18
Apr 2025
Wed
18 Apr 2025 Wed
Who is instructing Kerala Police to crack down on Waqf protests?

മസ്ഹര്‍ എഴുതുന്നു

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വഖഫ് പ്രതിഷേധങ്ങളെ തല്ലിച്ചതയ്ക്കാന്‍ കേരള പോലിസിന് ആരാണ് നിര്‍ദേശം നല്‍കുന്നത് എന്ന് അറിയാന്‍ ജനാധിപത്യ വിശ്വാസികള്‍ക്ക് അവകാശമുണ്ട്. ഇന്ത്യന്‍ മുസ് ലിംകളെ അപരവല്‍ക്കരിക്കുന്നതിന് സംഘപരിവാരം ഭരണഘടനാ വിരുദ്ധമായി നടപ്പാക്കിയ വഖഫ് ഭേദഗതി ബില്ലിനെതിരേ പ്രതിഷേധിക്കുകയല്ലാതെ മറ്റു വഴികളില്ലാത്ത മുസ് ലിം യൗവനത്തെ കേരളത്തിലെ പിണറായി സര്‍ക്കാര്‍ ലാത്തികൊണ്ടും ഗ്രനേഡും കൊണ്ടും നേരിടാനാണ് തീരുമാനമെങ്കില്‍ ലോക സഭയിലെ രാധാകൃഷ്ണന്റെ പ്രസംഗവും രാജ്യസഭയിലെ ബ്രിട്ടാസിന്റെ പ്രസംഗവും സി പി ഐ എമ്മിന്റെ പാര്‍ലമെന്റെറി നിലപാടും കാപട്യമാണെന്ന് വിലയിരുത്തേണ്ടി വരും. പാര്‍ട്ടി കോണ്‍ഗ്രസിലെ കഫിയ ധരിച്ച പലസ്തീന്‍ ഐക്യപ്പെടല്‍ പോലും സംശയത്തിന്റെ നിഴലിലാകും.

എം.കെ സ്റ്റാലിനെ പോലെയോ മമതാ ബാനര്‍ജിയെ പോലെയോ വഖഫ് ഭേദഗതി സംസ്ഥാനത്ത് നടപ്പിലാക്കില്ലെന്ന് പറയാനുള്ള രാഷ്ട്രീയ ഇച്ഛാശക്തിയും തന്റേടവും ഇല്ലെങ്കിലും ന്യൂനപക്ഷങ്ങളുടെ ജീവന്‍ മരണ പോരാട്ടത്തെ തല്ലിയൊതുക്കാനാണ് ഇടതുപക്ഷ പോലിസിന്റെ ഭാവമെങ്കില്‍ മുസ്ലിംകളിലെ വലിയൊരു വിഭാഗം പിണറായി സര്‍ക്കാറിനെതിരെ പറയുന്ന ആക്ഷേപങ്ങള്‍ ശരിവെക്കുന്നതായി വിലയിരുത്തപ്പെടും. ഇന്നത്തെ പത്രസമ്മേളനത്തില്‍ മുസ്ലിംകള മൊത്തത്തില്‍ സംഘപരിവാരം വേട്ടയാടു മ്പോള്‍ സൂക്ഷിച്ചു സംസാരിക്കണമെന്ന് വെള്ളാപ്പള്ളിക്ക് ഉപദേശം നല്‍കിയ പിണറായി വിജയന്‍ അതേ ഉപദേശം കേരളം പോലിസിന് കൂടി കൊടുക്കണം.

കേന്ദ്രത്തിലെ ബി.ജെ പി സര്‍ക്കാറിന് വിടുപണി ചെയ്യുന്നവരെ ആഭ്യന്തരവകുപ്പില്‍ നിയമിപ്പിച്ചിട്ടുണ്ടെങ്കില്‍ അത് എന്തിന്റെ പേരിലായാലും അവരെ ഉടനെ പിരിച്ചു വിടുന്നതാണ് നല്ലത്. എന്‍ ആര്‍ സി ക്കെതിരെ ഘോരഘോരം പ്രസംഗിക്കുകയും നിലപാടു പറയുകയും ചെയ്യുന്ന പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനത്ത് പൗരത്വ സമരക്കാരെ കേസില്‍ കുടുക്കിയ ഇരട്ടത്താപ്പ് നയം തുടരാനാണ് കേരള പോലിസിന് നിര്‍ദേശമെങ്കില്‍ ഇപ്പോള്‍ സോളിഡാരിറ്റി നടത്തിയത് വരാനിരിക്കുന്ന സമരങ്ങളുടെ തുടക്കം മാത്രമാണ്. മുസ്ലിം ന്യൂനപക്ഷത്തിലെ മറ്റെല്ലാ വിഭാഗങ്ങളും തുടര്‍ ദിവസങ്ങളില്‍ പ്രതിഷേധങ്ങളുമായി തെരുവില്‍ വരുമ്പോള്‍ ഇതേ അടിച്ചമര്‍ത്തല്‍ നയം തുടരാനാണ് ഭാവമെങ്കല്‍ വിനാശകാലേ വിപരീത ബുദ്ധി എന്നേ പറയാനാകൂ.

ശരിയായ ഇടതുപക്ഷമാകാനാകുന്നില്ലെങ്കില്‍ സ്വയം ഇടതുപക്ഷമെന്ന് പറയുന്നത് നിര്‍ത്തണം. വഖഫ് ജീവന്‍ മരണ പോരാട്ടമാണ്,അത് മുസ് ലിം ന്യൂനപക്ഷത്തിന് മുന്നോട്ടു കോണ്ടു പോയേ മതിയാകൂ. ശരിക്കും ഒപ്പം നില്‍ക്കുന്നതാരാണെന്ന് കേരളം വരും ദിവസങ്ങളില്‍ അറിയാനിരിക്കുന്നതേയുള്ളൂ.