16
Apr 2025
Mon
16 Apr 2025 Mon
wild elephant attack palakkad mundur

മുണ്ടൂര്‍ (പാലക്കാട്): പാലക്കാട്ടെ മുണ്ടൂരില്‍ യുവാവ് കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഇന്ന് സിപിഎം ഹര്‍ത്താല്‍. (Wild elephant attack in Palakkad Mundur; Hartal today) മുണ്ടൂര്‍ പഞ്ചായത്തില്‍ തിങ്കളാഴ്ച ഉച്ചവരെയാണ് സിപിഎം ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. ബിജെപിയുടെ നേതൃത്വത്തില്‍ ഡിഎഫ്ഒ ഓഫീസ് മാര്‍ച്ചും നടത്തും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മുണ്ടൂരിലും പരിസര പ്രദേശങ്ങളിലും കഴിഞ്ഞ ഒരാഴ്ചയായി നിലയുറപ്പിച്ചിരിക്കുകയാണ് കാട്ടാനകള്‍. ഇതേ കാട്ടാനക്കൂട്ടത്തിന് മുന്നിലാണ് അലനും അമ്മ വിജിയും ഇന്നലെ പെട്ടത്.

ഞായറാഴ്ച്ച രാത്രി എട്ടോടെയാണ് വീട്ടിലേക്കു നടന്നു പോകുകയായിരുന്ന അമ്മയ്ക്കും മകനും നേരെ കാട്ടാനാക്രമണമുണ്ടായത്. കയറംകോടം കണ്ണാടന്‍ച്ചോല അത്താണിപ്പറമ്പില്‍ കണ്ണാടന്‍ച്ചോല കുളത്തിങ്കല്‍ ജോസഫ് മാത്യുവിന്റെ മകന്‍ അലന്‍ ജോസഫ്(23) ആണ് മരിച്ചത്. അലന്റെ അമ്മ വിജിക്ക് (46) ഗുരുതരമായി പരുക്കേറ്റു. ഇവരെ ആദ്യം ജില്ലാ ആശുപത്രിയിലും പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ദുരന്തം വീട്ടില്‍ നിന്ന് 50 മീറ്റര്‍ അകലെ
പുതുപ്പരിയാരത്തുള്ള ബന്ധു വീട്ടില്‍ പോയി വരികയായിരുന്നു ഇരുവരും. വരുന്ന വഴി പ്രദേശത്തെ കടയില്‍ നിന്ന് പാല്‍ ഉള്‍പ്പെടെയുള്ള സാധനങ്ങളും വാങ്ങി. വീട് എത്തുന്നതിന്റെ 50 മീറ്റര്‍ മുന്‍പാണ് ദുരന്തം. മുന്നില്‍പെട്ട അലനെ ആന തുമ്പിക്കൈകൊണ്ട് തട്ടി കാല്‍കൊണ്ട് തൊഴിച്ചു. പിന്നാലെയുണ്ടായിരുന്ന അമ്മയെയും ആനക്കൂട്ടം ആക്രമിച്ചു.

ALSO READ: യുപിയില്‍ വഖ്ഫ് ഭേദഗതി ബില്ലിനെതിരേ പ്രതിഷേധിച്ച മുസ് ലിംകളോട് രണ്ടുലക്ഷം രൂപ വീതം കെട്ടിവയ്ക്കാന്‍ നിര്‍ദേശം

പരിക്കേറ്റ വിജി കയ്യിലുണ്ടായിരുന്ന ഫോണില്‍ വിവരമറിയിച്ചതോടെയാണ് നാട്ടുകാരെത്തിയത്. ആശുപത്രിയിലേക്കെത്തും മുമ്പെ ഗുരുതര പരിക്കേറ്റ് രക്തത്തില്‍ കുളിച്ച അലന്‍ മരിച്ചിരുന്നു. തോളെല്ലിനും ശരീരത്തിന്റെ വലതുഭാഗത്തും പരിക്കേറ്റ വിജി തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ തുടരുകയാണ്.

സംഭവം നടന്നയുടന്‍ ആനയുടെ ചിന്നം വിളി കേട്ടതായി നാട്ടുകാര്‍ പറഞ്ഞു. പരിസരവാസികളാണ് ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചത്.

കൊല്ലത്ത് സ്വകാര്യ സ്ഥാപനത്തില്‍ ജോലിചെയ്യുന്ന അലന്‍, ഞായറാഴ്ചയാണ് നാട്ടിലെത്തിയത്. സഹോദരി: ആന്‍മേരി.

നഷ്ടപരിഹാരം നല്‍കുമെന്ന് മന്ത്രി
അതേസമയം അലന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുമെന്ന് വനംമന്ത്രി എകെ ശശീന്ദ്രന്‍ പറഞ്ഞു. സംഭവത്തില്‍ ശക്തമായ പ്രതിരോധ നടപടികള്‍ സ്വീകരിക്കാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനും ജില്ലാ കലക്ടര്‍ക്കും മന്ത്രി നിര്‍ദേശം നല്‍കി. പ്രദേശത്ത് നിലയുറപ്പിച്ച കാട്ടാനകളെ ഉള്‍ക്കാട്ടിലേക്ക് തുരത്താന്‍ കൂടുതല്‍ ആ4ആ4ടി അംഗങ്ങളെ നിയോഗിക്കുമെന്നും മന്ത്രി പറഞ്ഞു.