പട്ന: നിയമസഭാതെരഞ്ഞെടുപ്പ് അടുത്തിരിക്കേ ബിഹാറില്‍ എന്‍ഡിഎയില്‍ പിളര്‍പ്പ്. മുന്‍ കേന്ദ്രമന്ത്രി പശുപതി കുമാര്‍ പരസ് നയിക്കുന്ന രാഷ്ട്രീയ ലോക് ജനശക്തി പാര്‍ടി (ആര്‍എല്‍ജെപി) എന്‍ഡിഎ മുന്നണിവിട്ടു. (NDA collapses in Bihar; RLJP leaves the front )
|
ബി ആര്‍ അംബേദ്കറുടെ ജന്മവാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങിലാണ് അദ്ദേഹം ഇക്കാര്യം പ്രഖ്യാപിച്ചത്. രാം വിലാസ് പാസ്വാനെ ‘രണ്ടാം അംബേദ്കര്‍’ എന്ന് വിശേഷിപ്പിച്ചുകൊണ്ട് അദ്ദേഹത്തിന് ഭാരതരത്‌നം നല്‍കണമെന്ന ആവശ്യവും അദ്ദേഹം ഉന്നയിച്ചു.
‘2014 മുതല്‍ ഞാന്‍ എന്‍ഡിഎയില്‍ ഉണ്ട്. ഇനി മുതല്‍ എന്റെ പാര്‍ടിയ്ക്ക് എന്‍ഡിഎയുമായി ഒരു ബന്ധവുമില്ലെന്ന് ഇന്ന് ഞാന്‍ പ്രഖ്യാപിക്കുന്നു,’ പരസ് പറഞ്ഞു.
ജെഡിയു നേതാവും നിലവിലെ ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ്‌കുമാര്‍ ഒരു ‘ദളിത് വിരുദ്ധന്‍’ ആണെന്നും ബീഹാര്‍ ഒരു പുതിയ സര്‍ക്കാരിനെ തെരഞ്ഞെടുക്കാന്‍ ആഗ്രഹിക്കുന്നു എന്നും പരസ് പറഞ്ഞു. ‘നിതീഷ് കുമാറിന്റെ 20 വര്‍ഷത്തെ ഭരണത്തില്‍, സംസ്ഥാനത്ത് വിദ്യാഭ്യാസ സമ്പ്രദായം തകര്‍ന്നു, പുതിയ വ്യവസായങ്ങളൊന്നും ആരംഭിച്ചിട്ടില്ല, എല്ലാ ക്ഷേമ പദ്ധതികളുടെയും നടത്തിപ്പില്‍ വ്യാപകമായ അഴിമതിയാണ്,’ പശുപതി കുമാര്‍ പരസ് വ്യക്തമാക്കി.
സംസ്ഥാന രാഷ്ട്രീയത്തില്‍ ആര്‍എല്‍ജെപിയെ കിങ്‌മേക്കറാക്കുകയാണ് പരസിന്റെ നീക്കത്തിന് പിന്നില്‍. ബിഹാറിലെ 243 നിയമസഭാ സീറ്റുകളിലും തന്റെ പാര്‍ടി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
ആര്‍എല്‍ജെപി എന്‍ഡിഎയുടെ വിശ്വസ്ത സഖ്യകക്ഷികളില്‍ ഒന്നായിരുന്നുവെന്നും എന്നാല്‍ ‘അനീതി’യാണ് എന്‍ഡിഎയില്‍ നിന്ന് പാര്‍ടിയ്ക്ക് ഏറ്റുവാങ്ങേണ്ടി വന്നതെന്നും പരസ് പറഞ്ഞു. ആര്‍എല്‍ജെപി ഒരു ദളിത് പാര്‍ടിയായതിനാല്‍ ലോക്സഭാ തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ എന്‍ഡിഎ അനീതി കാണിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ബീഹാറില്‍ അടുത്തിടെ നടന്ന യോഗങ്ങളില്‍ എന്‍ഡിഎ അംഗങ്ങള്‍ ആര്‍എല്‍ജെപിയെ അവഗണിച്ചിരുന്നു. ബീഹാറില്‍ എന്‍ഡിഎ യോഗങ്ങളിലെല്ലാം, ബിജെപി സംസ്ഥാന മേധാവിയും ജെഡിയു സംസ്ഥാന മേധാവിയും ബോധപൂര്‍വം ആര്‍എല്‍ജെപിയെ അവഗണിച്ചതായും പരാതി ഉയര്‍ന്നിരുന്നു.





