മുംബൈ: മഹാരാഷ്ട്രയിലെ മസ്ജിദില്‍ വന്‍ സ്‌ഫോടനം. ബീഡ് ജില്ലയിലെ ആര്‍ദ മസ്‌ല ഗ്രാമത്തില്‍ ഞായറാഴ്ച പുലര്‍ച്ചയാണ് സംഭവം. (Blast at mosque in Maharashtra’s Beed) സ്‌ഫോടനത്തില്‍ പള്ളിക്കകം തകര്‍ന്നു. ആര്‍ക്കും പരിക്കില്ല. സംഭവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് പിടികൂടി. വിജയ് രാമ ഗവാനെ(22), ശ്രീറാം അശോക് സാഗ്‌ദെ(24) എന്നിവരാണ് അറസ്റ്റിലായത്.
|
സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. വന്‍ പൊലീസ് സംഘത്തെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.
ഒരാള്‍ പള്ളിയുടെ പിന്നിലൂടെ പ്രവേശിച്ച് ജലാറ്റിന്‍ സ്റ്റിക്കുകള്‍ സ്ഥാപിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. സ്‌ഫോടനത്തിന് പിന്നാലെ ഗ്രാമത്തലവന്‍ പുലര്‍ച്ച നാലോടെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
Maharashtra: A suspicious explosion near a mosque in Beed’s Ardhmasla village damaged walls and floor. Gelatin sticks were found, and two people were detained. Police urged the public to remain calm pic.twitter.com/G6SmNtvJnf
— IANS (@ians_india) March 30, 2025
ഉടന്‍ തന്നെ ബീഡ് എസ്പി നവനീത് കന്‍വാത്തടക്കമുള്ള ഉന്നത പൊലീസ് സംഘം പ്രദേശത്തെത്തി. ബോംബ് സ്‌ക്വാഡും ഫോറന്‍സിക് സംഘവും സ്ഥലത്ത് എത്തിയിട്ടുണ്ട്.
സംഭവത്തിന് പിന്നിലുള്ളവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും ക്രമസമാധാനം നിലനിര്‍ത്താന്‍ സഹകരിക്കണമെന്നും നവ്‌നീത് കാന്‍വത്ത് ആവശ്യപ്പെട്ടു.
ഗ്രാമത്തില്‍ ശനിയാഴ്ച്ച രാത്രി നടന്ന ഉല്‍സവ ചടങ്ങിനിടെ രണ്ട് സംഘങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നതായി പ്രദേശവാസികള്‍ പറഞ്ഞു. ഗ്രാമത്തില്‍ പരമ്പരാഗതമായി ജനങ്ങള്‍ ഒരുമിച്ചാണ് ആഘോഷങ്ങള്‍ കൊണ്ടാടാറുള്ളത്.
ഗുഡി പദ്വ ആഘോഷത്തിന് ഹിന്ദുമത വിശ്വാസികള്‍ മസ്ജിദിന് സമീപമുള്ള ഹസ്രത്ത് സയ്യദ് ബാദ്ഷാ ദര്‍ഗ സന്ദര്‍ശിക്കാറുണ്ട്. ഞായറാഴ്ച്ച ഗുഡി പദ്വയും പെരുന്നാള്‍ ആഘോഷവും ഒരുമിച്ച് ആഘോഷിക്കാനിരിക്കേയാണ് പ്രതികള്‍ മസ്ജിദില്‍ സ്‌ഫോടനം നടത്തിയത്.
നാട്ടില്‍ നിലനില്‍ക്കുന്ന സൗഹാര്‍ദ്ദം തകര്‍ക്കാനുള്ള മനപൂര്‍വ്വമായ ശ്രമമാണ് സ്‌ഫോടനത്തിന് പിന്നിലെന്നാണ് കരുതുന്നത്. ഇത് തിരിച്ചറിഞ്ഞ ഗ്രാമവാസികള്‍ പെട്ടെന്ന് തന്നെ സമാധാന അന്തരീക്ഷം സ്ഥാപിക്കുകയും പള്ളിയുടെ തകര്‍ന്ന ഭാഗങ്ങള്‍ റിപ്പയര്‍ ചെയ്യാന്‍ തീരുമാനിക്കുകയും ചെയ്തു.





