കോഴിക്കോട് മാവൂര്‍ പൂവാട്ടുപറമ്പില്‍ നിര്‍ത്തിയിട്ട കാറില്‍നിന്ന് 40 ലക്ഷം രൂപ കവര്‍ന്നുവെന്ന പരാതി വ്യാജമെന്ന് പോലീസ് കണ്ടെത്തി. പരാതിക്കാരനായ ആനക്കുഴിക്കര മാരിക്കോളനി നിലം റഹീസ് ക്വട്ടേഷന്‍ നല്‍കി കവര്‍ച്ചാ നാടകം നടത്തുകയായിരുന്നുവെന്നും കാറില്‍ നിന്ന് കാലിയായ ചാക്കാണ് മോഷ്ടാക്കളെന്ന വ്യാജേന രണ്ടുപേരെത്തി കൊണ്ടുപോയതെന്നും പോലീസ് കണ്ടെത്തി.റഹീസ് അടക്കം രണ്ടുപേരെ പോലീസ് പിടികൂടി.
|
ബുധനാഴ്ചയാണ് സ്വകാര്യ ആശുപത്രിയുടെ പാര്‍ക്കിങ്ങില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍നിന്ന് 40.25 ലക്ഷം രൂപ കവര്‍ന്നെന്ന പരാതി മെഡിക്കല്‍ കോളജ് പോലീസിന് ലഭിച്ചത്. ഡിക്കിയില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ സൂക്ഷിച്ച 40 ലക്ഷം രൂപയും ഡാഷ് ബോര്‍ഡില്‍ സൂക്ഷിച്ചിരുന്ന 25,000 രൂപയും നഷ്ടപ്പെട്ടതായാണ് പരാതിയിലുണ്ടായിരുന്നത്. പരാതി ലഭിച്ചതിനു പിന്നാലെ റഹീസിനെ പൊലീസ് വിശദമായി ചോദ്യം ചെയ്തിരുന്നു. റഹീസിന്റെ മറുപടിയില്‍ സംശയം തോന്നിയ പൊലീസ് പണത്തിന്റെ ഉറവിടം സംബന്ധിച്ച് ചോദിച്ചെങ്കിലും കൃത്യമായ ഉത്തരം ലഭിച്ചില്ല. ബൈക്കില്‍ എത്തിയ രണ്ടു പേര്‍ ചാക്കുകെട്ടുമായി പോകുന്ന സിസിടിവിദൃശ്യം അന്വേഷണത്തിനിടെ ലഭിച്ചിരുന്നു. തുടര്‍ന്ന് സിസിടിവി ദൃശ്യം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് റഹീസിനുള്‍പ്പെടെ കവര്‍ച്ചയില്‍ പങ്കുണ്ടെന്ന് വ്യക്തമായത്.
ഭാര്യാ പിതാവും ചില സുഹൃത്തുക്കളും നല്‍കിയ തുകയാണ് ഇതെന്ന് റഹീസ് നേരത്തെ പൊലീസിനോട് പറഞ്ഞിരുന്നു. ഭാര്യാ പിതാവ് ഏല്‍പ്പിച്ച തുക മടക്കി നല്‍കാതിരിക്കാനാണ് റഹീസ് കവര്‍ച്ചാ നാടകം കളിച്ചതെന്നും ഇയാള്‍ക്ക് സാമ്പത്തിക ബാധ്യതയുണ്ടെന്നാണ് മനസ്സിലാവുന്നതെന്നും പോലീസ് പറഞ്ഞു. മറ്റൊരാളെ ഏല്‍പ്പിക്കാനായി ഭാര്യാപിതാവ് ഏല്‍പ്പിച്ച പണം റഹീസിന്റെ പക്കല്‍ നിന്ന് ചെലവായി പോയിരുന്നു. ഈ പണം താന്‍ പറഞ്ഞയാളെ ഏല്‍പ്പിക്കാന്‍ ഭാര്യാപിതാവ് നിര്‍ദേശം നല്‍കിയതോടെയാണ് റഹീസ് കവര്‍ച്ചാ നാടകം നടത്തിയത്. മോഷണം അഭിനയിക്കാന്‍ 90,000 രൂപയാണ് റഹീസ് സംഘാംഗങ്ങളായ ജംഷീദ്, സാജിദ് എന്നിവര്‍ക്കു നല്‍കിയെന്നും അന്വേഷണത്തില്‍ കണ്ടെത്തി.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





