മുംബൈ: 26/11 മുംബൈ ഭീകരാക്രമണത്തിന് 16 വർഷങ്ങൾക്ക് ശേഷം മുഖ്യ ഗൂഢാലോചനക്കാരിൽ ഒരാളായി കരുതുന്ന തഹാവൂർ റാണയെ ഒടുവിൽ വിചാരണ നേരിടുന്നതിനായി യുഎസിൽ നിന്ന് ഇന്ത്യയിലേക്ക് നാടുകടത്തി. വ്യാഴാഴ്ച വൈകുന്നേരം 6 മണിക്ക് ശേഷം ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര (ഐജിഐ) വിമാനത്താവളത്തിൽ കനത്ത സുരക്ഷയിൽ റാണയെ വഹിച്ചുകൊണ്ടുള്ള വിമാനം ഇറങ്ങി. മറ്റൊരു ഗൂഢാലോചനക്കാരൻ ഡേവിഡ് കോൾമാൻ ഹെഡ്‌ലിയുടെ കൂട്ടാളിയായ റാണയെ വിമാനത്താവളത്തിലെ നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ഉടൻ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ഔദ്യോഗികമായി അറസ്റ്റ് രേഖപ്പെടുത്തി. വിമാനത്താവളത്തിൽ വെച്ച് തന്നെ അദ്ദേഹത്തിന്റെ വൈദ്യപരിശോധനയും നടത്തി.
|
രാത്രി 10 മണിയോടെ അദ്ദേഹത്തെ പട്യാല ഹൗസ് കോടതിയിലേക്ക് കൊണ്ടുപോയി. അവിടെ അഡീഷണൽ സെഷൻസ് ജഡ്ജി ചന്ദർ ജിത് സിങ്ങിന് മുന്നിൽ ഹാജരാക്കി. എൻഐഎ 20 ദിവസത്തെ കസ്റ്റഡി ആണ് ആവശ്യപ്പെട്ടത്. എന്നാല് ഡൽഹി കോടതി 18 ദിവസത്തെക്ക് എൻഐഎ കസ്റ്റഡിയിൽ വിട്ടു. കേസിൽ ഉത്തരവ് മാറ്റിവെച്ച കോടതി ഇന്ന് പുലർച്ചെ 1 മണി വരെ തീരുമാനം പരസ്യമാക്കിയിരുന്നില്ല. പുലർച്ചെ 2.10 ഓടെ എൻഐഎ വക്താവ് പറഞ്ഞു, ഔപചാരിക അറസ്റ്റിനുശേഷം റാണയെ എൻഐഎ പട്യാല ഹൗസിലെ എൻഐഎ പ്രത്യേക കോടതിയിൽ ഹാജരാക്കി. 18 ദിവസം റാണ എൻഐഎ കസ്റ്റഡിയിൽ തുടരും. ഈ സമയത്ത് ഏജൻസി അദ്ദേഹത്തെ വിശദമായി ചോദ്യം ചെയ്യും എൻഐഎ വക്താവ് പറഞ്ഞു.
റാണയെ പാര്‍പ്പിക്കാനായി ഡല്‍ഹിയിലെ തിഹാര്‍ ജയില്‍, മുംബൈയിലെ ആര്‍തര്‍ റോഡ് സെന്‍ട്രല്‍ ജയില്‍ എന്നിവിടങ്ങളില്‍ കനത്ത സുരക്ഷാ സംവിധാനമൊരുക്കി. ജയില്‍ വിഭാഗത്തിന് പുറമെ കേന്ദ്രസേനയുടെ പ്രത്യേക സുരക്ഷാ ക്രമീകരണമാണ് ഇരു ജയിലുകള്‍ക്കും ഏര്‍പ്പെടുത്തിയിട്ടുള്ളത്. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ സുരക്ഷാ ചുമതലയില്‍ നേരിട്ടുണ്ടാകുമെന്നാണ് അറിയുന്നത്.
ഡല്‍ഹിയില്‍ എന്‍.ഐ.എ ആസ്ഥാനത്ത് ചോദ്യം ചെയ്ത ശേഷം റാണയെ തിഹാര്‍ ജയിലില്‍ പാര്‍പ്പിക്കാനാണ് സാധ്യതയെന്ന് അറിയുന്നു. ഇതിനായി തിഹാര്‍ ജയിലില്‍ കനത്ത സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. അതിസുരക്ഷയോടെ പ്രത്യേക സെല്ലില്‍ പാര്‍പ്പിക്കാനാണ് എന്‍.ഐ.എ ആലോചിക്കുന്നത്. അതേസമയം, മുംബൈ ക്രൈം ബ്രാഞ്ചിന് കസ്റ്റഡി അനുവദിച്ചാല്‍ റാണയെ ആര്‍തര്‍ റോഡ് സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയേക്കും. ഇവിടെ മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യപ്രതി അജ്മല്‍ കസബിനെ പാര്‍പ്പിച്ച 12ാം നമ്പര്‍ തടവറയില്‍ റാണയെയും പാര്‍പ്പിച്ചേക്കും.
India’s 16-year wait ends: 26/11 conspirator Tahawwur Rana flown to Delhi





