നാലെയാണ് അന്വേഷണം പുരോഗമിച്ചത്.

പതിനഞ്ചു പ്രതികളില്‍ ഒന്‍പതുപേരെ കോടതി കുറ്റക്കാരല്ലെന്നുകണ്ട് വെറുതെവിട്ടു. പ്രതികളിലൊരാളായ കുന്നേക്കാടന്‍ ഷമീം ഇപ്പോഴും ഒളിവിലാണ്. മറ്റൊരുപ്രതി മുക്കട്ട കൈപ്പഞ്ചേരി ഫാസില്‍ (33) ഒളിവില്‍ക്കഴിയവേ വൃക്കരോഗത്തെത്തുടര്‍ന്ന് ഗോവയില്‍ മരിച്ചു. ഏഴാംപ്രതി ബത്തേരി തങ്ങളകത്ത് നൗഷാദിനെ (44) മാപ്പുസാക്ഷിയാക്കി. നിലമ്പൂര്‍ ചന്തക്കുന്ന് കൂത്രാടന്‍ അജ്മല്‍ (33), പൂളക്കുളങ്ങര ഷബീബ് റഹ്മാന്‍ (33), വണ്ടൂര്‍ പഴയ വാണിയമ്പലം ചീര ഷഫീഖ് (31), ചന്തക്കുന്ന് ചാരംകുളം കാപ്പുമുഖത്ത് അബ്ദുല്‍വാഹിദ് (29), ചന്തക്കുന്ന് വൃന്ദാവനത്തില്‍ സുനില്‍ (43), വണ്ടൂര്‍ മുത്തശ്ശിക്കുന്ന് കാപ്പില്‍ മിഥുന്‍(31), വണ്ടൂര്‍ കുളിക്കാട്ടുപടി പാലപ്പറമ്പില്‍ കൃഷ്ണപ്രസാദ് (29), ഷൈബിന്റെ ഭാര്യ കൈപ്പഞ്ചേരി ഫസ്‌ന (31), ഷൈബിന്റെ സഹായി റിട്ട. എസ്.ഐ. സുന്ദരന്‍ സുകുമാരന്‍ (66) എന്നിവരെയാണ് വെറുതെ വിട്ടത്.

Shaba Sharif murder: Ashraf gets 11 years in prison; co-accused also get jail